ലാലേട്ടന്‍ ഒരു നിമിഷമത് മറന്നുപോയി; ഒന്നില്ലെങ്കിലും പത്ത് നാല്‍പത്തിയാറ് വര്‍ഷമായില്ലേ വന്നിട്ട്: ബിനു പപ്പു
Entertainment
ലാലേട്ടന്‍ ഒരു നിമിഷമത് മറന്നുപോയി; ഒന്നില്ലെങ്കിലും പത്ത് നാല്‍പത്തിയാറ് വര്‍ഷമായില്ലേ വന്നിട്ട്: ബിനു പപ്പു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 12th August 2024, 7:07 pm

പ്രഖ്യാപനം മുതല്‍ക്ക് തന്നെ ഹൈപ്പിന്റെ കൊടുമുടിയില്‍ നിന്ന ചിത്രമായിരുന്നു ലൂസിഫര്‍. റിലീസിന് ശേഷം ബോക്സ് ഓഫീസില്‍ വമ്പന്‍ വിജയം നേടാനും ഈ സിനിമക്ക് സാധിച്ചിരുന്നു. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്ത ഈ സിനിമ 2019ലാണ് പുറത്തിറങ്ങിയത്. മുരളി ഗോപിയായിരുന്നു ലൂസിഫറിന് വേണ്ടി തിരക്കഥ ഒരുക്കിയത്.

മലയാളത്തിലെ വലിയ സാമ്പത്തിക വിജയമായ ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയായി മോഹന്‍ലാല്‍ ആയിരുന്നു എത്തിയത്. ലൂസിഫറില്‍ ബിനു പപ്പുവും ഒരു പ്രധാനവേഷത്തില്‍ വന്നിരുന്നു.  ലൂസിഫറിലെ മോഹന്‍ലാലിന്റെ നോട്ടത്തെ കുറിച്ച് മുമ്പൊരിക്കല്‍ ബിനു പപ്പു പറയുന്ന വീഡിയോ വലിയ രീതിയില്‍ വൈറലായിരുന്നു. ഇപ്പോള്‍ വീണ്ടും അതിനെ കുറിച്ച് പറയുകയാണ് ബിനു. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഓപ്പോസിറ്റ് നില്‍ക്കുന്ന ആള്‍ ആരാണെന്ന് ലാലേട്ടന്‍ ഒരു നിമിഷം മറന്നു പോയി. അല്ലെങ്കില്‍ അത് ലാലേട്ടനോട് ആരും വ്യക്തമായി പറഞ്ഞു കൊടുത്തിട്ടുണ്ടാകില്ല. അയാള്‍ക്ക് ഓപ്പോസിറ്റ് നില്‍ക്കുന്ന ആളെ അറിയാവുന്നതാണ്. അത് സ്വന്തം ടീമിലുള്ള ആളായിരുന്നു. പക്ഷെ ലാലേട്ടന്‍ പെട്ടെന്ന് ഷട്ടര്‍ ഉയര്‍ത്തി നോക്കിയപ്പോള്‍ മുന്നില്‍ നില്‍ക്കുന്ന ആളെ വളരെ ഷാര്‍പ്പായി അല്ലെങ്കില്‍ റൂഡായിട്ടാണ് നോക്കിയത്.

അത് കണ്ടതും രാജു കട്ട് വിളിച്ച് ഓടിവന്നു. ‘ലാലേട്ടാ, ബിനു നമ്മളുടെ ആളാണ്. ഒന്ന് മയപ്പെട്ട് നോക്കിയാല്‍ മതി. ബാക്കി നീ ഡീല് ചെയ്‌തേക്ക് എന്ന രീതിയിലുള്ള നോട്ടമാണ്’ എന്ന് രാജു ലാലേട്ടനോട് പറഞ്ഞു. അത് അപ്പോള്‍ തന്നെ അദ്ദേഹം കറക്ട് ചെയ്തു. എക്‌സ്പീരിയന്‍സ് മാറ്റേഴ്‌സ് എന്ന കാര്യം എന്റെ മനസിലൂടെ പോയി. കാരണം പത്ത് നാല്‍പത്തിയാറ് വര്‍ഷമായില്ലേ ലാലേട്ടന്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട്,’ ബിനു പപ്പു പറഞ്ഞു.


Content Highlight: Binu Pappu Talks About Mohanlal And Lucifer Movie