കുതിരവട്ടം പപ്പുവില്ലാതെ മലയാളം സിനിമയ്ക്ക് എന്താഘോഷം! പൊട്ടിച്ചിരിപ്പിച്ചും ഈറനണിയിപ്പിച്ചും പപ്പുവെന്ന വ്യക്തി മലയാള സിനിമയിലും മലയാളികള്‍ക്കിടയിലും ഇന്നും ജീവിക്കുകയാണ്. കുതിരവട്ടം പപ്പുവെന്ന അതുല്യ പ്രതിഭ ഓര്‍മയായിട്ട് ഇന്നേയ്ക്ക് ഇരുപത് വര്‍ഷങ്ങള്‍ തികയുമ്പോള്‍ പപ്പുവിന്റെ മകനും സിനിമാനടനുമായ ബിനു പപ്പു അച്ഛന്റെ ഓര്‍മകള്‍ ഡൂള്‍ന്യൂസുമായി പങ്കുവെക്കുന്നു.
വളരെയധികം തിരക്കുള്ള ഒരു മനുഷ്യന്‍… അതാണ് അച്ഛനെക്കുറിച്ച് ആലോചിക്കുമ്പോള്‍ ആദ്യം ഓര്‍മവരുന്നത്. എപ്പോഴും തിരക്കായിരിക്കും. രാത്രിയാകും വരാന്‍. രാവിലെ ഞങ്ങള്‍ ഉറങ്ങിയെഴുന്നേല്‍ക്കുമ്പോഴേക്കും അച്ഛന്‍ ഷൂട്ടിന് പോയിട്ടുണ്ടാവും. അങ്ങനെ വളരെ തിരക്കുള്ള ഒരു മനുഷ്യനായിട്ടാണ് അച്ഛനെ കുറിച്ച് ഓര്‍മയിലേക്ക് ആദ്യം വരുന്ന ചിത്രം.
മറ്റൊരര്‍ത്ഥത്തില്‍ സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു മനുഷ്യനായിരുന്നു. വീട്ടില്‍ കുറേ വളര്‍ത്തു മൃഗങ്ങളുണ്ടായിരുന്നു. അച്ഛനിഷ്ടമായിരുന്നു അത്. വീട്ടിലുണ്ടാവുന്ന ഒഴിവു സമയങ്ങളിലാണെങ്കില്‍ അച്ഛന്‍ നടന്ന് മാര്‍ക്കറ്റിലൊക്കെ പോയി മീനൊക്കെ വാങ്ങി വന്ന് കറിയൊക്കെ വെച്ച് കഴിക്കുന്ന ഒരു സാധാരണക്കാരന്‍, അതായിരുന്നു അച്ഛന്‍.
കുട്ടിക്കാലത്ത് വിഷു, ഓണം, ന്യൂയര്‍, അല്ലെങ്കില്‍ നമ്മുടെ പിറന്നാള് ഒക്കെയാണ് പ്രധാനപ്പെട്ട കാര്യങ്ങള്‍. ഈ സമയത്തൊക്കെ അച്ഛന്‍ വീട്ടില്‍ ഉണ്ടായിക്കഴിഞ്ഞാല്‍ നല്ല ഓളമാണ്. അച്ഛനുണ്ടെങ്കില്‍ അച്ഛന്റെ സുഹൃത്തുക്കളുണ്ടാവും. പിന്നെ ചീട്ടുകളിയുണ്ടാവും. ആകെ ഒച്ചയും ബഹളവും, സത്യത്തില്‍ ഒരു ഉത്സവ പ്രതീതിയായിരിക്കും വീട്ടിലുണ്ടാവുക.
അച്ഛനങ്ങ് പോയിക്കഴിഞ്ഞാല്‍ എല്ലാം നിശബ്ദമാവും. പിന്നെ അമ്മയും ഞാനും ചേട്ടനും മാത്രമാവും. അച്ഛന്‍ എന്നു പറയുന്നത് ഒരു ഉത്സവപ്രതീതി കൂടിയായിരുന്നു. വിഷുവിനും ഓണത്തിനുമൊക്കെ അച്ഛനുണ്ടാവുമ്പോള്‍ ഒരു പ്രത്യേക രസമായിരുന്നു. അതേസമയം ഈ ദിവസങ്ങളില്‍ അച്ഛന്‍ ഷൂട്ടിംഗ് ലൊക്കേഷനിലൊക്കെ ആണെങ്കില്‍ ഭക്ഷണം കഴിച്ചോ എന്നൊക്കെ ചോദിച്ച് ഒരു ഫോണ്‍കോള്‍ ആയിരിക്കും വരിക.
അച്ഛനുണ്ടായിരുന്ന സമയത്ത് ഞാന്‍ അച്ഛന്റെ കൂടെ ഷൂട്ടിംഗ് കാണാനൊക്കെ കൂടെ പോകുമായിരുന്നു. പ്രത്യേകിച്ചും സ്‌കൂള്‍ അവധിക്കാലത്തൊക്കെ ധാരാളം ലൊക്കേഷനുകളില്‍ പോയിട്ടുണ്ട്.
അച്ഛനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഏറ്റവും സന്തോഷം തോന്നുന്ന കാര്യത്തില്‍ ഒന്ന് അച്ഛന്റെ കൂടെ വര്‍ക്കുചെയ്തവര്‍ അച്ഛനെ പറ്റി നമ്മളോട് പറയുന്നത്. ഞാന്‍ സിനിമയിലേക്ക് കടന്നുവന്ന ഈ സമയത്ത് ഏറ്റവും നല്ല ഓര്‍മകള്‍ അച്ഛന്റെ കൂടെ പ്രവര്‍ത്തിച്ചവരുടെ കൂടെ പ്രവര്‍ത്തിക്കുന്നതാണ്.
അവരുടെ കൂടെ സിനിമ ചെയ്യുമ്പോള്‍ അവര്‍ക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടാവും. അച്ഛനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കാനുണ്ടാവും. അവര്‍ക്കും അത് വളരെ സന്തോഷമുണ്ടാക്കുന്ന കാര്യം കൂടിയാണ്. അവരെ സംബന്ധിച്ചിടത്തോളം ആ മനുഷ്യന്റെ മകന്റെ കൂടെ സിനിമ ചെയ്യുന്നതും അവര്‍ക്ക് സന്തോഷമാണ്.
അവര്‍ക്ക് അച്ഛനോടുള്ള ബഹുമാനവും അച്ഛന് അവര്‍ക്കിടയിലുണ്ടായിരുന്ന ഒരു സ്പേസും ഒക്കെ അവര്‍ നമ്മളെ കണ്ട് സംസാരിക്കുമ്പോഴാണ് മനസിലാവുക.
അതേപോലെയാണ് ഇപ്പോള്‍ ഞാന്‍ വര്‍ക്ക് ചെയ്യുന്ന സമയത്തായാലും അച്ഛന്റെ തമാശകളും അല്ലെങ്കില്‍ അച്ഛന്‍ ഉപയോഗിച്ച പലവാക്കുകളാണ് സിനിമയിലുള്ള പലരും എന്റെയടുത്ത് പറയുന്നത്. ഞാന്‍ അസോസിയേറ്റ് ഡയറക്ടറായിട്ട് ആഷിഖ് ഏട്ടന്റെ കൂടെയും അതുപോലെ ജോണ്‍ പോള്‍ ജോര്‍ജ്ജിന്റെ കൂടെയും, വണ്‍ എന്നു പറയുന്ന പുതിയ ചിത്രത്തില്‍ അസോസിയേറ്റ് ഡയറക്ടറായിട്ടും ഒക്കെ വര്‍ക്ക് ചെയ്യുന്ന സമയത്തൊക്കെയും നമുക്ക് ഇത്തരം തമാശകള്‍ കേള്‍ക്കാന്‍ സാധിക്കും.
ഉദാഹരണത്തിന് നമ്മള്‍ സാധാരണ പറയുന്ന ഒരു വാക്കാണ് ‘ഇപ്പൊ ശരിയാക്കിതരാ’ എന്നത്. സെറ്റിലാവുന്ന സമയത്ത് എന്തെങ്കിലും പറഞ്ഞാല്‍ ഞാന്‍ സാധാരണയായി ഇപ്പോ ശരിയാക്കിത്തരാം എന്നു പറഞ്ഞാല്‍ അവര്‍ പറയും ‘ഡാ.. അച്ഛന്‍ പറഞ്ഞ പോലെ ആവരുത് ട്ടോ’ എന്ന്. അതു പോലെ ഒരു തവണ ചേട്ടാ വണ്ടി വിളിക്കണ്ടെ എന്നു ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ‘നീ പോയി ടാസ്‌കി വിളിയെടാ’ എന്നായിരുന്നു.
അച്ഛന്റെ കൂടെ സിനിമയില്‍ വര്‍ക്ക് ചെയ്ത ആള്‍ക്കാരെ സംബന്ധിച്ച് ഇതൊരു വലിയ സന്തോഷമാണ്. അവര്‍ അച്ഛന്റെ തമാശകള്‍ ഇങ്ങോട്ട് വന്നു പറയും. അച്ഛന്‍ ചെയ്ത സിനിമകളിലെ ഡയലോഗുകളില്‍ എല്ലാവരും ഓര്‍ത്തിരിക്കുന്ന ഒന്നാണ് താമരശ്ശേരി ചുരം എന്ന ഡയലോഗ്്. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം പൂച്ചക്കൊരു മൂക്കുത്തി, അതുപോലെ മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന സിനിമകളൊക്കെയാണ് മനസില്‍ തങ്ങിനില്‍ക്കുന്നതാണ് അത്. പ്രിയദര്‍ശന്‍ സിനിമകളാണ് അച്ഛന്റെ തമാശകള്‍ ഉടലെടുത്തതില്‍ പ്രധാനമായും പങ്കുവഹിച്ചിട്ടുള്ളത്.
അതുപോലെ തന്നെയായിരുന്നു ദ കിംഗ് എന്ന സിനിമയിലും അമൃതംഗമയ എന്ന സിനിമയിലും അങ്ങാടിയിലുമൊക്കെ അച്ഛന്റെ അഭിനയം. ക്യാരക്ടര്‍ റോളുകളും എടുത്ത് പറയേണ്ടതും മനസില്‍ തങ്ങിനില്‍ക്കുന്നതുമാണ്. അതില്‍ തന്നെ കിംഗ് സിനിമയിലാണ് അച്ഛന്‍ മുഴുനീളമായിട്ട് വളരെ ഗൗരവമേറിയ കഥാപാത്രം ചെയ്തത്.