സിനിമകൾ എറണാകുളത്തേക്ക് മാത്രം ഒതുങ്ങുന്നതായി എനിക്ക് തോന്നാറുണ്ട്: ബിനു പപ്പു
Entertainment
സിനിമകൾ എറണാകുളത്തേക്ക് മാത്രം ഒതുങ്ങുന്നതായി എനിക്ക് തോന്നാറുണ്ട്: ബിനു പപ്പു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 19th August 2024, 2:10 pm

മേക്കിങ്ങിലും അവതരണത്തിലുമെല്ലാം മലയാള സിനിമ മാറികൊണ്ടിരിക്കുകയാണ്. കാലഘട്ടത്തിനനുസരിച്ച് പ്രേക്ഷകർ സിനിമയെ സമീപിക്കുന്ന രീതിയിലും മാറ്റം വന്നുകൊണ്ടിരിക്കുകയാണ്.

എന്നാൽ ഇന്ന് മലയാള സിനിമ എറണാകുളത്തേക്ക് മാത്രം ഒതുങ്ങി പോവുന്നതായി തനിക്ക് തോന്നുണ്ടെന്ന് പറയുകയാണ് നടൻ ബിനു പപ്പു. താൻ അതിനെ കുറിച്ച് സംസാരിക്കാറുണ്ടെന്നും പണ്ട് കാലത്തെ അപേക്ഷിച്ച് പോസ്റ്ററുകൾ കുറവാണെന്നും സോഷ്യൽ മീഡിയയിലാണ് ഇന്ന് പോസ്റ്ററുകൾ കൂടുതലും വരുന്നതെന്ന് ബിനു പപ്പു പറയുന്നു.

ജോലിയൊക്കെ കഴിഞ്ഞ് ഒരു എന്റർടൈൻമെന്റിന് വേണ്ടി മാത്രം സിനിമയെ സമീപിക്കുന്ന കുറേ സാധാരണക്കാരുണ്ടെന്നും എന്നാൽ ഇന്നത്തെ കാലത്ത് സിനിമകൾ അവരിലേക്ക് എത്രത്തോളം എത്തുന്നുണ്ടെന്നത് സംശയമാണെന്നും ബിനു പപ്പു പറഞ്ഞു. ദി ലാസ്റ്റ് 14 മിനിറ്റ്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമ വല്ലാതെ എറണാകുളത്തേക്ക് ഒതുങ്ങി പോകുന്ന പോലെ എനിക്ക് തോന്നുന്നുണ്ട്. ഞാനെപ്പോഴും അത് പറയാറുണ്ട്. വ്യക്തിപരമായി എനിക്കത് തോന്നാറുണ്ട്. നമ്മൾ ആ ഹൈ വേയിലൂടെ യാത്ര ചെയ്യുന്ന ആളാണ്. അവിടെയുള്ള പോസ്റ്ററുകൾ കാണാറുണ്ട്.

നമ്മൾ ഈ മേഖലയിൽ വർക്ക്‌ ചെയ്യുന്ന ആളായത് കൊണ്ട് നമ്മുടെ ശ്രദ്ധ എപ്പോഴും അവിടെയാവുമല്ലോ. പണ്ട് കാലത്തെ അപേക്ഷിച്ച് ഇപ്പോൾ പോസ്റ്ററുകൾ വളരെ കുറവാണ്. അത് എന്തുകൊണ്ടാണ് അങ്ങനെയെന്ന് ചോദിച്ചാൽ, പൂർണമായി ഇൻസ്റ്റാഗ്രാമിലേക്കും സോഷ്യൽ മീഡിയയിലേക്കും മാത്രം സിനിമകൾ ഒതുങ്ങി പോവുന്നുണ്ടോ എന്ന സംശയം കൊണ്ടാണ്.

എത്രയാളുകൾ ഇൻസ്റ്റാഗ്രാം ഫുൾ ടൈം നോക്കിയിരിക്കുന്നുണ്ട്. ജോലിക്കൊക്കെ പോയി വീട് നടത്തി എന്റർടൈൻമെന്റിന് വേണ്ടി മാത്രം സിനിമയ്ക്ക് പോവുന്ന ഒരു വിഭാഗം ആളുകളും ഇവിടെയുണ്ട്. അവരെ എങ്ങനെ സിനിമയുണ്ടെന്ന് അറിയിക്കും.

ഇങ്ങനെ മെട്രോപില്ലറിൽ മാത്രം ഒതുങ്ങിപ്പോയി കഴിഞ്ഞാൽ പറ്റില്ലല്ലോ. അത് പഴയപോലെ എത്തുന്നുണ്ടോയെന്ന് എല്ലാവരും ഒന്ന് സ്വയം ചോദിച്ചാൽ നല്ലതാണ്,’ബിനു പപ്പു പറയുന്നു.

Content Highlight: Binu Pappu Talk About Era Malayalam  Cinema