മമ്മൂട്ടിയോടൊക്കെ സംസാരിക്കാൻ ഒരു സ്വാതന്ത്ര്യമുണ്ടെന്ന് നടൻ ബിനു പപ്പു. സ്റ്റാർ കിഡ് ആയതുകൊണ്ട് ചില പ്രിവിലേജുകൾ ഉണ്ടെന്നും മുതിർന്ന നടന്മാരോട് സംസാരിക്കുമ്പോൾ അച്ഛന്റെ സുഹൃത്തുക്കളോട് സംസാരിക്കുന്നപോലെയാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. പോപ്പർ സ്റ്റോപ്പ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘മമ്മൂക്കയുടെയും ലാലേട്ടന്റെയും അടുത്ത് ചെന്നാൽ എനിക്കൊരു സ്വാതന്ത്ര്യം ഉണ്ട്. അച്ഛന്റെ കൂട്ടുകാരനോട് സംസാരിക്കുന്നതുപോലെയാണ് മമ്മൂക്കയോട് സംസാരിക്കുമ്പോൾ. അവിടെ മാർജിനുകളൊന്നും ഉണ്ടാകുന്നില്ല, ഞങ്ങൾക്കിടയിൽ ഗ്യാപ്പില്ല. പുള്ളി എന്നോട് ചോദിക്കുന്ന ചോദ്യങ്ങളോ അല്ലെങ്കിൽ ഞാൻ കൊടുക്കുന്ന മറുപടികളോ അത്തരത്തിലുള്ളതാണ്. അത് ചിലപ്പോൾ തമാശകളോ അങ്ങോട്ടും ഇങ്ങോട്ടും ട്രോളുന്നതോ ആകാം.
മമ്മൂക്കയോടും ലാലേട്ടനോടും ഒക്കെ എങ്ങനെയാണ് ബഹുമാനം പ്രകടിപ്പിക്കേണ്ടതെന്ന് എനിക്കറിയില്ല. ഒരു നടൻ എങ്ങനെ ആകണമെന്നും എന്തൊക്കെ ചെയ്യണമെന്നും അവർ ഉദാഹരണങ്ങളിലൂടെ കാണിച്ച് തന്നിട്ടുണ്ട്. ഇവരൊക്കെ അച്ഛന്റെ സുഹൃത്തുക്കളാണ്, അതാണ് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ പ്രിവിലേജ്,’ ബിനു പപ്പു പറഞ്ഞു.
അഭിമുഖത്തിൽ മണിയൻ പിള്ള രാജുവിനൊപ്പമുള്ള അനുഭവവും ബിനു പപ്പു പങ്കുവെച്ചു. മണിയൻ പിള്ള രാജുവിനോടൊപ്പം അഭിനയിച്ചപ്പോൾ താൻ നടൻ പപ്പുവിന്റെ മകൻ ആണെന്ന് പറഞ്ഞില്ലെന്നും അവരെ ബുദ്ധിമുട്ടിക്കാൻ താൽപര്യമില്ലാത്തതുകൊണ്ടാണ് പറയാതിരുന്നതെന്നും ബിനു പപ്പു പറഞ്ഞു.
‘ഞാൻ ‘സഖാവ്’ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ മണിയൻപിള്ള രാജു ചേട്ടൻ അവിടെ ഉണ്ടായിരുന്നു. കുറച്ച് സീനുകൾ അഭിനയിച്ച് കഴിഞ്ഞാണ് ഞാൻ പപ്പുവിന്റെ മകൻ ആണെന്ന് അദ്ദേഹത്തോട് പറയുന്നത്. ‘താൻ എന്താടോ ഇത് നേരത്തെ പറയാഞ്ഞത്’ എന്ന് എന്നെ ചേർത്തുപിടിച്ചിട്ട് അദ്ദേഹം ചോദിച്ചു. ഞാൻ ചിരിച്ചു. എനിക്ക് അവരെ ഒന്നും ബുദ്ധിമുട്ടിക്കണമെന്നില്ല, എന്തിനാണ് അങ്ങനെയൊക്കെ പറയുന്നതെന്ന് ഓർത്തിട്ടാണ്. പക്ഷെ അവർക്ക് ഇപ്പോഴും അതൊരു വിഷമമായിട്ടാണ് തോന്നുന്നത്. കാരണം നമ്മളൊന്നും പറഞ്ഞില്ലെന്ന് ഒരു തോന്നൽ ഉണ്ടാകും. പിന്നീട് ഞാൻ ഓർത്തു, നമ്മൾ തന്നെ പോയി പറയണം. അവർ എന്റെ അച്ഛന്റെ സുഹൃത്തുക്കളാണ്. ഒരുപാട് ചിത്രങ്ങൾ ഒരുമിച്ച്നിന്ന് ചെയ്തതും ഒരു കുടുംബം പോലെ നിന്നിരുന്നതുമാണ്,’ ബിനു പപ്പു പറഞ്ഞു.