ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ബിനു പപ്പു. അച്ഛന്‍ കുതിരവട്ടം പപ്പുവിന് സിനിമയായിരുന്നു എല്ലാമെന്നും എന്നാല്‍ തങ്ങള്‍ക്ക് സിനിമ അദ്ദേഹത്തിന്റെ വെറും ജോലിയായിരുന്നു എന്നും പറയുകയാണ് ബിനു പപ്പു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘സിനിമയില്‍ അച്ഛന്‍ ഭയങ്കര ഡെഡിക്കേറ്റഡ് ആയിരുന്നു. അദ്ദേഹം വളരെ പാഷനേറ്റായിരുന്നു. കാരണം പുള്ളിയുടെ ജീവിതത്തില്‍ സിനിമയായിരുന്നു എല്ലാം. ഞാന്‍ ഈ കഥാപാത്രമാണ് ആ സിനിമയില്‍ ചെയ്തത് എന്നൊന്നും വീട്ടില്‍ വന്ന് പറയുന്ന ആളല്ല അച്ഛന്‍. അച്ഛന്‍ അങ്ങനത്തെ ഒരാളായിരുന്നു.
സിനിമ ഞങ്ങളെ സംബന്ധിച്ച് അച്ഛന്റെ ജോലി മാത്രമായിരുന്നു. അച്ഛന്‍ ജോലിക്ക് പോകുന്നുണ്ട്, അച്ഛന്‍ തിരിച്ച് വരുന്നുണ്ട്, ഞങ്ങള്‍ക്ക് അത്രയേ ഉണ്ടായിരുന്നുള്ളു. അച്ഛന്റെ സിനിമകളൊക്കെ കാണുന്നുണ്ട്. എന്നാല്‍ പുള്ളിയുടെ സിനിമ കാണാന്‍ തിയേറ്ററില്‍ ഇടിച്ച് കയറുന്ന പരിപാടി ഒന്നുമില്ല.
ഞങ്ങള്‍ ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാന്‍ പോകുമ്പോള്‍ അതില്‍ അച്ഛനുണ്ടായിരിക്കും. അങ്ങനെയായിരുന്നു ഞങ്ങള്‍ അച്ഛന്റെ സിനിമ കണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതിലൊക്കെ മാറ്റം വന്നിട്ടുണ്ട്. ഞാന്‍ സിനിമയില്‍ സജീവമായതിന് ശേഷം അച്ഛന്റെ സിനിമകള്‍ കൂടുതല്‍ കാണാറുണ്ട്.
സിനിമകളില്‍ നിന്ന് കൂടുതല്‍ പഠിക്കാനാണ് ഇപ്പോള്‍ അച്ഛന്റെ സിനിമകള്‍ കാണുന്നത്,’ ബിനു പപ്പു പറഞ്ഞു.
അച്ഛന്‍ ഒരു ഹാസ്യ താരമായിരുന്നിട്ടും കോമഡിവേഷങ്ങള്‍ ചെയ്യാന്‍ തനിക്ക് പേടിയാണെന്നും താരം പറഞ്ഞു. ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ എല്ലാവരും തന്നെ അച്ഛനുമായി താരതമ്യം ചെയ്യുമെന്നും ബിനു പറഞ്ഞു. അച്ഛന്‍ മരിച്ചിട്ട് ഒരുപാട് കാലമായിട്ടും അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ എല്ലാം പ്രേക്ഷകരുടെ മനസില്‍ ഉണ്ടെന്നും ബിനു കൂട്ടിച്ചേര്‍ത്തു.
കുതിരവട്ടം പപ്പുവില്‍ നിന്നും വ്യത്യസ്തമായ അഭിനയ ശൈലിയുള്ള താരമാണ് ബിനു പപ്പു. മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്താന്‍ ഈ സമയം കൊണ്ട് തന്നെ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. 2014ല്‍ പുറത്തിറങ്ങിയ ഗുണ്ട എന്ന സിനിമയിലൂടെയാണ് ബിനു അരങ്ങേറ്റം കുറിച്ചത്. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ ഡിസംബര്‍ 2ന് പുറത്തിറങ്ങുന്ന സൗദി വെള്ളക്കയാണ് ബിനുവിന്റെ ഏറ്റവും പുതിയ ചിത്രം.
content highlight: binu pappu says about his father kuthiravattom pappu