മലയാളികള്‍ക്ക് ഇന്ന് പരിചിതനായ നടനാണ് ബിനു പപ്പു. കുതിരവട്ടം പപ്പുവിന്റെ മകനാണ് അദ്ദേഹം. 2014ല്‍ പുറത്തിറങ്ങിയ ഗുണ്ട എന്ന സിനിമയിലൂടെയാണ് ബിനു അഭിനയരംഗത്തേക്ക് കടക്കുന്നത്. പിന്നീട് ഹെലന്‍, വണ്‍, ഓപ്പറേഷന്‍ ജാവ, ഭീമന്റെ വഴി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ച് പറയുകയാണ് ബിനു.
താന്‍ മമ്മൂട്ടിയുടെ കൂടെയാണ് കൂടുതലും വര്‍ക്ക് ചെയ്തിട്ടുള്ളതെന്നും എങ്കിലും സ്‌പൊണ്ടേനിയസായ ഒരു നടനായി തനിക്ക് തോന്നിയത് മോഹന്‍ലാലിനെയാണെന്നും അദ്ദേഹം പറയുന്നു. മമ്മൂട്ടിയുടെ കൂടെ വണ്‍ എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ ഉണ്ടായ അനുഭവവും ബിനു പങ്കുവെക്കുന്നു. ദി നെക്സ്റ്റ് 14 മിനിട്ട്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ മമ്മൂക്കയുടെ കൂടെയാണ് കൂടുതലും വര്‍ക്ക് ചെയ്തിട്ടുള്ളത്. പിന്നെ ഇപ്പോള്‍ ലാലേട്ടന്റെ കൂടെ എല്‍ 360ല്‍ കോ-ഡയറക്ടറായി വര്‍ക്ക് ചെയ്യുകയാണ്. അതില്‍ അഭിനയിക്കുന്നുമുണ്ട്. എനിക്ക് വലിയ സ്‌പൊണ്ടേനിയസായ ഒരു നടനായി എനിക്ക് തോന്നിയത് ലാലേട്ടനെയാണ്.
ചിലപ്പോള്‍ കുറച്ച് സെക്കന്റുകള്‍ മാത്രമാകും ഒരു സീന്‍ എടുക്കാന്‍ വേണ്ടിവരികയുള്ളൂ. അഞ്ച് മിനിട്ട് ദൈര്‍ഘ്യമുള്ള ഒറ്റ ഷോട്ടൊന്നും ഉണ്ടാകില്ല. ആ സെക്കന്റുകളില്‍ ലാലേട്ടന്‍ പെട്ടെന്ന് സ്വയം മാറും. സെക്കന്റുകള്‍ കൊണ്ട് ലാലേട്ടന്‍ ആ ആളായി മാറുകയും കട്ട് പറയുമ്പോള്‍ തിരിച്ച് പഴയ ലാലേട്ടനാകും.
ഇനി മമ്മൂക്കയുടെ കാര്യം ചോദിച്ചാല്‍ ‘വണ്‍’ എന്ന സിനിമയെ കുറിച്ചാണ് എനിക്ക് പറയാനുള്ളത്. അതില്‍ വണ്ടിയില്‍ ഇരുന്നുള്ള ഒരു ഷോട്ടുണ്ടായിരുന്നു. അതില്‍ ഞാനായിരുന്നു വണ്ടി ഓടിച്ചിരുന്നത്. വണ്ടിയുടെ മുന്നില്‍ ക്യാമറ വെച്ചിരുന്നു. അതില്‍ മമ്മൂക്ക പെങ്ങളെ കുറിച്ച് പറയുന്ന സീനായിരുന്നു ചെയ്യാന്‍ ഉണ്ടായിരുന്നത്.
ആ സമയത്ത് മമ്മൂക്കയുടെ തൊണ്ടയിടറി പോയി. അത് കണ്ടപ്പോള്‍ അദ്ദേഹം എങ്ങനെയാണ് ഇത് ചെയ്യുന്നതെന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. ആരാകും അങ്ങനെ ചെയ്യാന്‍ പറഞ്ഞിട്ടുണ്ടാകുകയെന്നും ഞാന്‍ ചിന്തിച്ചു. അവരൊക്കെ ഒരുപാട് വര്‍ഷത്തെ എക്‌സ്പീരിയന്‍സുള്ള ആളുകളല്ലേ. ചിലപ്പോള്‍ അതുകൊണ്ടാകും,’ ബിനു പപ്പു പറഞ്ഞു.
Content Highlight: Binu Pappu Talks About Mammootty And One Movie