കോട്ടയം: പാലാ നഗരസഭാ തെരഞ്ഞെടുപ്പില്‍ നിന്നും ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കി സി.പി.ഐ.എം. ജോസിന്‍ ബിനോയാണ് പാര്‍ട്ടിയുടെ നഗരസഭാ അധ്യക്ഷ സ്ഥാനാര്‍ത്ഥി.
പിന്നാലെ നഗരസഭയിലേക്ക് കറുത്ത വസ്ത്രം ധരിച്ച് ബിനു പുളിക്കക്കണ്ടം എത്തിയതും ശ്രദ്ധേയമായി. നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിന് കറുത്ത വസ്ത്രമണിഞ്ഞ് പ്രതിഷേധിച്ചതാണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ബിനു പുളിക്കക്കണ്ടം ഇത് നിഷേധിച്ചു.
പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നെന്നും കറുത്ത വസ്ത്രം പ്രതിഷേധമല്ലെന്നും എന്നാല്‍ 11 മണിക്ക് ശേഷം കാര്യങ്ങള്‍ വിശദമായി പറയാമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
”ഇതിന് ഒത്തിരി അര്‍ത്ഥങ്ങളുണ്ട്. ഒത്തിരി വര്‍ഷങ്ങളായി ഞാന്‍ വെളുപ്പാണ്. പാര്‍ട്ടി തീരുമാനവും ഇതുമായി ബന്ധമില്ല.
11 മണിക്ക് ശേഷം കാര്യങ്ങള്‍ പറയാം. എന്താണെന്നറിയില്ല, എടുത്തപ്പോള്‍ കറുത്ത ഷര്‍ട്ടാണ് കിട്ടിയത്. ഒരിക്കലും ഇത് പ്രതിഷേധമല്ല. അത് ഞാന്‍ വളരെ വ്യക്തമായി പറയുന്നു.
പക്ഷെ എന്താണെന്നുള്ളത് ഞാന്‍ പറയാം.
ജോസ് കെ. മാണിക്ക് തുറന്ന കത്ത് എഴുതി കഴിഞ്ഞിട്ടില്ല. കൗണ്‍സില്‍ ഹാളിലെ പരിപാടി കഴിയണം. അത് കഴിയുമ്പോഴേ എഴുതിത്തീരൂ. തുറന്ന കത്ത് ഉറപ്പായും എഴുതും.
കറുത്ത വസ്ത്രം ധരിച്ചെന്ന് കരുതി പാര്‍ട്ടി നടപടി എന്തിനാണ്. കറുപ്പിനോട് പാര്‍ട്ടിക്ക് ഒരു വിരോധവുമില്ലല്ലോ. എല്ലാം കറക്ടായി പറയാം, 11 മണി കഴിഞ്ഞോട്ടെ.
സി.പി.ഐ.എമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി അംഗമായ ജോസിന്‍ ബിനോയാണ് സ്ഥാനാര്‍ത്ഥി. ഞാന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന പൊതുപ്രവര്‍ത്തകയാണ്. അവരുടെ ഒപ്പംനിന്ന് നഗരസഭാ ഭരണത്തിലെ കഴിഞ്ഞ ഇരുപത് വര്‍ഷത്തെ എന്റെ പ്രവര്‍ത്തന പാരമ്പര്യം അവര്‍ക്ക് വേണ്ടി ഉപയോഗിക്കും.
അതില്‍ പാര്‍ട്ടി പറയുന്നതിന് അപ്പുറത്തേക്ക് ഞാനില്ല. പാര്‍ട്ടി എന്ത് തീരുമാനമെടുത്താലും. ബാക്കി വോട്ടിങ്ങിന് ശേഷം പ്രതികരിക്കാം, സമയമായി. വോട്ട് ചെയ്യാന്‍ പറ്റാതായാല്‍ ഇനി വേറെ വ്യാഖ്യാനമുണ്ടാകും,” ബിനു പുളിക്കക്കണ്ടം മാധ്യമങ്ങളോട് പറഞ്ഞു.
രാവിലെ 11 മണിക്കാണ് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
കേരള കോണ്‍ഗ്രസ് എമ്മിന്റെ വലിയ എതിര്‍പ്പിനെ തുടര്‍ന്നാണ് പുളിക്കക്കണ്ടത്തെ സ്ഥാനാര്‍ത്ഥിയാകുന്നതില്‍ നിന്നും മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: binu pulikkakandam on Pala Municipality election