| Tuesday, 8th December 2020, 11:05 pm

ഞായറാഴ്ച ആ മൈതാനത്തേക്ക് വരൂ, നിങ്ങള്‍ പറഞ്ഞാല്‍ രാജിവെക്കാം; ത്രിപുരയില്‍ ജനങ്ങള്‍ക്കായി ഹിതപരിശോധന സംഘടിപ്പിച്ച് ബിപ്ലബ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഗര്‍ത്തല: ത്രിപുര ബി.ജെ.പിയില്‍ തമ്മിലടി തുടരവെ ‘ഹിതപരിശോധനയ്ക്ക്’ മുഖ്യമന്ത്രി ബിപ്ലബ് ദേബ്. ഡിസംബര്‍ 13 ന് അസ്തബാള്‍ മൈതാനത്ത് ജനങ്ങളോട് ഒത്തുചേരണമെന്നും അവര്‍ ആവശ്യപ്പെട്ടാല്‍ താന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറുമെന്നും ബിപ്ലബ് പറഞ്ഞു.

അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ താല്‍പ്പര്യമില്ലെന്നും ജനങ്ങള്‍ തീരുമാനിക്കുന്ന പ്രകാരം കാര്യങ്ങള്‍ നടക്കുമെന്നും ബിപ്ലബ് പറഞ്ഞു.

‘എന്നെ മാറ്റണമോ എന്ന് ജനങ്ങളില്‍ നിന്നാണ് എനിക്ക് അറിയേണ്ടത്. അടുത്ത ഞായറാഴ്ച ഞാന്‍ അസ്തബാള്‍ മൈതാനത്തേക്ക് പോകും. എല്ലാവരും അവിടെ എത്തണമെന്നും ഞാന്‍ തുടരണോ വേണ്ടയോ എന്ന് പറയണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു’, ബിപ്ലബ് പറഞ്ഞു.

ജനങ്ങളുടെ തീരുമാനം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബിപ്ലബ് കുമാര്‍ ദേബിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു.

ഒക്ടോബറിലും ബിപ്ലബിനെതിരെ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ബിപ്ലബിനെ മാറ്റൂ, ബി.ജെ.പിയെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തി ചില പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.

അതേസമയം പാര്‍ട്ടിക്കുള്ളില്‍ ഭിന്നതയില്ലെന്നാണ് നേതൃത്വത്തിന്റെ വാദം. എല്ലാം ശുഭമായി പോകുന്നുവെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള വിനോദ് സോങ്കര്‍ പറഞ്ഞു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഞായറാഴ്ചയാണ് സോങ്കര്‍ അഗര്‍ത്തലയിലെത്തിയത്. എം.എല്‍.എമാര്‍, എം.പിമാര്‍ ഉന്നത നേതാക്കള്‍ എന്നിവരുമായി സോങ്കര്‍ കൂടിക്കാഴ്ച നടത്തി.

‘ഞങ്ങളുടേത് പ്രവര്‍ത്തകരുടെ പാര്‍ട്ടിയാണ്. അവരുടെ ശബ്ദങ്ങളെ കേള്‍ക്കുക എന്നതാണ് ഞങ്ങളുടെ ചിന്ത’, സോങ്കര്‍ പറഞ്ഞു.

നേരത്തെ ബിപ്ലബ് രാജിവെക്കണമെന്ന ആവശ്യവുമായി ഏഴ് ബി.ജെ.പി എം.എല്‍.എമാര്‍ രംഗത്തെത്തിയിരുന്നു. ഏകാധിപത്യ ഭരണമാണ് ബിപ്ലബ് നടത്തുന്നതെന്നും പരിചയ സമ്പത്തും ജനസമ്മതിയുമില്ലാത്ത മുഖ്യമന്ത്രിയെ മാറ്റണമെന്നുമാണ് എം.എല്‍.എമാരുടെ ആവശ്യം.

എം.എല്‍.എ സുധീപ് റോയ് ബര്‍മന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബിപ്ലബിനെതിരായ നീക്കത്തിന് പിന്നില്‍. മൂന്ന് എം.എല്‍.എമാര്‍ കൂടി തങ്ങളെ പിന്തുണക്കുന്നുണ്ടെന്നാണ് ഇവരുടെ അവകാശവാദം. നിലവില്‍ 60 അംഗ നിയമസഭയില്‍ 36 എം.എല്‍.എമാരാണ് ബി.ജെ.പിക്കുള്ളത്.

ആശിഷ് ഷാ, ആശിഷ് ദാസ്, ദിവ ചന്ദ്ര, ബര്‍ബ് മോഹന്‍, പരിമല്‍ ദേബ് ബര്‍മ്മ, രാം പ്രസാദ് പാല്‍, സുദീപ് റോയ് ബര്‍മന്‍ എന്നിവരാണ് ഡല്‍ഹിയിലെത്തിയത്. സുശാന്ത ചൗധരി, ബീരേന്ദ്ര കിഷോര്‍ ദേബ് ബര്‍മ്മന്‍, ബിപ്ലബ് ഘോഷ് എന്നിവരുടെ പിന്തുണയും എം.എല്‍.എമാര്‍ അവകാശപ്പെടുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Biplab Deb asks people of Tripura to decide on Dec 13 if he should go

We use cookies to give you the best possible experience. Learn more