| Thursday, 30th March 2023, 11:53 pm

ഓണവും വിഷുവുമൊക്കെ വരുമ്പോള്‍ ഞങ്ങള്‍ക്ക് വരുന്നത് കവറാണ്, അച്ഛനല്ല: ബിനു പപ്പു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ പപ്പുവിനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് ബിനു പപ്പു. എപ്പോഴും അച്ഛന്‍ വീട്ടില്‍ കാണാറില്ലെന്നും വരുകയാണെങ്കില്‍ അതൊരു ആഘോഷമായിരിക്കുമെന്നും ബിനു പറഞ്ഞു. എന്നാല്‍ പെട്ടെന്ന് അച്ഛനെ കാണാതെയാവുമെന്നും ഷൂട്ടിന് പോകുമെന്നും ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തില്‍ ബിനു പറഞ്ഞു.

‘ഓണവും വിഷുവുമൊക്കെ വരുമ്പോള്‍ ഞങ്ങള്‍ക്ക് കവറാണ് വരുന്നത്, അച്ഛനല്ല. ഡ്രസ് ഒക്കെ വാങ്ങി കൊടുത്തയക്കും. അച്ഛന്‍ വരിക എന്ന് പറഞ്ഞാല്‍ വീട്ടില്‍ അത് ഒരു ആഘോഷമാണ്. കാരണം, അച്ഛന്‍ വരുന്നു, അച്ഛന്റെ പിന്നാലെ ഒരുപാട് ഫ്രണ്ട്‌സ് വരുന്നു. പിന്നെ ചീട്ടുകളിയായി, ഒച്ചയും ബഹളവുമായി, രാത്രി വൈകും വരെ ഇരിക്കും. പെട്ടെന്ന് രാവിലെ നോക്കുമ്പോള്‍ അച്ഛനെ കാണില്ല. അച്ഛന്‍ ഷൂട്ടിന് പോയിട്ടുണ്ടാവും. അത് പെട്ടെന്നുണ്ടാകുന്ന സൈലന്‍സാണ്,’ ബിനു പറഞ്ഞു.

പ്രശസ്ത നടന്റെ മകനായതുകൊണ്ട് മാത്രം സിനിമയിലൊന്നും ആകാന്‍ സാധിക്കില്ലെന്നും ഓരോരുത്തരും തങ്ങളുടെ കഴിവ് തെളിയിച്ചാല്‍ മാത്രമെ പ്രേക്ഷകര്‍ അംഗീകരിക്കുകയുള്ളു എന്നും ബിനു പറഞ്ഞു.

‘അസിസ്റ്റന്റ് ഡയറക്ടറാകുന്നതിന്റെ പ്രശ്നങ്ങള്‍ വീട്ടിലുണ്ടായിരുന്നു. വലിയ നടന്റെ മകനാണെന്ന് പറഞ്ഞാലും നമുക്ക് വെറുതെയങ്ങ് സിനിമയിലെത്താന്‍ സാധിക്കില്ലല്ലോ. ഇന്നയാളുടെ മകനാണെന്ന് വിചാരിച്ച് ഒരാളെയെടുത്ത് തലപ്പത്ത് വെക്കാന്‍ പറ്റില്ലല്ലോ. നമ്മള്‍ എന്താണെന്ന് ആദ്യം തെളിയിക്കണം.

നമ്മള്‍ ആരുടെ മകനും ആയിക്കോട്ടേ, ഏത് ഫീല്‍ഡുമായിക്കോട്ടേ, ആരുടെ മകനാണെങ്കിലും മകളാണെങ്കിലും എന്താണ് നിങ്ങളുടെ കഴിവെന്ന് ആദ്യം തെളിയിക്കണം. അല്ലാതെ ഒരിക്കലും നമ്മളെ മറ്റുള്ളവര്‍ അംഗീകരിക്കില്ല. എന്നെ സംബന്ധിച്ച് എനിക്ക് പ്രിവിലേജുണ്ട്.

പലരുടെയും അടുത്തേക്ക് മറ്റുള്ളവര്‍ എത്തുന്നതിനേക്കാള്‍ വേഗത്തില്‍ നമുക്ക് എത്താന്‍ സാധിക്കും. ഞാന്‍ ഇന്നയാളുടെ മകനാണെന്ന് പോയി പറഞ്ഞാല്‍, ഒന്നെങ്കില്‍ അവര്‍ അച്ഛന്റെ കൂടെ വര്‍ക്ക് ചെയ്തവരായിരിക്കും അല്ലെങ്കില്‍ അച്ഛന്റെ സുഹൃത്തായിരിക്കും. ആ ഒരു ആക്സസ് എപ്പോഴുമുണ്ട്. പക്ഷെ അത് ചൂഷണം ചെയ്യുക എന്നത് ശരിയായ കാര്യമല്ലെന്ന് എനിക്ക് തോന്നി,’ ബിനു പറഞ്ഞു.

Content Highlight: binu pappu talks about the memories of pappu

We use cookies to give you the best possible experience. Learn more