[] പ്രകൃതിയെ സംരക്ഷിക്കാന്‍ സാക്ഷാല്‍ മമ്മൂക്ക മുന്നിട്ടിറങ്ങിയതോടെ മൈ ട്രീ ചലഞ്ച് ആവേശത്തോടെ കൊണ്ടാടുകയായിരുന്നു മലയാളികള്‍. മരങ്ങള്‍ നടാനുള്ള മെഗാസ്റ്റാറിന്റെ വെല്ലുവിളി ഏറ്റെടുത്ത തമിഴകത്തെ സൂപ്പര്‍ താരങ്ങള്‍ക്ക് പിന്നാലെ ബോളിവുഡും ചലഞ്ചിന്റെ ഭാഗമായിക്കഴിഞ്ഞു.
പ്രമുഖ ബോളിവുഡ് താരം ബിപാഷ ബസുവാണ് മൈ ട്രീ ചാലഞ്ചിലൂടെ മരം നട്ടത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ആലപ്പുഴയിലെത്തിയ താരം കേരളത്തില്‍ വൈറലായ ചാലഞ്ചിനെ കുറിച്ച് അറിഞ്ഞതോടെ ചലഞ്ചില്‍ പങ്കുചേരാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.
ഷൂട്ടിങ് ലൊക്കേഷനില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് ബിപാഷ ബസു മരം നട്ടത്. മൈ ട്രീ ചലഞ്ചിന്റെ ഭാഗമായ ശേഷം സൂപ്പര്‍ താരം മോഹന്‍ലാലിനെയും ഹൃത്വിക് റോഷനെയുമാണ് ബിപ്‌സ് വെല്ലുവിളിച്ചത്. കൊല്‍ക്കത്ത ഭാരതീയ വിദ്യാലയത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ചലഞ്ച് ചെയ്യാനും താരം മറന്നില്ല.
മരങ്ങള്‍ വെട്ടിമുറിച്ച് കോണ്‍ക്രീറ്റ് കാടുകളായി മാറുന്ന സമൂഹത്തില്‍ മൈ ട്രീ ചലഞ്ചിന്റെ പ്രസക്തി ചെറുതല്ല. പ്രകൃതിയെ പരിരക്ഷിക്കാനായുള്ള ഈ വെല്ലുവിളി ഏറ്റെടുത്ത് മലയാളത്തിലെയും തമിഴ്‌നാട്ടിലെയും താരങ്ങള്‍ മരങ്ങള്‍ നട്ടു കഴിഞ്ഞു.
ഈസ്റ്റ് സോഫ്റ്റ് ടെക്‌നോളജിയുടെ സി.ഇ.ഒ അബ്ദുല്‍ മനാഫ്, ഫോട്ടോഗ്രാഫര്‍ ഇംതിയാസ് കബീര്‍ എന്നിവരാണ് മൈ ട്രീ ചലഞ്ച് എന്ന ആശയത്തിനു പിന്നില്‍. പ്രകൃതിസംരക്ഷണത്തിനായി മുന്നിട്ടിറങ്ങിയ മൈട്രീ ചലഞ്ചിന്റെ ബ്രാന്‍ഡ് അംബാസഡറാണ് മമ്മൂട്ടി.