| Monday, 30th December 2019, 2:46 pm

രാജ്യത്തെ ആദ്യ സംയുക്ത സൈന്യാധിപനായി ബിപിന്‍ റാവത്ത്; നിയമനം പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ തള്ളിപ്പറഞ്ഞ് ദിവസങ്ങള്‍ക്കകം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പുതുതായി രൂപം നല്‍കിയ സംയുക്ത സൈന്യാധിപന്‍ (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്-സി.ഡി.എസ്) പദവി പ്രതീക്ഷിച്ചതുപോലെ കരസേനാ മേധാവി ബിപിന്‍ റാവത്തിന്. നാളെ വിരമിക്കാനിരിക്കുന്ന റാവത്തിനാകും രാജ്യത്ത് ആദ്യമായി ഈ പദവി ലഭിക്കുകയെന്നു നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇന്നു പുറത്തിറക്കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സി.ഡി.എസിന്റെ പ്രായപരിധിയും കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. 65 വയസ്സാണു പരിധി. ഇതനുസരിച്ച് 1954-ലെ നിയമങ്ങള്‍ കേന്ദ്രം ഭേദഗതി ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രതിരോധ മന്ത്രിയുടെ മുഖ്യ സൈനിക ഉപദേഷ്ടാവെന്ന പദവിയാണ് ഇതുവഴി റാവത്തിനു ലഭിക്കുന്നത്. അതേസമയം, കര, വ്യോമ, നാവിക സേനകള്‍ക്കു മേലുള്ള കമാന്‍ഡിങ് പവര്‍ സി.ഡി.എസിനു സാങ്കേതികമായി ഉണ്ടായിരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യത്ത് നടക്കുന്നത് വഴിതെറ്റിയ സമരമാണെന്നും ഇത്തരത്തില്‍ സമരം നടത്തുന്നവരെ നേതൃത്വം എന്ന് വിളിക്കാന്‍ കഴിയില്ലെന്നും കഴിഞ്ഞ ദിവസം ബിപിന്‍ റാവത്ത് പറഞ്ഞിരുന്നു.

‘തെറ്റായ ദിശയിലേക്കു ജനങ്ങളെ നയിക്കുന്നവരല്ല നേതാക്കള്‍. പല സര്‍വകലാശാലകളിലും കോളേജുകളിലും വിദ്യാര്‍ഥികള്‍ ആള്‍ക്കൂട്ടങ്ങളെ നയിച്ചുകൊണ്ട് അക്രമം നടത്തുന്നതാണു നമ്മള്‍ കാണുന്നത്. ഇതിനെ നേതൃത്വം എന്നു കരുതാനാവില്ല.’- അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more