തന്റെ സംഗീതം കൊണ്ട് പ്രേക്ഷകരെ കീഴടക്കിയ സംഗീതജ്ഞന്‍ ഇസൈജ്ഞാനി ഇളയരാജയുടെ ജീവിതം സിനിമയാകുന്നു. ദേശീയ അവാര്‍ഡ് ജേതാവ് ധനുഷാണ് ഇളയരാജയായി വേഷമിടുന്നത്. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് കമല്‍ ഹാസന്‍ നിര്‍വഹിച്ചു. തേനിയിലെ ഒരു സാധാരണ ഗ്രാമത്തില്‍ ജനിച്ച് 70കളില്‍ മദ്രാസിലെത്തിയ രാജ പിന്നീട് തമിഴ് സിനിമാസംഗീതത്തില്‍ പടര്‍ന്നുപന്തലിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്.
47 വര്‍ഷത്തെ സിനിമാ കരിയറില്‍ അഞ്ച് ഭാഷകളിലായി 1000ത്തിലധികം സിനിമകള്‍ക്ക് സംഗീതം നല്‍കിയ ഇളയരാജ അഞ്ച് ദേശീയ അവാര്‍ഡും വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 20ലധികം സംസ്ഥാന അവാര്‍ഡുകളും നേടിയിട്ടുണ്ട് .ഇതിഹാസതുല്യമായ രാജയുടെ ജീവിതം സിനിമയാക്കുന്നത് അരുണ്‍ മാതേശ്വരനാണ്. റോക്കി, സാനി കായിധം, ക്യാപ്റ്റന്‍ മില്ലര്‍ എന്നീ സിനിമകള്‍ക്ക് ശേഷം അരുണ്‍ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്.
അഭിനയം കൊണ്ട് എപ്പോഴും ഞെട്ടിക്കുന്ന ധനുഷിന്റെ കരിയറിലെ ഏറ്റവും ചലഞ്ചിങ് ആയിട്ടുള്ള വേഷമാകും ഇളയരാജയുടേത്. മുമ്പ് ഒരു അവാര്‍ഡ് ഫങ്ഷനില്‍ തനിക്ക് രണ്ടുപേരുടെ ബയോപിക് ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും, അതില്‍ ഒന്ന് ഇളയരാജയുടേതുമാണെന്ന് ധനുഷ് പറയുകയുണ്ടായി.
‘എന്റെ ഓരോ സിനിമയിലും ഇളയരാജാ സാറിന്റെ സ്വാധീനം ഉണ്ട്. ഓരോ സീന്‍ ചെയ്യുമ്പോഴും അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഇളയരാജയുടെ പാട്ടുകള്‍ കേള്‍ക്കാറുണ്ട്. അതിന് ശേഷമേ എനിക്ക് ആ സീന്‍ ചെയ്യാന്‍ പറ്റുള്ളൂ. എന്റെ വഴികാട്ടിയാണ് അദ്ദേഹം. ഇപ്പോള്‍ അദ്ദേഹത്തിന്റെ ബയോപിക് ചെയ്യുമ്പോള്‍ തീര്‍ച്ചയായും അദ്ദേഹത്തിന്റെ സ്വാധീനം ആദ്യവസാനം ഉണ്ടാകും’ അനൗണ്‍സ്‌മെന്റ് ചടങ്ങില്‍ ധനുഷ് പറഞ്ഞു.
കണക്സ്റ്റ് മീഡിയ, പി.കെ പ്രൊഡക്ഷന്‍സ്, മെര്‍ക്കുറി മൂവീസ് എന്നീ ബാനറുകളാണ് ചിത്രം നിര്‍മിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് നീരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Content Highlight: Biopic of Ilaiyaraja starring Dhanush announced by Kamal Haasan