| Friday, 31st March 2023, 8:35 pm

ചേച്ചി കരഞ്ഞിട്ട് അച്ഛൻ പോയെന്ന് പറഞ്ഞപ്പോൾ ഞാനാദ്യം ചോദിച്ചത് എങ്ങോട്ട് പോയെന്നാണ്: ബിനു പപ്പു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അച്ഛന്റെ മരണത്തെക്കുറിച്ച് ഇപ്പോഴും ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ലെന്ന് കുതിരവട്ടം പപ്പുവിന്റെ മകനും നടനുമായ ബിനു പപ്പു. പലപ്പോഴും അച്ഛൻ വീട്ടിലുണ്ടാകാതിരുന്നത് കൊണ്ട് ആ ആബ്സെൻസുമായി ശീലമായെന്നും അച്ഛൻ ഇന്നല്ലെങ്കിൽ നാളെ വരും എന്ന തോന്നലാണെന്നും അദ്ദേഹം പറഞ്ഞു. ധന്യ വർമക്ക് നൽകിയ അഭിമുഖത്തിലാണ് ബിനു പപ്പു ഇക്കാര്യങ്ങൾ പറഞ്ഞത്.

“അച്ഛൻ മരിക്കുന്ന സമയത്ത് എനിക്ക് പതിനെട്ട് വയസാണ്. ശരിക്കും അച്ഛൻ മരിക്കുന്ന ദിവസം ഞാൻ കോഴിക്കോട് പ്രൊവിഡൻസ് കോളേജിൽ ഒരു ഫെസ്റ്റിന് പോയിരിക്കുകയാണ്. തലേ ദിവസം രാത്രി ഞാനായിരുന്നു ഹോസ്പിറ്റലിൽ കിടന്നുറങ്ങിയത്. പിറ്റേന്ന് രാവിലെ ചേട്ടൻ വന്നിട്ട് എന്നോട് കോളേജിൽ പോകാൻ പറഞ്ഞു. ഞാൻ നോക്കുമ്പോൾ കട്ടിലിൽ പേപ്പറും വായിച്ചിരിക്കുന്ന അച്ഛനെയാണ് കണ്ടത്. ഫെസ്റ്റ് കഴിഞ്ഞ് ബീച്ചിൽ വന്നിരുന്നിട്ടൊക്കെയാണ് ഞാൻ ഹോസ്പിറ്റലിലേക്ക് പോകുന്നത്.

ഞാൻ ഹോസ്പിറ്റലിൽ എത്തുമ്പോൾ അവിടെ ആകെ ജനം. എല്ലാവരും അടക്കം പറയുന്നുണ്ട് ഇത് പപ്പുവേട്ടന്റെ മോനാണ്, മൂന്നാമത്തെയാളാണ് എന്നൊക്കെ. ഹോസ്പിറ്റലിന്റെ വരാന്തയിലെത്തിയപ്പോ ചേച്ചി കെട്ടിപ്പിടിച്ചിട്ട് എന്നോട് പറഞ്ഞു അച്ഛൻ പോയിന്ന്. ഞാൻ ചോദിച്ചു എങ്ങോട്ട് പോയെന്ന്. കാരണം എനിക്കത് ഉൾക്കൊള്ളാൻ പറ്റുന്നുണ്ടായിരുന്നില്ല. സാധാരണ ആ വാക്ക് ആണ് എപ്പോഴും പറയാറ്, അച്ഛൻ പോയീന്ന്. പക്ഷേ അത് കരായതെ ആണ് കേൾക്കുക,” ബിനു പപ്പു പറയുന്നു.

അച്ഛനെ പ്രസന്റ് ചെയ്യാൻ പറ്റുന്ന ഒരിടത്തും അച്ഛനുമായി പോകാൻ സാധിച്ചിട്ടില്ലെന്നും ബിനു പപ്പു പറയുന്നുണ്ട്.

“പി.ടി.എ മീറ്റിങ്ങിനൊക്കെ അമ്മ. ചേട്ടൻ, ചേച്ചി ആണ് വരിക. അച്ഛൻ വരില്ല. അന്ന് അത് എനിക്ക് ഭയങ്കര ആ​ഗ്രഹമായിരുന്നു. എനിക്ക് മാത്രമല്ല ചേട്ടനും ചേച്ചിക്കും ഒക്കെ ഈ പ്രശ്നം ഉണ്ടായിരുന്നു. നമുക്ക് എവിടെയൊക്കെ അച്ഛനെ പ്രസന്റ് ചെയ്യാൻ പറ്റുന്നോ അവിടെയൊന്നും അച്ഛനെ പ്രസന്റ് ചെയ്യാൻ പറ്റില്ല. പക്ഷേ കുതിരവട്ടം പപ്പു എന്ന പേരിൽ നമുക്ക് എല്ലായിടത്തും ആക്സസും സ്പേസും ഉണ്ട്. പക്ഷേ ആ കൈ പിടിച്ച് എവിടെയും പോകാൻ പറ്റിയിട്ടില്ല. നമ്മുടെ സിനിമയൊക്കെ റിലീസ് ചെയ്യുന്ന സമയത്ത് എല്ലാവരും നല്ല അഭിപ്രായം പറയുമ്പോഴൊക്കെ അച്ഛനുണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ട്.

അച്ഛൻ വരുന്നു എന്ന് പറഞ്ഞാൽ അതൊരു ആഘോഷമാണ്. അച്ഛൻ വരുന്നു, അച്ഛന്റെ പിന്നാലെ കുറേ ഫ്രണ്ട്സ് വരുന്നു. പിന്നെ ഒച്ചയായി ബഹളമായി, ചീട്ട് കളിയായി. പിന്നെ പെട്ടെന്ന് ഒരുദിവസം അച്ഛനെ കാണൂല. അച്ചൻ ഷൂട്ടിന് പോയിട്ടുണ്ടാകും. പിന്നെ അടുത്ത വരവിന് വേണ്ടി കാത്തിരിക്കണം.

ഓണം വിഷു ഒക്കെ വരുമ്പോൾ ഞങ്ങൾക്ക് കവറാണ് വരിക. അച്ഛനല്ല. ഡ്രസ് ഒക്കെ വാങ്ങി കൊടുത്തയക്കും. അച്ഛൻ മരിച്ചിട്ടും നൂറ് ശതമാനം എനിക്ക് അത് ഉൾക്കൊള്ളാൻ പറ്റിയിട്ടില്ല. കാരണം ഇന്നല്ലെങ്കിൽ നാളെ വരും എന്ന തോന്നലാണ്. ആ ആബ്സെൻസുമായിട്ട് ശീലമായി. ചിലരൊക്കെ അച്ഛന്റെ കാര്യം സംസാരിച്ചിട്ട് സോറി മോനെ എന്ന് പറയും, ഞാൻ പറയും കുഴപ്പമില്ലെന്ന്. അച്ഛൻ മരിച്ചതറിഞ്ഞ് ഞാൻ കരഞ്ഞിട്ടൊന്നുമില്ല. കാരണം അതെന്താണെന്ന് എനിക്ക് ഉൾക്കൊള്ളാൻ പറ്റിയിട്ടില്ല.

Content Highlight: Binu Pappu about Pappu’s death

We use cookies to give you the best possible experience. Learn more