ഗുരുവായൂർ: ബി.ജെ.പി അനുകൂല നിലപാടെടുത്ത ബിഷപ്പുമാർക്ക് തെറ്റുപറ്റിയെന്നും അത് തിരുത്തണമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
ഭയവും പ്രലോഭനവും വ്യാമോഹവും മൂലം ബി.ജെ.പിക്ക് വോട്ട് ചെയ്ത ബിഷപ്പുമാർ തെറ്റുപറ്റിയെന്ന് തിരിച്ചറിയുകയും ഒടുവിലത് തിരുത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
‘കർത്താവേ ഇവർ ചെയ്യുന്നതും പറയുന്നതും എന്താണെന്ന് ഇവർ അറിയുന്നില്ല. ഇവരോട് ക്ഷമിക്കണോ വേണ്ടയോ എന്ന് കർത്താവ് തീരുമാനിക്കട്ടെ’ അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുരുവായൂരിൽ കെ. ദാമോദരൻ സ്മൃതി ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹത്തിന്റെ പരാമർശം.
ഹിന്ദുക്കളിലെ തന്നെ ആദിവാസി ദളിത് പിന്നോക്ക വിഭാഗങ്ങളെ പരിഗണിക്കാത്ത ബി.ജെ.പി ക്രിസ്ത്യൻ വിഭാഗത്തിന് വേണ്ടി ശബ്ദിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
അതോടൊപ്പം എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും വോട്ട് വിഹിതം കുറഞ്ഞതും ബി.ജെ.പിയുടെ വോട്ട് കൂടിയതും ഗൗരവമായി വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
പിന്നാലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
‘പല കാര്യങ്ങളിലും സി.പി.ഐയും സി.പി. ഐ.എമ്മും വ്യത്യസ്ത നിലപാടാണ് സ്വീകരിക്കുന്നത്. പാർട്ടി ഒന്നായിരുന്നപ്പോൾ 1925 ഡിസംബർ 26ന് കാൺപൂരിൽ ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിറന്നു എന്നായിരുന്നു പാർട്ടി അംഗങ്ങൾ പറഞ്ഞത്. എന്നാൽ പാർട്ടി പിളർന്നപ്പോൾ 1920 ആഗസ്റ്റ് 17 ന് താഷ്കന്റിലാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിറവിയുണ്ടായതെന്ന് പറയുന്നവരുമുണ്ടായി ,’ അദ്ദേഹം പറഞ്ഞു.
1925 ഡിസംബർ 26ന് കാൺപൂരിലാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിറവിയെന്ന് കാണിച്ച് ഇന്തോനേഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സി.പി.ഐ.എം നേതാവ് എം. ബസവ പുന്നയ്യ നൽകിയ കത്തിൻ്റെ പകർപ്പ് താൻ കണ്ടിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
കേരള പാർട്ടിയുടെ പിറവിയെക്കുറിച്ചും പിളർപ്പിനു ശേഷം ഭിന്നാഭിപ്രായങ്ങളുണ്ടായെന്നും ഭിന്നിപ്പ് നിഷ്‌ഫല വ്യായാമം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ കെ. ദാമോദരൻ പുരസ്കാരം അദ്ദേഹം സി. രാധാകൃഷ്ണന് സമ്മാനിച്ചു. സി. പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജായിരുന്നു അധ്യക്ഷ സ്ഥാനം വഹിച്ചത്. കെ.പി. രാജേന്ദ്രൻ, വി.എസ്. സു നിൽകുമാർ, ഇ.എം. സതീശൻ, ഷീല വിജയകുമാർ, കെ.കെ. സു ധീരൻ, അഡ്വ. പി. മുഹമ്മദ് ബഷീർ, സി.വി. ശ്രീനിവാസൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.
Content Highlight: Binoy viswam talks about Christian bishops