| Wednesday, 11th January 2023, 5:30 pm

ആരാണ് മലയാളികള്‍ക്ക് കൂടി പ്രിയപ്പെട്ടവനായ എം.എം കീരവാണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നീലഗിരിയുടെ മലമടക്കില്‍ നിന്നും ‘കറുക നാമ്പും കവിത മൂളും’ എന്ന ഗാനം പാടിയിറങ്ങുന്ന മധുബാലയെ മലയാളികള്‍ മറക്കാനിടയില്ല. പ്രണയത്തിന്റെ അസുലഭ മുഹൂര്‍ത്തങ്ങള്‍ മലയാളിക്ക് സമ്മാനിപ്പിച്ച ദേവരാഗം എന്ന സിനിമയിലെ ശിശിരകാല മേഘ മിഥുനമെന്ന് തുടങ്ങുന്ന ഗാനം കൂടി പറയുമ്പോള്‍ സംഗീതാസ്വാദകര്‍ക്ക് ആദ്യം ഓര്‍മ വരുന്ന പേര് എം.എം കീരമാണിയെന്ന് എന്നുതന്നെയാണ്. മലയാളത്തിന് എത്ര മികച്ച ഗാനങ്ങളാണ് ആ മനുഷ്യന്‍ സമ്മാനിച്ചത്.

അതേ കീരവാണിയാണ് ഒന്നര പതിറ്റാണ്ടിനിപ്പറും ഒറിജിനല്‍ ഗാനത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവുമായി ഇന്ത്യയിലേക്ക് വരുന്നത്. ആ നേട്ടം ഇന്ത്യന്‍ സിനിമാ പ്രേമികള്‍ക്ക് നല്‍കുന്ന സന്തോഷം ചെറുതല്ല. വെറുതെ കേട്ട് മറക്കുക എന്നതിനപ്പുറത്തേക്ക് കേള്‍വിക്കാരന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന എന്തോ ഒരു മാജിക് കീരവാണിയുടെ ഈണങ്ങള്‍ക്കുണ്ട്. ദേവരാഗത്തിലടക്കം അദ്ദേഹം മലയാളത്തിന് സമ്മാനിച്ച എല്ലാ ഗാനങ്ങളും സൂപ്പര്‍ ഹിറ്റും ഇന്നും ജനപ്രിയവുമാണ്.

മമ്മൂട്ടി നായകനായെത്തിയ സൂര്യമാനസം എന്ന സിനിമയിലെ ‘തരളിതരാവില്‍ മയങ്ങിയോ’ എന്നുതുടങ്ങുന്ന ഗാനം ഒരിക്കലെങ്കിലും മൂളാത്ത മലയാളിയുണ്ടാവില്ല. അത്രയധികം കേള്‍വിക്കാരനോട് ചേര്‍ന്നു നില്‍ക്കുന്നതാണ് കീരവാണിയുടെ സംഗീതം. മലയാളത്തിലോ തമിഴിലോ തെലുങ്കിലോ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല കീരവാണി മാജിക്. അത് ഭാഷക്ക് അതീതമായി സംഗീത പ്രേമികളുടെ ഹൃദയങ്ങളെ കീഴടക്കി യാത്ര ചെയ്തുകൊണ്ടേയിരിക്കും.

മരതകമണി കീരവാണി എന്ന എം.എം കീരവാണി 1961ല്‍ ആന്ധ്രപ്രദേശിലെ കോവ്വൂര്‍ എന്ന ഗ്രാമത്തിലാണ് ജനിച്ചത്. തെലുങ്ക് സംഗീത സംവിധായകന്‍ കെ. ചക്രവര്‍ത്തിയോടൊപ്പം അസിസ്റ്റന്റായിട്ടാണ് കീരവാണി തന്റെ സംഗീത യാത്ര ആരംഭിക്കുന്നത്. 1990ലാണ് ആദ്യമായി സ്വതന്ത്ര സംവിധാനത്തിലേക്ക് അദ്ദേഹം കടക്കുന്നത്. എന്നാല്‍ നിര്‍ഭാഗ്യമെന്നോണം സിനിമ തിയേറ്ററുകാണാതെ പോയി. തന്റെയുള്ളിലെ സംഗീത സംവിധായകന്‍ അവിടെ അവസാനിക്കുമെന്നായിരിക്കണം അദ്ദേഹം പോലും കരുതിയിട്ടുണ്ടാവുക.

എന്നാല്‍ കഥ അവിടെയൊന്നും അവസാനിച്ചില്ല. സിനിമാ സ്‌റ്റൈലില്‍ പറഞ്ഞാല്‍ കഥയിനി തുടങ്ങാന്‍ പോകുകയായിരുന്നു. അതേ വര്‍ഷം തന്നെ അദ്ദേഹത്തിന്റെ ആദ്യഗാനം പുറത്തിറങ്ങി. സിനിമ സംഗീത സംവിധായകന്‍ കീരവാണിയും അവിടെ ജനിച്ചു. 1991ല്‍ പുറത്തിറങ്ങിയ രാം ഗോപാല്‍ വര്‍മയുടെ ക്ഷണ നിമിഷം എന്ന സിനിമയിലെ ഗാനമാണ് കീരവാണിയെ ഒരു ബ്രാന്‍ഡാക്കി മാറ്റിയത്.

മുമ്പ് പറഞ്ഞതുപോലെ ഭാഷക്ക് അതീതമായി കീരവാണിയുടെ സംഗീതത്തെ ഇന്ത്യന്‍ ജനത ഏറ്റുപാടാന്‍ തുടങ്ങി. പ്രണയവും, രതിയും, വിരഹവും കീരവാണിയുടെ വിരല്‍തുമ്പുകളില്‍ നിന്നും പിറന്നു. മെലഡി ഗാനങ്ങള്‍ക്ക് പുറമെ അടിച്ചുപൊളി ഗാനങ്ങളും കീരവാണിയുടെ ലിസ്റ്റിലുണ്ട്.

പഴയ തലമുറ മാത്രമല്ല യുവ തലമുറയും കീരവാണിയെ ആഘോഷിച്ച് കൊണ്ടിരിക്കുകയാണ്. ബാഹുബലി മുതല്‍ ആര്‍.ആര്‍.ആര്‍ വരെ നീളുന്ന സിനിമയിലെ ഗാനങ്ങളിലൂടെ പുതിയ തലമുറക്കും അയാള്‍ ഹരം പകര്‍ന്നു. നിരന്തരം അപ്‌ഡേറ്റഡായി കൊണ്ടിരിക്കുന്ന ഒരു സംഗീത സംവിധായകനാണ് കീരവാണിയെന്നാണ് പ്രമുഖരായ പലരും അദ്ദേഹത്തെ കുറിച്ച് പറഞ്ഞിട്ടുള്ളത്. അത് വെറും പുകഴ്ത്തി പറയലല്ല.

2023 ജനുവരി പതിനൊന്നിന് ഇന്ത്യ ഉണരുമ്പോള്‍ കേട്ട വാര്‍ത്ത ആ പറച്ചിലുകളൊക്കെ ശരിവെക്കുന്നതായിരുന്നു. പുരസ്‌കാം രാജമൗലി സംവിധാനം ചെയ്ത ആര്‍.ആര്‍.ആര്‍ എന്ന സിനിമയിലെ നാട്ടു നാട്ടു എന്ന ഗാനം സ്വന്തമാക്കി എന്നതായിരുന്നു ആ വാര്‍ത്ത. ഒന്നര പതിറ്റാണ്ടിനിപ്പുറമാണ് ഇന്ത്യന്‍ മണ്ണിലേക്ക് ഈ പുരസ്‌കാരം വന്നു ചേരുന്നത്. എ.ആര്‍ റഹ്മാന് ശേഷം കീരവാണിയിലേക്ക്. അതും ഒരു ഇന്ത്യന്‍ സിനിമയിലെ ഗാനത്തിന് കിട്ടുന്ന ആദ്യ ഗോള്‍ഡന്‍ ഗ്ലോബും. ലോക സംഗീതത്തിന് മുമ്പില്‍ ഇന്ത്യയെ വാനോളമുയര്‍ത്താന്‍ ഇനിയും കീരവാണിക്ക് കഴിയട്ടെ.

ഒരു പുരസ്‌കാരത്തിലൊന്നും ഒതുങ്ങി നില്‍ക്കാതെ ഇന്ത്യന്‍ സംഗീതം ഇനിയും ഇനിയും ഉയരട്ടെ. ഈ പുരസ്‌കാരം ഒരു തുടക്കം മാത്രമാണ്.

CONTENT HIGHLIGHT: BIOGRAPHY OF M M KEERAVANI

We use cookies to give you the best possible experience. Learn more