| Wednesday, 8th December 2021, 4:23 pm

ഓടിച്ചെന്നപ്പോള്‍ ഹെലികോപ്റ്ററിനുള്ളില്‍ ആളുകള്‍ നിന്നുകത്തുന്നത് കണ്ടു, ഭയപ്പെട്ടുപോയി; അപകടത്തെ കുറിച്ച് ദൃക്‌സാക്ഷി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഊട്ടി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ ഹെലികോപ്റ്റര്‍ അപകടം നേരിട്ട് കണ്ടതിന്റെ ഭീകരത വിവരിച്ച് ദൃക്‌സാക്ഷി. സമീപവാസിയായ കൃഷ്ണസ്വാമിയാണ് സംഭവത്തെ കുറിച്ച് വിശദീകരിച്ചത്. വലിയ ശബ്ദവും തീയും ഉയരുന്നത് കണ്ട് ഓടിപ്പോയ താന്‍ കണ്ടത് ആളുകള്‍ നിന്ന് കത്തുന്നതാണെന്നും ആ കാഴ്ച കണ്ട് ഭയപ്പെട്ടുപോയെന്നും അദ്ദേഹം പറഞ്ഞു.

‘വലിയ ശബ്ദവും തീയുമാണ് ആദ്യം കണ്ടത്. എന്താണ് സംഭവിച്ചതെന്ന് പെട്ടെന്ന് മനസിലായില്ല. അടുത്ത നില്‍ക്കുന്ന പയ്യനോട് എന്താണ് സംഭവിച്ചതെന്ന് ചോദിച്ച് ഞങ്ങള്‍ ഓടിപ്പോയി. ഉടന്‍ തന്നെ അവന്‍ പൊലീസിന് ഫോണ്‍ ചെയ്തു. ഞാന്‍ നോക്കുമ്പോള്‍ മൂന്ന് നാല് ആളുകള്‍ നിന്നുകത്തുന്നതാണ് കണ്ടത്. ബാക്കിയുള്ളവര്‍ കത്തിക്കരിഞ്ഞുപോയിട്ടുണ്ടായിരുന്നു. ഭയപ്പെട്ടുപോയി,’ അദ്ദേഹം പറഞ്ഞു.

ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതിന് പിന്നാലെ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. അതിന് ശേഷമാണ് ഊട്ടി പൊലീസും സൈന്യവും സ്ഥലത്തെത്തുന്നത്. അതേസമയം ബിപിന്‍ റാവത്തിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപകടത്തില്‍ 11 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക മരിച്ചതായാണ് സൂചന. മൃതദേഹങ്ങള്‍ വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്.

ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ. ഗുര്‍സേവക് സിങ്, എന്‍.കെ. ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക്, വിവേക് കുമാര്‍, ലാന്‍സ് നായിക് ബി. സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് അപകടത്തില്‍ പെട്ട ഹെലിക്കോപ്റ്റലുണ്ടായിരുന്നത്.

സുലൂരില്‍ നിന്ന് വെല്ലിംഗ്ടണിലേക്ക് പോകവെയായിരുന്നു അപകടം. വ്യോമസേനയുടെ M17V5 ഹെലികോപ്റ്ററാണ് തകര്‍ന്നത്.

അതേസമയം കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ വീട്ടിലെത്തിയിട്ടുണ്ട്. വീട് സന്ദര്‍ശിച്ച ശേഷം അദ്ദേഹം മടങ്ങിപ്പോയതായാണ് റിപ്പോര്‍ട്ട്. അപകടത്തെക്കുറിച്ച് രാജ്നാഥ് സിംഗ് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more