| Monday, 21st November 2022, 5:17 pm

'നിന്റെ അച്ഛന്‍ എന്ത് ചെയ്താലും ചിരി വരും, നീ എന്ത് പറഞ്ഞിട്ടും ചിരി വരുന്നില്ലല്ലോ' എന്നാണ് അവര്‍ പറഞ്ഞത്: ബിനു പപ്പു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമാമേഖലയില്‍ തന്റേതായ ഇടം ഉണ്ടാക്കിയ നടനാണ് ബിനു പപ്പു. അച്ഛന്‍ കുതിരവട്ടം പപ്പു ഹാസ്യ താരമായിട്ടും തനിക്ക് ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്യാന്‍ പേടിയുണ്ടെന്ന് പറയുകയാണ് ബിനു പപ്പു. ഹാസ്യം ചെയ്യുമ്പോള്‍ എല്ലാവരും തന്നെ അച്ഛനുമായാണ് താരതമ്യം ചെയ്യുകയെന്ന് ബിനു പറഞ്ഞു.

അച്ഛന്‍ മരിച്ചിട്ട് ഒരുപാട് വര്‍ഷങ്ങളായിട്ടും ഇന്നും പല കഥാപാത്രങ്ങളിലൂടെ ആളുകളുടെ മനസില്‍ അദ്ദേഹമുണ്ട്. അതിനാല്‍ തന്റെ അഭിനയത്തെ അച്ഛന്റെ അഭിനയമായി താരതമ്യം ചെയ്ത് കമന്റ് ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് ബിനു പപ്പു ഇക്കാര്യം പറഞ്ഞത്.

”അച്ഛന്‍ ഒരു ഹാസ്യ താരമായിട്ടും എനിക്ക് ഹാസ്യം ചെയ്യാന്‍ ഭയമായിരുന്നു. കാരണം താരതമ്യം മുന്നില്‍ തന്നെ ഉണ്ട്. നിന്റെ അച്ഛന്‍ എന്ത് ചെയ്താലും ഞങ്ങള്‍ക്ക് ചിരിവരും. നീ എന്ത് പറഞ്ഞിട്ടും ഞങ്ങള്‍ക്ക് ചിരി വരുന്നില്ലല്ലോയെന്നാണ് പലരും എന്നോട് പറഞ്ഞിട്ടുള്ളത്. ഭീമന്റെ വഴി ചെയ്തപ്പോള്‍ എനിക്ക് ഒരുപാട് കമന്റ്‌സ് വന്നിരുന്നു.

പോര ചേട്ട നിങ്ങള്‍ സീരിയസ് പടം തന്നെ ചെയ്താല്‍ മതിയെന്ന് കുറേ പേര് കമന്റ് ചെയ്തു. ഞാന്‍ അത് നല്ല രീതിയിലാണ് എടുത്തത്. കാരണം അവര്‍ക്ക് അത് മതിയായി കാണില്ല. നമ്മളും ഒരു പ്രേക്ഷകന്‍ അല്ലെ, ചില സിനിമകള്‍ കാണുമ്പോള്‍ നമുക്കും തോന്നില്ലെ. അതുകൊണ്ട് ആളുകളുടെ അഭിപ്രായത്തോട് ഞാന്‍ ദേഷ്യപെട്ടിട്ട് കാര്യമില്ല.

ഞാന്‍ ഹാസ്യ വേഷം ചെയ്തത് അവര്‍ക്ക് ഇഷ്ടമായിട്ടില്ല. പിന്നെ എനിക്ക് ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോ. ഞാന്‍ ഈ അടുത്ത് ഇട്ട ഒരു പോസ്റ്റിന് താഴെ ഒരാള്‍ വന്ന് കമന്റ് ഇട്ടു. ചേട്ടാ പടം അത്ര പോരാ, തല്ലിപ്പൊളി പടം എന്നായിരുന്നു വന്ന കമന്റ്. ഞാന്‍ താങ്ക്യൂ എന്ന് മറുപടി കൊടുത്തു. എനിക്ക് വേറെ ഒന്നും പറയാന്‍ തോന്നിയില്ല. കാരണം അവര്‍ക്ക് ആ സിനിമ വര്‍ക്ക് ആയിട്ടില്ല. എനിക്ക് വര്‍ക്കാവാത്ത എത്ര സിനിമകള്‍ ഉണ്ട്. അതുപോലെ അദ്ദേഹത്തിനും ആ സിനിമ വര്‍ക്കായിട്ടില്ല.

അതുകൊണ്ട് അച്ഛനെ വെച്ചുള്ള താരതമ്യം അവിടെ തന്നെ ഉണ്ടാകും. കാരണം അച്ഛന്‍ ചെയ്ത് വെച്ച കഥാപാത്രങ്ങള്‍ അതുപോലെയുള്ളതാണ് അതാണ് പ്രശ്‌നം. അച്ഛന്‍ മരിച്ചിട്ട് തന്നെ 22 വര്‍ഷമായി. പക്ഷേ അദ്ദേഹം ചെയ്ത കഥാപാത്രങ്ങള്‍ ഇപ്പോഴും ആളുകളുടെ മനസില്‍ നിന്നും പോയിട്ടില്ല. അച്ഛന്‍ മരിക്കുന്നതിനും ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെയ്തതാണ് ‘വെള്ളാനകളുടെ നാട് സിനിമ’. അതുപോലെ തേന്മാവിന്‍ കൊമ്പത്ത് തുടങ്ങിയ നിരവധി ചിത്രങ്ങള്‍. ഇപ്പോഴും ടി.വിയില്‍ അവ ഓടികൊണ്ടിരിക്കുന്നുണ്ട്.

ടി.വിയില്‍ വരുമ്പോള്‍ അത് കണ്ട് ചിരിക്കുന്ന കുട്ടികള്‍ ‘ആരാണ് ആ നടന്‍’ എന്ന് ചോദിക്കും. അദ്ദേഹത്തെ പഠിച്ചിട്ടാണ് അവര്‍ വരുന്നത്. എന്റെ കൂട്ടുകാരുടെ മക്കള്‍ ഒക്കെ അങ്ങനെയാണ്. അച്ഛനെ ടി.വിയില്‍ കാണുമ്പോള്‍ കൂട്ടുകാരെ മക്കള്‍ ചോദിക്കാറുണ്ട് അദ്ദേഹത്തെക്കുറിച്ച്. അച്ഛന്‍ ചെയ്ത് വെച്ച സിനിമകള്‍ കണ്ടവരുടെ മുന്നില്‍ നിന്ന് നമ്മള്‍ തമാശ ചെയ്യുമ്പോള്‍ എപ്പോഴും താരതമ്യം ഉണ്ടാകും. അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ എനിക്ക് പേടിയും ഉണ്ട്. സ്ഥിരമായി എനിക്ക് പൊലീസ് വേഷങ്ങളായിരുന്നു കിട്ടിക്കൊണ്ടിരുന്നത്,” ബിനു പപ്പു പറഞ്ഞു.

അതേസമയം സഖാവ്, ലൂസിഫര്‍, ഹെലന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ബിനു പപ്പു പൊലീസ് വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

content highlight: binu pappu about his comedy roles and his father

We use cookies to give you the best possible experience. Learn more