ഇത്തവണ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ പ്രേക്ഷകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന പേരാണ് ബിന്ദു പണിക്കരുടേത്. റോഷാക്ക് എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനുള്ള അവാർഡ് ബിന്ദു പണിക്കർ കരസ്ഥമാക്കുമെന്ന് പ്രേക്ഷകർ ഏറെ പ്രതീക്ഷിച്ചിരുന്നു. തന്റെ പുതിയ സിനിമ വിശേഷങ്ങളും അവാർഡ് പ്രഖ്യാപനത്തെക്കുറിച്ചും സംസാരിക്കുകയാണ് ബിന്ദു പണിക്കർ.
തനിക്ക് അവാർഡ് ലഭിക്കാത്തതിൽ വിഷമമില്ലെന്ന് ബിന്ദു പണിക്കർ പറഞ്ഞു. ഇതുവരെ അവാർഡ് ലഭിക്കുന്നതിനെപ്പറ്റി ചിന്തിച്ചിട്ടില്ലെന്നും അവാർഡ് നിർണയ ദിവസം മാധ്യമങ്ങൾ ഒക്കെ വന്നപ്പോൾ നെഞ്ചിടിപ്പ് കൂടിയെന്നും ബിന്ദു പണിക്കർ പറഞ്ഞു. വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബിന്ദു പണിക്കർ.
‘എനിക്ക് അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിട്ടില്ല. ഓരോ കഥാപാത്രങ്ങളും ചെയ്യുമ്പോഴും അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചല്ല ചെയ്യുന്നത്. ഇത്രയും കാലം അതിനെ കുറിച്ച് ഓർത്തിട്ടുമില്ല, അതുകൊണ്ടുതന്നെ വിഷമങ്ങൾ ഉണ്ടായിട്ടില്ല. അവാർഡ് പ്രഖ്യാപിച്ച അന്ന് ആദ്യമായി കുറെ മാധ്യമങ്ങൾ ഒക്കെ വന്ന് നെഞ്ചിടിപ്പ് കൂട്ടി, അത്രയേ ഒള്ളു.
ഇതുവരെ ഒരു കഥാപത്രങ്ങളും ചെയ്തിട്ട് അവാർഡ് കിട്ടും എന്ന് തോന്നിയില്ല. ചെയ്യുന്ന കഥാപാത്രം നല്ല ഭംഗിയായി ചെയ്തുകൊടുക്കുക എന്ന് മാത്രമേയുള്ളു. കിട്ടുന്നത് ഭാഗ്യമെന്നു വിചാരിക്കുന്നു,’ ബിന്ദു പണിക്കർ പറഞ്ഞു.
നവാഗതനായ സമീർ അബ്ദുൽ തിരക്കഥയെഴുതി നിസ്സാം ബഷീർ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. മമ്മൂട്ടി കമ്പനി പ്രൊഡ്യൂസ് ചെയ്ത ചിത്രം താരങ്ങളുടെ അഭിനയ മികവുകൊണ്ടും സംവിധാന മികവുകൊണ്ടും ശ്രദ്ധ നേടി. മമ്മൂട്ടി, ഷറഫുദ്ദീൻ, ജഗദിഷ് ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, കോട്ടയം നസീർ, സഞ്ജു ശിവറാം, ആസിഫ് അലി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന് അവാർഡ് ലഭിക്കാതിരുന്നത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.
അതേസമയം, ഷമീർ ഭരതന്നൂർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആനക്ക് എന്തിന്റെ കേടാ എന്ന ചിത്രമാണ് ബിന്ദു പണിക്കരുടെ ഏറ്റവും പുതിയ ചിത്രം. സായ് കുമാർ, സുധീർ കരമന, മധുപാൽ എന്നിവർ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും. ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തും.
Content Highlights: Binu Panicker about Kerala State Film Award