| Sunday, 20th August 2023, 8:02 am

രജിനികാന്തുമായി ഒരിക്കലും താരതമ്യം ചെയ്യാനില്ല, അത് തമിഴ് ജയിലര്‍ ഇത് മലയാളം ജയിലര്‍: ബിനു അടിമാലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ജയിലറിനെ ഒരിക്കലും രജിനികാന്ത് ചിത്രം ജയിലറുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്ന് നടന്‍ ബിനു അടിമാലി. സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്ത മലയാളം ജയിലറില്‍ ബിനു അടിമാലിയും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു.

ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു സിനിമ ചെയ്യുന്നതെന്നും സ്‌ക്രീനില്‍ കണ്ടപ്പോള്‍ ചിത്രം കൂടുതല്‍ രസകരമായി തോന്നിയെന്നും ബിനു അടിമാലി പറഞ്ഞു. ചിത്രം കണ്ടിറങ്ങിയ ശേഷം സില്ലി മോങ്ക്‌സിനോടായിരുന്നു താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘നമ്മുടെ സ്വന്തം പടം അല്ലേ, സ്‌ക്രീനില്‍ കണ്ടപ്പോള്‍ ചെയ്തുവെച്ചതിനേക്കാള്‍ രസകരമായി തോന്നി. നമ്മുടെ ജയിലര്‍ ഒരു പിരീഡ് പടമാണ്. അതില്‍ അഭിനയിക്കാന്‍ പ്രത്യേകിച്ച് ഒരു തയ്യറെടുപ്പുകളും നടത്തിയിട്ടില്ല. പല സ്ഥലങ്ങളില്‍ നിന്നും വരുന്ന ജയില്‍ പുള്ളികളല്ലേ, അതില്‍ പ്രത്യേകിച്ച് ഒന്നും ഉണ്ടായിട്ടില്ല.

സാര്‍ ക്യാരക്ടര്‍ ഒക്കെ പറഞ്ഞു തന്നു. ഞങ്ങള്‍ ഞങ്ങളുടെ കഴിവിന് അനുസരിച്ച് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട് എന്നാണ് വിശ്വാസം. അതിന്റെ ടോണും ഡയലോഗ് ഡെലിവെറിയും കയ്യില്‍ നിന്നും ഒന്നും ഇടാതെ പറഞ്ഞുതന്നത് മാത്രം ചെയ്തു. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പടം ചെയ്യുന്നത്,’ ബിനു അടിമാലി പറഞ്ഞു.

രജിനികാന്തിന്റെ ജയിലറുമായി ബന്ധപ്പെടുത്തി പല ട്രോളുകളും ഈ ചിത്രത്തിന് വന്നിരുന്നുവെന്നും അത്തരം ട്രോളുകള്‍ ശ്രദ്ധിച്ചിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് താരം മറുപടി നല്‍കിയത്.

‘അതൊന്നും നമ്മള്‍ ശ്രദ്ധിക്കുന്നില്ല, അത് നമ്മുടെ തലൈവരുടെ പടം. അത് നമുക്ക് ഇതുമായി താരതമ്യം ചെയ്യാന്‍ പറ്റില്ലല്ലോ, അങ്ങനെ ചെയ്യാന്‍ പാടില്ലല്ലോ. ഇത് മലയാളത്തിലെ ജയിലര്‍, അത് തമിഴിലെ ജയിലര്‍,’ ബിനു അടിമാലി പറഞ്ഞു.

ആഗസ്റ്റ് 18നാണ് ധ്യാന്‍ ശ്രിനവാസന്‍ നായകനായ ജയിലര്‍ റിലീസ് ചെയ്തത്.

രണ്ട് ചിത്രത്തിനും ഒരേ പേര് ആയതിനാല്‍ തങ്ങളുടെ ചിത്രത്തിന് ഗുണമാണ് ഉണ്ടായതെന്നായിരുന്നു ധ്യാന്‍ ശ്രിനിവാസന്റെ പ്രതികരണം. വിവാദം മൂലം ജയിലര്‍ എന്ന തങ്ങളുടെ സിനിമ കൂടുതല്‍ ആളുകളിലേക്ക് എത്തിയെന്നും അത് പോസിറ്റീവ് സെന്‍സിലാണ് കാണുന്നതെന്നും ധ്യാന്‍ പറഞ്ഞു. വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പേരിനെ സംബന്ധിച്ച് ഒരു വിവാദം ഉണ്ടായി. അവര്‍ നമുക്ക് നോട്ടീസ് അയക്കുകയും പേര് മാറ്റാന്‍ പറയുകയും ചെയ്തപ്പോള്‍ ഒരു ബുദ്ധിമുട്ടുണ്ടായി. അത് മീഡിയയില്‍ അഡ്രസ് ചെയ്യേണ്ട ഒരു വിഷയമായി സംവിധായകന് തോന്നി. നിയമപരമായി നീങ്ങാന്‍ മാത്രമേ നമുക്ക് പറ്റുകയുള്ളൂ. കാരണം നമ്മളാണ് ഈ പേര് ആദ്യമായി രജിസ്റ്റര്‍ ചെയ്തത്. അഡ്വാന്റേജ് ഉള്ളത് ഞങ്ങള്‍ക്കാണ്.

പക്ഷേ വിവാദം കൊണ്ട് ഗുണമേ ഉണ്ടായിട്ടുള്ളൂ. സിനിമ 100 പേര് കൂടുതല്‍ അറിഞ്ഞു. അതുകൊണ്ട് പോസിറ്റീവ് സെന്‍സിലാണ് അതിനെ കാണുന്നത്. സിനിമയെ പറ്റി അറിഞ്ഞതുകൊണ്ടാണല്ലോ കമന്റുകള്‍ വരുന്നതും ചര്‍ച്ച ചെയ്യുന്നതും. ആ രീതിയില്‍ പ്രൊമോഷനില്ലാതെ തന്നെ ജയിലര്‍ എന്ന സിനിമ എല്ലാവര്‍ക്കും അറിയാം,’ ധ്യാന്‍ പറഞ്ഞു.

Content highlight: Binu Adimali about Jailer Movie

We use cookies to give you the best possible experience. Learn more