ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് തല്ലുമാല. ഖാലിദ് റഹ്മാന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ടൊവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍, ലുക്മാന്‍ അവറാന്‍, ബിനു പപ്പു, ഷൈന്‍ ടോം ചാക്കോ, ചെമ്പന്‍ വിനോദ് എന്നിങ്ങനെ വലിയ താരനിരയാണ് എത്തുന്നത്.
ചിത്രത്തില്‍ നിരവധി ആക്ഷന്‍ രംഗങ്ങളുണ്ടെന്ന് ട്രെയ്‌ലറില്‍ നിന്ന് തന്നെ വ്യക്തമായിരുന്നു. ഡ്യൂപ്പുകളില്ലാതെയാണ് മിക്ക ആക്ഷന്‍ രംഗങ്ങളെടുത്തതും. ചിത്രീകരണത്തിനിടയില്‍ ലുക്മാന്‍ ടൊവിനോയെ തല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഷൂട്ടിനിടയില്‍ കിട്ടിയതും കൊടുത്തതുമായ തല്ലിന്റെ അനുഭവങ്ങള്‍ പറയുകയാണ് മൂവി മാന്‍ ബ്രോഡ്കാസ്റ്റിങ്ങിന് നല്‍കിയ അഭിമുഖത്തില്‍ തല്ലുമാല ടീം. കല്യാണത്തിന് രണ്ട് ദിവസം മുമ്പ് ലുക്മാന്‍ തന്റെ കയ്യില്‍ നിന്നും തല്ല് വാങ്ങിയ കാര്യം ബിനു പപ്പു പങ്കുവെച്ചു.
‘ഈ പടത്തില്‍ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും തല്ലുന്നുണ്ട്. എനിക്ക് ഒരാളെ ഒരു പ്രത്യേക ദിവസത്തില്‍ തല്ലേണ്ടി വന്നിട്ടുണ്ട്. ആ ആള്‍ടെ കല്യാണമായിരുന്നു രണ്ട് ദിവസം കഴിഞ്ഞാല്‍, മിസ്റ്റര്‍ ലുക്മാന്റെ,’ ബിനു പപ്പു പറഞ്ഞു.
ചിത്രത്തില്‍ ഡ്യൂപ്പുകളുണ്ടായിരുന്നെങ്കിലും തങ്ങള്‍ അവരുടെ ഡ്യൂപ്പുകളാണോ എന്നാണ് തോന്നിയതെന്ന് ടൊവിനോ പറഞ്ഞു. ‘വേറെ ഒരാളെ ഇടിക്കുന്ന സമയത്ത് ഇടിച്ചോ കുഴപ്പമില്ല എന്നൊക്കെ പറയും. പക്ഷേ ഇടിക്കുമ്പോള്‍ കേള്‍ക്കുന്ന ശബ്ദമൊക്കെ നമുക്ക് ഭയങ്കര വിഷമം ഉണ്ടാക്കുന്ന കാര്യങ്ങളാണ്. ഡ്യൂപ്പുകളെയൊക്കെ കൊണ്ടുവന്നിട്ടുണ്ടായിരുന്നു. പക്ഷേ അവരുടെ ഡ്യൂപ്പുകളാണോ ഞങ്ങള്‍ എന്നാണ് ഇടക്ക് തോന്നിയത്.
മുഖം കാണാത്ത ഷോട്ടുകളിലെ നമുക്ക് ഡ്യൂപ്പിനെ ഉപയോഗിക്കാന്‍ പറ്റുകയുള്ളൂ. പക്ഷേ മുഖം വ്യക്തമായി കാണുന്ന ഷോട്ടുകളാണ് എല്ലാം. അതിന് എങ്ങനെ ഡ്യൂപ്പിനെ ഉപയോഗിക്കും. ലുക്മാന്‍ എന്നെ അടിച്ച അടിക്ക് എങ്ങനെ ഡ്യൂപ്പിനെ വെക്കും. ലുക്മാനാണെങ്കില്‍ ആ സമയം ഭയങ്കര ടെന്‍ഷന്‍ ആയിരുന്നു എനിക്ക് വേദനിക്കുമോ എന്നൊക്കെ. ഞാന്‍ കുഴപ്പമില്ലെടാ പതുക്കെ അടിച്ചാല്‍ മതിയെന്നൊക്കെ പറഞ്ഞു കയ്യില്‍ അടിച്ച് കാണിക്കുകയൊക്കെ ചെയ്തു. പക്ഷേ ലുക്മാന് റഹ്മാനോടുള്ള പേടി കൊണ്ടാണോ എന്നോടുള്ള ദേഷ്യം കൊണ്ടാണോ എന്നറിയില്ല, നല്ല അടിയാണ് തന്നത്,’ ടൊവിനോ പറഞ്ഞു.
ഓഗസ്റ്റ് 12നാണ് തല്ലുമാല റിലീസ് ചെയ്യുന്നത്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് ചിത്രം നിര്‍മിക്കുന്നത്. മുഹ്‌സിന്‍ പരാരിയാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്.
Content Highlight: Binu Pappu shared that Lukman took a beating from him in thallumala two days before the wedding