| Thursday, 8th December 2022, 2:09 pm

സിനിമാ സര്‍ക്കിളില്‍ നില്‍ക്കുന്നവര്‍ക്ക് മാത്രമേ അത് മനസിലാകൂ; ആയിഷുമ്മയെ ആളുകള്‍ പെട്ടെന്ന് സ്വീകരിക്കാന്‍ കാരണവുമിതാണ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദേവി വര്‍മ, ലുക്മാന്‍ അവറാന്‍, ബിനു പപ്പു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് സൗദി വെള്ളക്ക. ഓപ്പറേഷന്‍ ജാവക്ക് ശേഷം തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്.

പുതുമുഖ നടി ദേവി വര്‍മ അവതരിപ്പിച്ച ആയിഷ റാവുത്തര്‍ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ട് പോകുന്നത്. കഥാപാത്രത്തിന് വേണ്ടി ഡബ്ബ് ചെയ്തിരിക്കുന്നത് നടി പൗളി വല്‍സനാണ്.

ദേവി വര്‍മയുടെ ആയിഷ റാവുത്തറായുള്ള പ്രകടനത്തെയും വേറൊരു നടിയെക്കൊണ്ട് ആ കഥാപാത്രത്തിന് വേണ്ടി ഡബ്ബ് ചെയ്യിച്ചതിനെയും കുറിച്ച് സംസാരിക്കുകയാണ് ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ബിനു പപ്പുവും സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും.

”കൊച്ചിക്ക് ഒരു താളമുണ്ട്. ആളുകളെ ചിരിപ്പിക്കാന്‍ വേണ്ടി പല സിനിമകളിലും കൊച്ചിയെ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷെ ഞങ്ങള്‍ ഈ സിനിമക്ക് വേണ്ടി ഒരു സിനിമയുടെയും കൊച്ചി സ്ലാങ് റഫര്‍ ചെയ്തിട്ടില്ല. കാരണം അതൊക്കെ തെറ്റാണെന്ന് അവിടെയുള്ള ആളുകള്‍ തന്നെ ഞങ്ങളോട് പറഞ്ഞിട്ടുണ്ടായിരുന്നു.

അതുകൊണ്ട് തന്നെ ഒരു പ്രത്യേക കണ്‍സേണ്‍ ഉണ്ടായിരുന്നു. എന്റെ സിനിമകളില്‍ സാധാരണയായി ആര്‍ടിസ്റ്റുകള്‍ തന്നെയാണ് അവര്‍ക്ക് വേണ്ടി ഡബ്ബ് ചെയ്യാറുള്ളത്, വേറെ ആരെക്കൊണ്ടും ഡബ്ബ് ചെയ്യിക്കാറില്ല. പക്ഷെ ഇതൊരു റീജിയണല്‍ സിനിമയായത് കൊണ്ടാണ് ഞാന്‍ ആ ഭാഷ ഉപയോഗിക്കുന്ന ആളുകളെ കൊണ്ട് ഡബ്ബ് ചെയ്യിച്ചത്.

ആയിഷുമ്മയുടെ കാര്യത്തിലേക്ക് വരുമ്പോള്‍, തട്ടമിട്ടിട്ട് അവര്‍ അവരുടെ വള്ളുവനാടന്‍ ഭാഷയില്‍ ‘എന്താ ചെയ്യാ, ശ്ശ്യാ’ എന്നൊക്കെ പറയുകയാണെങ്കില്‍ പിന്നെ എന്തായിരിക്കും അവസ്ഥ (ചിരി). തട്ടമിട്ട ശേഷം, ‘എന്റെ പൂര്‍ണത്രയേശാ’ എന്ന് വിളിച്ചാല്‍ തീര്‍ന്നില്ലേ.

ആ അമ്മയുടെ വായയില്‍ എപ്പോഴും വരുന്നത് ഇങ്ങനെയൊക്കെയാണ്. ‘നാരായണാ’ എന്നൊക്കെയായിരിക്കും പറയുക,” തരുണ്‍ മൂര്‍ത്തി പറഞ്ഞു.

ദേവി വര്‍മയെ കുറിച്ച് ബിനു പപ്പുവും അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

”ആ അമ്മയോട് എന്ത് പറഞ്ഞാലും ചിരിക്കും. പാവം അമ്മയാണ്. പാലക്കാടാണ് അവരുടെ ശരിക്കുള്ള സ്വദേശം. കല്യാണത്തിന് ശേഷമാണ് തൃപ്പൂണിത്തുറയില്‍ എത്തുന്നത്.

വളരെ ഓര്‍ത്തഡോക്‌സായ ഒരു ഫാമിലിയില്‍ നിന്ന് വരുന്നയാളാണ്. അമ്പലവും പൂജയും ദൈവവും ഭക്തിയും വഴിപാടുമായി നടക്കുന്ന അവരെയാണ് തട്ടവും നിസ്‌കാര തഴമ്പും ഇടീപ്പിച്ച് നടത്തിയത്. അപ്പൊ പിന്നെ ‘എന്താ, എവിട്യാ പോണേ’ എന്ന് ചോദിച്ചാല്‍ പിന്നെ കഴിഞ്ഞില്ലേ കഥ,” താരം ചിരിച്ചുകൊണ്ട് പറഞ്ഞു.

”തുടക്കത്തില്‍ ഉമ്മയെ കാസ്റ്റ് ചെയ്തപ്പൊ തന്നെ പൗളി ചേച്ചിയെ കൊണ്ട് ഡബ്ബ് ചെയ്യിപ്പിക്കാം എന്ന് പ്ലാന്‍ ചെയ്തിരുന്നു.

സിനിമയെ വളരെ അടുത്തറിയുന്ന, സിനിമാ സര്‍ക്കിളില്‍ നില്‍ക്കുന്ന ആളുകള്‍ക്ക് മാത്രമാണ് അത് പൗളി ചേച്ചിയാണെന്ന് മനസിലാകൂ. അല്ലാത്ത സാധാരണക്കാര്‍ക്ക് അതൊരു ക്യാരക്ടറാണ്,” സംവിധായകന്‍ പറയുന്നു.

”ഉമ്മയുടെ കഥാപാത്രത്തെ എല്ലാവരും പെട്ടെന്ന് സ്വീകരിച്ചു. അതിന് വലിയ കാരണം പൗളി ചേച്ചി തന്നെയാണ്. കാരണം ആ ശബ്ദവും രൂപവും ചേരുമ്പോഴാണ് നമുക്ക് ഒരു കഥാപാത്രത്തെ ഇഷ്ടമാകുന്നത്,” ബിനു പപ്പു കൂട്ടിച്ചേര്‍ത്തു.

ഒരു കോര്‍ട്ട് റൂം ഡ്രാമ കൂടിയായി ഒരുക്കിയിരിക്കുന്ന സൗദി വെള്ളക്കയില്‍ ഗോകുലന്‍, സിദ്ധാര്‍ത്ഥ് ശിവ, സുജിത് ശങ്കര്‍, രമ്യ സുരേഷ്, ധന്യ അനന്യ, നില്‍ജ, വിന്‍സി അലോഷ്യസ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

Content Highlight: Binu Pappu and Tharun Moorthy talks about Saudi Vellakka movie and Devi Varma’s character

We use cookies to give you the best possible experience. Learn more