| Saturday, 24th August 2024, 7:56 am

ആ മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കാന്‍ അച്ഛനെ വിട്ടില്ല; അന്ന് ഫോണിന്റെ വോളിയം കുറച്ചുവെച്ചു: ബിനു പപ്പു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഇന്ന് ഏറെ പരിചിതനായ നടനാണ് ബിനു പപ്പു. 2014ല്‍ പുറത്തിറങ്ങിയ ഗുണ്ട എന്ന സിനിമയിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് കടക്കുന്നത്. പിന്നീട് ഹെലന്‍, വണ്‍, ഓപ്പറേഷന്‍ ജാവ, ഭീമന്റെ വഴി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടു.

മലയാളികളുടെ പ്രിയനടന്‍ കുതിരവട്ടം പപ്പുവിന്റെ മകന്‍ കൂടെയാണ് ബിനു പപ്പു. ഇപ്പോള്‍ തന്റെ അച്ഛന്റെ അവസാന നാളുകളെ കുറിച്ച് പറയുകയാണ് ബിനു. അച്ഛനെ സംബന്ധിച്ചിടത്തോളം അഭിനയിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും അതിനപ്പുറത്തേക്കുള്ള ഒന്നിനെ കുറിച്ചും അച്ഛന്‍ ചിന്തിക്കാറില്ലെന്നും അദ്ദേഹം പറയുന്നു.

അവസാന നാളുകളില്‍ ശാരീരികമായും മാനസികമായും എന്ത് അസുഖമുണ്ടെങ്കിലും അത് കാര്യമാക്കാതെ തന്റെ അച്ഛന്‍ ജോലി ചെയ്യാന്‍ പോകുമായിരുന്നുവെന്നും ബിനു പപ്പു പറഞ്ഞു. ദി നെക്സ്റ്റ് 14 മിനിട്ട്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്ക് പേഴ്‌സണലി അറിയാവുന്ന ഒരാളാണ് എന്റെ അച്ഛന്‍ (ചിരി). അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അഭിനയിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. അതിന് അപ്പുറത്തേക്കുള്ള ഒന്നിനെ കുറിച്ചും അച്ഛന്‍ ചിന്തിക്കാറില്ല. അച്ഛന്റെ ചിന്തയില്‍ സിനിമ മാത്രമേയുള്ളു.

ശാരീരികമായും മാനസികമായും എന്ത് അസുഖമുണ്ടെങ്കിലും അത് കാര്യമാക്കാതെ അദ്ദേഹം ജോലി ചെയ്യാന്‍ പോകും. നമുക്ക് സിനിമ എന്നത് ജോലിയാണ്. എന്നാല്‍ അവര്‍ക്ക് സിനിമ ജോലിയല്ലായിരുന്നു. അച്ഛന് ഏറ്റവും സന്തോഷം നല്‍കുന്നത് സിനിമ തന്നെയാണ്.

അദ്ദേഹത്തിന് അവസാന നാളുകളില്‍ ഒട്ടും വയ്യായിരുന്നു. ആ സമയത്ത് പുറത്ത് വിടരുന്നതെന്ന് ഡോക്ടര്‍മാര്‍ പ്രത്യേകം പറഞ്ഞിരുന്നു. അച്ഛന് ഇന്‍ഫക്ഷന് സാധ്യതയുണ്ടായിരുന്നു. ക്ലൈമറ്റ് മാറിയാലും യാത്ര ചെയ്താലും പെട്ടെന്ന് അസുഖം വരുമായിരുന്നു. വീട്ടിലെ ഫോണ്‍ ബെല്ലടിക്കുന്നത് അച്ഛന്‍ കേള്‍ക്കാതിരിക്കാന്‍ ഞങ്ങള്‍ വോളിയം കുറച്ചു വെച്ചിരുന്നു.

കാരണം ഫോണ്‍ വന്നാല്‍ അത് ഏതെങ്കിലും സിനിമയില്‍ നിന്നാകുമെന്ന് അച്ഛന് അറിയാമായിരുന്നു. ആ സമയത്ത് പ്രിയദര്‍ശന്‍ സാറിന്റെ ‘മേഘം’ എന്ന സിനിമയില്‍ നിന്ന് കോള്‍ വന്നിരുന്നു. പക്ഷെ ഞങ്ങള്‍ വിട്ടില്ല. ഒരുപാട് സിനിമകളില്‍ നിന്ന് അച്ഛന് കോളുകള്‍ വന്നിരുന്നു,’ ബിനു പപ്പു പറഞ്ഞു.


Content Highlight: Binu Pappu Talks About Kuthiravattam Pappu

We use cookies to give you the best possible experience. Learn more