ചുരുങ്ങിയ കാലംകൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ് ബിനു പപ്പു. സിനിമയില്‍ സജീവമായി നില്‍ക്കാന്‍ സൗഹൃദങ്ങള്‍ സഹായിച്ചിട്ടില്ലെന്ന് പറയുകയാണ് താരം. കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരാകുന്നവരെയാണ് തെരഞ്ഞെടുക്കുന്നതെന്നും ബിനു പറയുന്നു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘സിനിമയില്‍ സജീവമാകാന്‍ സൗഹൃദങ്ങള്‍ സഹായിച്ചിട്ടില്ല. ജോലിയും സൗഹൃദവും രണ്ടും രണ്ടായി കാണുന്ന ആളാണ് ഞാന്‍. അങ്ങനെ ഒരിക്കലും നമുക്ക് സിനിമയില്‍ നിലനില്‍ക്കാന്‍ കഴിയില്ല. അങ്ങനെ നോക്കുകയാണെങ്കില്‍ ആഷിഖേട്ടന്‍ എന്റെ അടുത്ത സുഹൃത്താണ്.
അത് മാത്രമല്ല അദ്ദേഹം എന്റെ ഗുരുവും കൂടിയാണ്. ഇപ്പോള്‍ പറഞ്ഞതുപോലെ ആണെങ്കില്‍ ആഷിഖേട്ടന്റെ എല്ലാ പടത്തിലും ഞാന്‍ അഭിനയിക്കേണ്ടി വരില്ലേ. പക്ഷേ അങ്ങനെ നടക്കില്ല.
പ്രത്യേകിച്ച് സിനിമയില്‍ വരുമ്പോള്‍ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നത് തിരക്കഥ നോക്കിയിട്ടാണ്. ആ കഥാപാത്രം ആര് ചെയ്താല്‍ നന്നായിരിക്കും എന്നതിന്റെ അടിസ്ഥാനത്തിലാണ് ആളുകളെ തെരഞ്ഞെടുക്കുന്നത്.
ഞാന്‍ ചെയ്താല്‍ നന്നായിരിക്കും എന്നാണ് അവര്‍ കരുതുന്നതെങ്കില്‍ ഉറപ്പായും എന്നെ വിളിക്കും. സംവിധായകരും തിരക്കഥാകൃത്തുക്കളുമായ ഒരുപാട് സുഹൃത്തുകള്‍ എനിക്ക് സിനിമയിലുണ്ട്. മുഹ്‌സിന്‍ പെരാരി, ജിനു, സക്കറിയ തുടങ്ങിയവരൊക്കെ എന്‍രെ നല്ല സുഹൃത്തുകളാണ്.
എന്നാല്‍ അവരുടെ എല്ലാ സിനിമയിലും എന്നെ വിളിക്കാന്‍ കഴിയില്ല. അവരുടെ സിനിമക്ക് എന്നെ ആവശ്യമുണ്ടെങ്കില്‍ മാത്രം എന്നെ വിളിച്ചാല്‍ മതി. മുഹ്‌സിന്റെ ചേട്ടന്റെ സിനിമയാണ് ഞാന്‍ അടുത്തത് ചെയ്യാന്‍ പോകുന്നത്. ആ സിനിമക്ക് എന്നെ ആവശ്യമുണ്ട് എന്ന് തോന്നിയതുകൊണ്ടാണ് എന്നെ വിളിച്ചത്.
അല്ലെങ്കില്‍ അവര്‍ വേറേ ആരെയെങ്കിലും വിളിക്കും. സ്വാഭാവീകമായി ഞാനും അങ്ങനെയാണ്. അസോസിയേറ്റായി ജോലി ചെയ്യുമ്പോള്‍ കാസ്റ്റിങ് നടത്തുന്നത് ഞങ്ങളാണ്. അപ്പോള്‍ എനിക്ക് എത്ര സുഹൃത്തുക്കളുണ്ട് അവരെയൊന്നും അല്ലല്ലോ ഞാന്‍ കാസ്റ്റ് ചെയ്യുന്നത്.നമ്മുടെ ആഗ്രഹം സിനിമ ഓടുക എന്നതാണ്. സുഹൃത്തുകള്‍ക്ക് അത് ചെയ്യാന്‍ പറ്റുമെന്ന് തോന്നുകയാണെങ്കില്‍ ഉറപ്പായും വിളിക്കും,’ ബിനു പറഞ്ഞു
നടന്‍ കൂടിയായ സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ഭാരത സര്‍ക്കസാണ് താരത്തിന്റെ റിലീസിനൊരുങ്ങുന്ന അടുത്ത സിനിമ. ബെസ്റ്റ് ബേ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ അനൂപ് ഷാജി നിര്‍മിച്ച ചിത്രത്തില്‍ ഷൈന്‍ടോം ചാക്കോ, സംവിധായകന്‍ എം.എ. നിഷാദ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
CONTENT HIGHLIGHT: BINU PAPPU SAYS HIS OPINION ABOUT CAST SELECTION