മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കുതിരവട്ടം പപ്പു. അദ്ദേഹത്തിന്റെ സിനിമകളും ഡയലോഗുകളും ഇന്നും സജീവമായി നില്‍ക്കുന്നുണ്ട്. അദ്ദേഹം മരിച്ചിട്ട് രണ്ട് പതിറ്റാണ്ടിലേറെ ആയിട്ടും മലയാള പ്രേക്ഷകരുടെ മനസില്‍ നിന്നും പപ്പു എന്ന അഭിനേതാവ് മാഞ്ഞുപോയിട്ടില്ല.
കുതിരവട്ടം പപ്പു വിടവാങ്ങിയിട്ട് ഇന്ന് 23 വര്‍ഷം തികയുകയാണ്. അദ്ദേഹത്തിന്റെ മകനും നടനുമായ ബിനു പപ്പു തന്റെ ഓര്‍മകള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍. അച്ഛന്‍ ഇപ്പോഴും തന്റെ കൂടെ ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുകയാണെന്നും ഓരോ ദിവസവും അദ്ദേഹത്തെ മിസ് ചെയ്യുന്നുണ്ടെന്നും ബിനു ഫേസ്ബുക്കില്‍ കുറിച്ചു.
‘അച്ഛാ എനിക്ക് നിങ്ങളോട് സംസാരിക്കാനും എന്റെ ദിവസത്തെ കുറിച്ച് പറയാനും കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ഇപ്പോഴും ആഗ്രഹിക്കുന്നു. ഞാന്‍ നിങ്ങളെ എല്ലാ ദിവസവും മിസ് ചെയ്യുന്നുണ്ട്. ഞാന്‍ നിങ്ങളെ വളരെയധികം സ്‌നേഹിക്കുന്നു,’ ബിനു പപ്പു ഫേസ്ബുക്കില്‍ കുറിച്ചു.
ബിനു പങ്കുവെച്ച പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ അഭിനയ മികവിനെ കുറിച്ചും മലയാള സിനിമക്ക് അദ്ദേഹത്തിന്റെ മരണംകൊണ്ട് സംഭവിച്ച നഷ്ടത്തെ കുറിച്ചുമൊക്കെയാണ് കമന്റുകള്‍ വരുന്നത്. പപ്പുവിന്റെ പിന്‍ഗാമിയായി ബിനു വളര്‍ന്നു വരണം എന്നൊക്കെ ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട്.
അദ്ദേഹം അഭിനയിച്ച ഭാര്‍ഗവി നിലയം എന്ന സിനിമയിലെ കഥാപാത്രത്തിന്റെ പേരാണ് കുതിരവട്ടം പപ്പു. സിനിമ പുറത്തിറങ്ങിയതിന് ശേഷം അദ്ദേഹത്തിനെ എല്ലാവരും കുതിരവട്ടം പപ്പു എന്നാണ് വിളിച്ചത്. കോമഡി റോളുകളാണ് അദ്ദേഹം കൂടുതല്‍ അവതരിപ്പിച്ചത്.
മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത നരസിംഹമാണ് പപ്പു അഭിനയിച്ച അവസാന സിനിമ. തുടര്‍ന്ന് 2000ത്തില്‍ ആരോഗ്യപരമായ ചില കാരണങ്ങളെ തുടര്‍ന്ന് അദ്ദേഹം മരണപ്പെട്ടു.
content highlight: binu pappu new facebook post about kuthiravattom pappu