അച്ഛന് കുതിരവട്ടം പപ്പുവിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ബിനു പപ്പു. അച്ഛനായി അദ്ദേഹം ഒന്നും വാങ്ങിയിട്ടില്ലെന്നും എല്ലാം വീട്ടിലേക്കായിരിക്കും വാങ്ങിത്തരികയെന്നും ബിനു പപ്പു പറഞ്ഞു.
അച്ഛന് കുട്ടിക്കാലത്ത് വേണ്ടതൊന്നും കിട്ടിയിരിക്കില്ലെന്നും തങ്ങള്‍ക്ക് ആ ഗതി വരരുതെന്ന് ആഗ്രഹിച്ചിട്ടുണ്ടാവുമെന്നും ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തില്‍ ബിനു പപ്പു പറഞ്ഞു.
‘അച്ഛന്റെ കുട്ടിക്കാലത്ത് വേണ്ടതൊന്നും കിട്ടിയിട്ടില്ല. പക്ഷേ ഞങ്ങള്‍ക്ക് വേണ്ടതെല്ലാം തന്നിട്ടുണ്ട്. കാരണം അങ്ങനെയാണ് അദ്ദേഹം ശീലിച്ചത്. അച്ഛന്‍ അച്ഛന് വേണ്ടി ഒരു സാധനം വാങ്ങുന്നത് ഞാന്‍ കണ്ടിട്ട് പോലുമില്ല. എല്ലാം വീട്ടിലേക്കായിരുന്നു. അച്ഛന്റെ നല്ല പ്രായത്തില്‍ നല്ല ഭക്ഷണം കിട്ടിയിട്ടുണ്ടാവില്ല, നല്ല വസ്ത്രമായിരിക്കില്ല. അങ്ങനെ ഒരു നിലയിലേക്ക് ഞങ്ങള്‍ പോകരുതെന്ന് ആഗ്രഹിച്ചിട്ടുണ്ടാവും.
ഓണവും വിഷുവുമൊക്കെ വരുമ്പോള്‍ ഞങ്ങള്‍ക്ക് കവറാണ് വരുന്നത്, അച്ഛനല്ല. ഡ്രസ് ഒക്കെ വാങ്ങി കൊടുത്തയക്കും. അച്ഛന്‍ വരിക എന്ന് പറഞ്ഞാല്‍ വീട്ടില്‍ അത് ഒരു ആഘോഷമാണ്. കാരണം, അച്ഛന്‍ വരുന്നു, അച്ഛന്റെ പിന്നാലെ ഒരുപാട് ഫ്രണ്ട്സ് വരുന്നു. പിന്നെ ചീട്ടുകളിയായി, ഒച്ചയും ബഹളവുമായി, രാത്രി വൈകും വരെ ഇരിക്കും. പെട്ടെന്ന് രാവിലെ നോക്കുമ്പോള്‍ അച്ഛനെ കാണില്ല. അച്ഛന്‍ ഷൂട്ടിന് പോയിട്ടുണ്ടാവും. അത് പെട്ടെന്നുണ്ടാകുന്ന സൈലന്‍സാണ്,’ ബിനു പപ്പു പറഞ്ഞു.
അയല്‍വാശിയാണ് ഒടുവില്‍ പുറത്ത് വന്ന ബിനു പപ്പുവിന്റെ സിനിമ. ഇര്‍ഷാദ് പരാരി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ സൗബിന്‍ ഷാഹിറായിരുന്നു നായകന്‍. തല്ലുമാലക്ക് ശേഷം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനും തല്ലുമാലയുടെ എഴുത്തുകാരന്‍ മുഹ്‌സിന്‍ പരാരി സഹനിര്‍മാതാവുമായാണ് ചിത്രം നിര്‍മിച്ചത്. നസ്‌ലിന്‍, നിഖില വിമല്‍, ലിജോ മോള്‍, ഗോകുലന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlight: binu pappu about the childhood of kuthiravattam pappu