ടെലിവിഷന്‍ പരിപാടികളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ബിനു അടിമാലി. കോമഡി പരിപാടികളിലൂടെയാണ് താരം കൂടുതല്‍ അറിയപ്പെട്ടത്. ഒരിക്കല്‍ ഉദ്ഘാടകനായി പോയപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന ഒരു അനുഭവത്തെ കുറിച്ച് പറയുകയാണ് ബിനു അടിമാലി.
ചെറിയൊരു സംരംഭം തുടങ്ങാന്‍ പോകുവുകയാണെന്ന് പറഞ്ഞ് തന്നെ മൂന്നുപേര്‍ വിളിച്ചെന്നും വളരെ കുറഞ്ഞ തുകയില്‍ ഉദ്ഘാടകനായി താന്‍ പോയെന്നും എന്നാല്‍ അവിടെ എത്തിയപ്പോഴാണ് തന്നെ പറ്റിക്കുകയായിരുന്നുവെന്ന് മനസിലായതെന്നും ബിനു പറഞ്ഞു. വലിയൊരു ഷോപ്പിങ് കോംപ്ലെക്‌സിലെ മൂന്ന് കടകള്‍ തന്നെ കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘എന്റെ നാട്ടുകാരില്‍ നിന്നും എന്നെ വിഷമിപ്പിച്ച ഒരു സംഭവമുണ്ടായിട്ടുണ്ട്. എന്റെ നാട്ടുകാര്‍ പോലും അന്ന് എന്നെ കുറിച്ച് മോശം പറഞ്ഞു. സത്യം പറഞ്ഞാല്‍ ഉദ്ഘാടനങ്ങള്‍ക്കൊക്കെ ഞാന്‍ ഫ്രീ ആയി പോയിട്ടുള്ള സാഹചര്യം ഉണ്ടായിട്ടുണ്ട്. നമ്മുടെ സാന്നിധ്യം കൊണ്ട് അവര്‍ക്ക് എന്തെങ്കിലും ഗുണം ഉണ്ടായിക്കോട്ടെ എന്ന് കരുതിയാണ് അതൊക്കെ ചെയ്യുന്നത്.
അങ്ങനെ ഒരിക്കല്‍ ഒരാള്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു, ഞങ്ങള്‍ മൂന്ന് പേര്‍ ചേര്‍ന്ന് ചെറിയൊരു സംരംഭം തുടങ്ങാന്‍ പോവുകയാണ്, നിങ്ങള്‍ വന്ന് ഉദ്ഘാടനം ചെയ്യണമെന്ന്. സഹായം ഒക്കെ വിളിച്ച് ചോദിച്ചാല്‍, ആര്‍ക്ക് ആണെങ്കിലും ദക്ഷിണ മാത്രം വാങ്ങി ഉദ്ഘാടനം ചെയ്ത് കൊടുക്കുന്ന ആളാണ് ഞാന്‍. ഒരിക്കലും വിലപേശി പൈസ വാങ്ങി ഉദ്ഘാടനങ്ങള്‍ ചെയ്യുന്ന ആളല്ല ഞാന്‍.
അയാള്‍ വിളിച്ചപ്പോഴും ചെറിയൊരു ബിസിനസല്ലെ നമ്മളെകൊണ്ട് കഴിയുന്ന സഹായം ചെയ്യാമെന്ന് മാത്രമാണ് ഞാന്‍ കരുതിയത്. എന്നാല്‍ അവിടെ ചെന്നപ്പോഴാണ് ഞാന്‍ കാണുന്നത്. അത് വലിയൊരു കോംപ്ലെക്‌സായിരുന്നു. അതിനകത്തുള്ള മൂന്ന് ഷോപ്പാണ് അവര്‍ നടത്താന്‍ പോകുന്നത്. എന്നെ വിളിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ കരുതിയത് ചെറിയൊരു ബിസിനസ് ആയിരിക്കുമെന്നാണ്.
മൂന്ന് ഷോപ്പിന്റെ ഉദ്ഘാടനമാണ് ഒറ്റ പെയ്‌മെന്റില്‍ അവര്‍ ഒതുക്കിയത്. ഇതാണോ ചേട്ടാ ഉദ്ഘാടനം ചെയ്യേണ്ടതെന്ന് ഞാന്‍ അവരോട് ചോദിച്ചു. അത് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ല. എന്നിട്ട് ബിനു അടിമാലി ഇടുക്കി ജില്ലക്ക് പോലും അപമാനമാണെന്ന് അവര്‍ തന്നെ പറഞ്ഞ് പ്രചരിപ്പിച്ചു. അവര്‍ അങ്ങനെയൊക്കെ പെരുമാറിയിട്ടും മൂന്ന് കടയും ഉദ്ഘാടനം ചെയ്തിട്ടാണ് ഞാന്‍ അവിടെ നിന്നും തിരികെ പോന്നത്,’ ബിനു അടിമാലി പറഞ്ഞു.
content highlight: binu adimali shares his bad experience