Advertisement
national news
താറാവുകള്‍ ജലം ശുദ്ധീകരിക്കും, ജലാശയങ്ങളിലെ ഓക്‌സിജന്‍ അളവു വര്‍ദ്ധിപ്പിക്കും; 'കണ്ടുപിടിത്ത'വുമായി വീണ്ടും ബിപ്ലബ് ദേബ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Aug 28, 12:57 pm
Tuesday, 28th August 2018, 6:27 pm

അഗര്‍ത്തല: ത്രിപുരയിലെ ഗ്രാമീണ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താനായി ഗ്രാമവാസികള്‍ക്കെല്ലാം താറാവുകളെ വിതരണം ചെയ്യാന്‍ താന്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. താറാവു വളര്‍ത്തല്‍ വഴി ലഭിക്കുന്ന വരുമാനത്തിലുപരി, മറ്റു പല തരത്തിലുള്ള നേട്ടങ്ങളും ഇതിനാലുണ്ടാകുമെന്ന് ബിപ്ലബ് ദേബ് പറയുന്നു. താറാവുകള്‍ ജലം ശുദ്ധീകരിക്കുമെന്നും, അവ നീന്തുമ്പോള്‍ ജലാശയങ്ങളിലെ ഓക്‌സിജന്റെ അളവ് വര്‍ദ്ധിക്കുമെന്നും മുഖ്യമന്ത്രി പൊതു പരിപാടിയില്‍ സംസാരിക്കവേ പറഞ്ഞു.

രുദ്രസാഗര്‍ തടാകത്തോടു ചേര്‍ന്നു ജീവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ആദ്യഘട്ടത്തില്‍ 50,000 താറാവുകളെ വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ടൂറിസം മേഖലകളായ ജലാശയങ്ങളിലെല്ലാം താറാവുകളെയെത്തിക്കും. ഗ്രാമീണ സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതോടൊപ്പം, വിദേശസഞ്ചാരികളെയാകര്‍ഷിക്കുന്നതിനായി പ്രകൃതിഭംഗി വര്‍ദ്ധിപ്പിക്കാനും ഇതിനാല്‍ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

“താറാവുകള്‍ നീന്തുമ്പോള്‍ ജലാശയങ്ങളില്‍ ഓക്‌സിഡന്റെ അളവു വര്‍ദ്ധിക്കുന്നു. ജലം ശുദ്ധീകരിക്കപ്പെടുന്നു. തീര്‍ത്തും ജൈവികമായ രീതിയില്‍ മത്സ്യകൃഷിയും അഭിവൃദ്ധിപ്പെടും.” ബിപ്ലബ് ദേബ് പറയുന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവന വിടുവായത്തരമാണെന്നും ഇവയ്‌ക്കൊന്നും ശാസ്ത്രീയ അടിത്തറയില്ലെന്നും സംസ്ഥാനത്തെ ശാസ്ത്ര ചിന്തയുടെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കുന്ന ത്രിപുര ജുക്തിബാദ് വികാസ് മഞ്ചയിലെ മിഹിര്‍ ലാല്‍ റോയ് പ്രതികരിച്ചു.

 

Also Read: മാലിദ്വീപിനെ ഇന്ത്യ ആക്രമിച്ച് കീഴ്പ്പെടുത്തണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി; ഇന്ത്യയോട് അതൃപ്തി അറിയിച്ച് മാലദ്വീപ്

 

മൃഗങ്ങളെ ഇടകലര്‍ത്തി വളര്‍ത്തുന്നത് ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണെന്നു പറഞ്ഞ മിഹിര്‍ ലാല്‍ പക്ഷേ, താറാവുകളും ഓക്‌സിജന്‍ അളവും തമ്മിലുള്ള ബന്ധം അടിസ്ഥാനരഹിതമാണെന്നും വിശദീകരിക്കുന്നു.

“എന്തടിസ്ഥാനത്തിലാണ് അദ്ദേഹം ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതെന്ന് വ്യക്തമല്ല. ഒരു മുഖ്യമന്ത്രിയില്‍ നിന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് അടിസ്ഥാനമുള്ള അറിവാണ്. ചലനമുള്ള വെള്ളമാണുള്ളതെങ്കില്‍ ജലാശയങ്ങളില്‍ വായുസഞ്ചാരമുണ്ടാകുമെങ്കിലും, താറാവുകള്‍ നീന്തുന്നതു വഴി അങ്ങനെയെന്തെങ്കിലും സംഭവിക്കുന്നതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.” മിഹിര്‍ ലാല്‍ പറയുന്നു.

 

Also Read: സ്വത്തുക്കള്‍ നഷ്ടമാകുന്നതില്‍ ഭയം; ഇന്ത്യയിലേക്ക് മടങ്ങുന്നുവെന്ന് വിജയ് മല്യ

 

മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ ത്രിപുര പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയിലെ തപസ് ഡേയും രംഗത്തെത്തിയിട്ടുണ്ട്. ആയിരക്കണക്കിനു ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട ഇത്തരത്തിലൊരു രാഷ്ട്രീയ പ്രഖ്യാപനം നടത്തുമ്പോള്‍ ശാസ്ത്രീയമായ അടിത്തറയുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത മുഖ്യമന്ത്രിയ്ക്കുണ്ടെന്നാണ് ഡേയുടെ പക്ഷം.

താറാവു വളര്‍ത്തല്‍ ഗ്രാമീണ സംസ്‌കാരത്തിന്റെ ഭാഗമായിരുന്നെന്നും 25 വര്‍ഷത്തെ സി.പി.ഐ.എം ഭരണമാണ് അതു നശിപ്പിച്ചതെന്നും ബിപ്ലബ് ദേബ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു. മുന്‍പും ഇത്തരം പ്രസ്താവനകള്‍ നടത്തി വാര്‍ത്തയിലിടം നേടിയിട്ടുള്ളയാളാണ് ബിപ്ലബ്.