എയ്റ്റീന്‍ പ്ലസ് എന്ന സിനിമയില്‍ താന്‍ ചെയ്ത ഡാന്‍സിനെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ബിനു പപ്പു. കഥ പറയാന്‍ വന്നപ്പോള്‍ അരുണ്‍ ഡാന്‍സ് ഉണ്ടെന്ന് പറഞ്ഞിരുന്നെന്നും എന്നാല്‍ താനിങ്ങനെ ഡാന്‍സ് ചെയ്യേണ്ടി വരുമെന്ന് വിചാരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബിനു പപ്പു.
‘അരുണ്‍ കഥയൊക്കെ വന്ന് പറഞ്ഞതിന് ശേഷം സിനിമയുടെ അവസാനം ഒരു ഗാനമുണ്ടെന്ന് പറഞ്ഞു. കല്ല്യാണ സോങ് ആണ്, അതിന് ഒരു രണ്ട് ദിവസം നില്‍ക്കേണ്ടി വരുമെന്ന് പറഞ്ഞു. ഞാന്‍ കുഴപ്പമില്ല നില്‍ക്കാമെന്ന് പറഞ്ഞു. കല്യാണ സോങ് രസമുള്ള പരിപാടിയല്ലേ, ഭക്ഷണവും, ആളുകളുടെ വരലും പോകലും, അങ്ങനെയൊക്കെയായിരുന്നു ഞാന്‍ വിചാരിച്ചത്. പടത്തിന്റെ ഫുള്‍ സീന്‍ ഷൂട്ട് ചെയ്ത് കഴിഞ്ഞാല്‍ ഒരു പോര്‍ഷന്‍ മൂകാംബികയില്‍ വെച്ച് ഷൂട്ട് ചെയ്യാനുണ്ട്. ഫുള്‍ ഷൂട്ട് കഴിഞ്ഞ് രണ്ട് ദിവസത്തെ പാട്ട്, അത് കഴിഞ്ഞ് ഞങ്ങള്‍ മൂകാംബികയിലേക്ക് പോകുന്നു എന്നതായിരുന്നു പ്ലാന്‍.
അങ്ങനെ സീന്‍ എല്ലാം എടുത്ത് കഴിഞ്ഞിട്ട് പിറ്റേ ദിവസം ഡാന്‍സ് ആണ്. അന്ന് നൈറ്റ് ആയിരുന്നു ഷൂട്ട്. അതുകൊണ്ട് ഞാന്‍ റൂമില്‍ ആയിരുന്നു. അപ്പോള്‍ പ്രൊഡക്ഷനില്‍ നിന്നൊരാള്‍ വന്നിട്ട് മാസ്റ്റര്‍ വെയ്റ്റ് ചെയ്യുന്നുണ്ട് ടെറസിന്റെ മുകളിലേക്ക് വരാന്‍ പറഞ്ഞു. എനിക്ക് കാര്യമൊന്നും മനസിലായില്ല. ഞാന്‍ ചെന്ന് നോക്കുമ്പോള്‍ തല്ലുമാലയില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍. അവര്‍ ഡാന്‍സ് മാസ്റ്ററുടെ അസോസിയേറ്റ്‌സ് ആണ്.
ഇവരെ കണ്ടപ്പോള്‍ തന്നെ എനിക്ക് കാര്യം മനസിലായി. അവരെന്നോട് ഷോബി മാസ്റ്റര്‍ ഉണ്ടെന്ന് പറഞ്ഞു. ഞാനപ്പോ ദൈവമേ പെട്ടല്ലോ എന്ന് പറഞ്ഞുപോയി. ഇത് വല്ലാത്ത ചതിയായി പോയെന്ന് ഞാന്‍ അരുണിനോട് പറഞ്ഞു. കൂടെ കളിക്കുന്നത് മുഴുവന്‍ പിള്ളേരാണ്. ഞാന്‍ അരുണിനോട് ഇത് വേണോയെന്ന് ചോദിച്ചു. പക്ഷെ അരുണ്‍ സമ്മതിച്ചില്ല. കളിച്ചേ മതിയാകൂവെന്ന് പറഞ്ഞു. പിന്നെ കൂടെ കളിക്കുന്നത് പ്രഗത്ഭരായ ആളുകള്‍ ആയത് കൊണ്ട് ഞാന്‍ രക്ഷപ്പെട്ടു (ചിരിക്കുന്നു),’ അദ്ദേഹം പറഞ്ഞു.
നസ്ലിന് ഡാന്‍സ് കളിക്കാന്‍ ഭയങ്കര പേടിയായിരുന്നെന്നും എന്നാല്‍ മാത്യുവിന് അത്തരം പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ലെന്നും ബിനു പപ്പു പറഞ്ഞു.
‘നസ്ലിന് ഡാന്‍സ് കളിക്കാന്‍ ഭയങ്കര പേടിയായിരുന്നു. അവന്‍ ഇത് വരെ ഡാന്‍സ് കളിച്ചിട്ടില്ല. ശരിയാകുമോയെന്ന ഭയം അവന് വല്ലാതെ ഉണ്ടായിരുന്നു. മാത്യുവിന് നല്ല ഗ്രയ്‌സ് ഉണ്ട്. അവന്‍ ചോദിച്ച് പഠിച്ച് പഠിച്ച് നന്നായി കളിച്ചു. ഞാന്‍ പണ്ട് കോളേജിലൊക്കെ കളിച്ചിരുന്നതാണ് പ്രശ്‌നമൊന്നുമില്ലെന്നാണ് സഫ്വാന്‍ പറഞ്ഞിരുന്നത്. പക്ഷ തുടങ്ങിയപ്പോള്‍ കയ്യില്‍ നിന്നും പോയി,’ അദ്ദേഹം പറഞ്ഞു.
Content Highlight: Binu pappu talks about his dance in 18+