| Wednesday, 29th March 2023, 10:54 am

ഇന്നയാളുടെ മകനാണെന്ന് വിചാരിച്ച് ഒരാളെയെടുത്ത് തലപ്പത്ത് വെക്കാന്‍ പറ്റില്ലല്ലോ; ആദ്യം കഴിവ് തെളിയിക്കണം: ബിനു പപ്പു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയ കാലയളവ് കൊണ്ട് മലയാള സിനിമാ പ്രേക്ഷകരുടെ മനസില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് ബിനു പപ്പു. നടന്‍ കുതിരവട്ടം പപ്പുവിന്റെ മകനായ ബിനുവിന് സിനിമയിലേക്ക് എത്താന്‍ എളുപ്പമായിരിക്കുമല്ലോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയാണ് ബിനു.

പ്രശസ്ത നടന്റെ മകനായതുകൊണ്ട് മാത്രം സിനിമയിലൊന്നും ആകാന്‍ സാധിക്കില്ലെന്നും ഓരോരുത്തരും തങ്ങളുടെ കഴിവ് തെളിയിച്ചാല്‍ മാത്രമെ പ്രേക്ഷകര്‍ അംഗീകരിക്കുകയുള്ളു എന്നും ബിനു പറഞ്ഞു. എന്നാല്‍ തനിക്ക് മറ്റ് ചില പ്രിവിലേജുകളുണ്ടെന്നും മറ്റുള്ളവരേക്കാള്‍ ആക്‌സസിബിലിറ്റി കൂടുതലുണ്ടെന്നും ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അസിസ്റ്റന്റ് ഡയറക്ടറാകുന്നതിന്റെ പ്രശ്‌നങ്ങള്‍ വീട്ടിലുണ്ടായിരുന്നു. വലിയ നടന്റെ മകനാണെന്ന് പറഞ്ഞാലും നമുക്ക് വെറുതെയങ്ങ് സിനിമയിലെത്താന്‍ സാധിക്കില്ലല്ലോ. ഇന്നയാളുടെ മകനാണെന്ന് വിചാരിച്ച് ഒരാളെയെടുത്ത് തലപ്പത്ത് വെക്കാന്‍ പറ്റില്ലല്ലോ. നമ്മള്‍ എന്താണെന്ന് ആദ്യം തെളിയിക്കണം.

നമ്മള്‍ ആരുടെ മകനും ആയിക്കോട്ടേ, ഏത് ഫീല്‍ഡുമായിക്കോട്ടേ നിങ്ങള്‍ ആരുടെ മകനാണെങ്കിലും മകളാണെങ്കിലും നിങ്ങള്‍ എന്താണ് നിങ്ങളുടെ കഴിവെന്ന് ആദ്യം തെളിയിക്കണം. അല്ലാതെ ഒരിക്കലും നമ്മളെ മറ്റുള്ളവര്‍ അംഗീകരിക്കില്ല. എന്നെ സംബന്ധിച്ച് എനിക്ക് പ്രിവിലേജുണ്ട്.

പലരുടെയും അടുത്തേക്ക് മറ്റുള്ളവര്‍ എത്തുന്നതിനേക്കാള്‍ വേഗത്തില്‍ നമുക്ക് എത്താന്‍ സാധിക്കും. ഞാന്‍ ഇന്നയാളുടെ മകനാണെന്ന് പോയി പറഞ്ഞാല്‍, ഒന്നെങ്കില്‍ അവര്‍ അച്ഛന്റെ കൂടെ വര്‍ക്ക് ചെയ്തവരായിരിക്കും അല്ലെങ്കില്‍ അച്ഛന്റെ സുഹൃത്തായിരിക്കും. ആ ഒരു ആക്‌സസ് എപ്പോഴുമുണ്ട്. പക്ഷെ അത് ചൂഷണം ചെയ്യുക എന്നത് ശരിയായ കാര്യമല്ലെന്ന് എനിക്ക് തോന്നി.

ശരിക്കും പറഞ്ഞാല്‍ ഇതൊക്കെ എന്നും നമ്മള്‍ക്കൊരു ബാധ്യതയാണ്. കാരണം എന്ത് ചെയ്താലും താരതമ്യം ചെയ്യും. ഭീമന്റെ വഴിയില്‍ ഞാന്‍ കോമഡി ചെയ്തു. അതിന് മുമ്പ് വരെ എല്ലാവരും ചോദിച്ചിരുന്നത് എന്താണ് കോമഡി ചെയ്യാത്തതെന്നാണ്. എന്റെ ഡയറക്ടര്‍ക്കും എനിക്കും അത് ഓക്കെയായി തോന്നിയിട്ടുണ്ട് പക്ഷെ അത് ഇഷ്ടപ്പെടാത്ത ഒരുപാട് ആളുകളുണ്ട്,’ ബിനു പപ്പു പറഞ്ഞു.

content highlight: binu pappu about his entry of malayalam cinema

We use cookies to give you the best possible experience. Learn more