Advertisement
Entertainment
ആ സീനിന് ശേഷം അച്ഛന്‍ സിനിമയില്‍ നിന്ന് പിന്മാറി; പകരം മണി ചേട്ടന്‍ അഭിനയിച്ചു: ബിനു പപ്പു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Aug 25, 06:14 am
Sunday, 25th August 2024, 11:44 am

രഞ്ജിത്ത് തിരക്കഥയെഴുതി സിബി മലയില്‍ സംവിധാനം ചെയ്ത സിനിമയാണ് സമ്മര്‍ ഇന്‍ ബത്ലഹേം. മഞ്ജു വാര്യര്‍, സുരേഷ് ഗോപി, ജയറാം എന്നിവര്‍ ഒന്നിച്ച സിനിമയില്‍ മോനായി എന്ന കഥാപാത്രമായി എത്തിയത് കലാഭവന്‍ മണിയായിരുന്നു.

എന്നാല്‍ ആ കഥാപാത്രത്തിലേക്ക് ആദ്യം കാസ്റ്റ് ചെയ്തത് തന്റെ അച്ഛനായ കുതിരവട്ടം പപ്പുവിനെ ആയിരുന്നെന്ന് പറയുകയാണ് ബിനു പപ്പു. സുന്ദരക്കില്ലാഡി എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്ന് അച്ഛന്‍ സമ്മര്‍ ഇന്‍ ബത്ലഹേംമിന്റെ ലൊക്കേഷനിലേക്ക് പോയിരുന്നെന്നും അദ്ദേഹം പറയുന്നു. ദി നെക്സ്റ്റ് 14 മിനിട്ട്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബിനു.

‘മമ്മൂക്കയുടെ ‘പല്ലാവൂര്‍ ദേവനാരായണന്‍’ എന്ന സിനിമക്ക് ശേഷം ഒട്ടും വയ്യാതിരുന്നിട്ടും സത്യന്‍ അന്തിക്കാട് സാറിന്റെ ജയറാം നായകനായ സിനിമയില്‍ അഭിനയിക്കാന്‍ അച്ഛന്‍ പോയിരുന്നു. വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന സിനിമക്ക് വേണ്ടിയായിരുന്നു അച്ഛന്‍ അന്ന് പോയത്.

ആ സമയത്ത് സത്യത്തില്‍ അച്ഛന് തീരെ വയ്യായിരുന്നു. പക്ഷെ പ്രശ്‌നം എന്തെന്നാല്‍, അച്ഛന് ശരീരത്തിന് വയ്യാത്തത് സ്വയം മനസിലാകില്ലായിരുന്നു. അഭിനയിക്കണമെന്ന് മാത്രമേ അദ്ദേഹത്തിന്റെ മനസില്‍ ഉണ്ടായിരുന്നുള്ളു.

ഇതിനിടയില്‍ ലാല്‍ ജോസ് സാറിന്റെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയില്‍ അച്ഛന്‍ അഭിനയിച്ചിരുന്നു. സുന്ദരക്കില്ലാഡി എന്ന സിനിമക്ക് ശേഷമാണ് അച്ഛന് സുഖമില്ലാതെ ആയത്. സുന്ദരക്കില്ലാഡിയുടെ പൊള്ളാച്ചിയിലെ ലൊക്കേഷനില്‍ നിന്ന് അച്ഛന്‍ നേരെ പോകുന്നത് സമ്മര്‍ ഇന്‍ ബത്‌ലഹേമിലാണ്. അതില്‍ മണി ചേട്ടന്‍ ചെയ്ത കഥാപാത്രം അച്ഛന്‍ ചെയ്യേണ്ടതായിരുന്നു.

അച്ഛന്‍ അവിടെ പോയി ഒരു ദിവസം അഭിനയിച്ചിരുന്നു. അതിന് ശേഷം തിരിച്ചു വരികയായിരുന്നു. ആദ്യം തന്നെ സോങ് സീക്വന്‍സായിരുന്നു എടുത്തിരുന്നത്. പാട്ട് ഷൂട്ട് ചെയ്ത് കഴിഞ്ഞതും അച്ഛന് ഒട്ടും വയ്യാതെയായി. അത്രയും വയ്യാത്തത് കൊണ്ടാണ് അച്ഛന്‍ അന്ന് തിരികെ വന്നത്. അതിന് ശേഷമാണ് തീരെ വയ്യാണ്ടാവുന്നത്,’ ബിനു പപ്പു പറയുന്നു.


Content Highlight: Binu Pappu Talks About Summer In Bethlehem And Kuthiravattam Pappu