|

'കോണ്‍ഗ്രസ് തകര്‍ന്നാല്‍ ശൂന്യത നികത്താന്‍ ഇടതുപക്ഷത്തിനാവില്ല'; ബിനോയ് വിശ്വത്തിന്റെ പ്രസ്താവന പാര്‍ട്ടിയുടെ കാഴ്ചപ്പാട്; പിന്തുണയുമായി സി.പി.ഐ മുഖപത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോണ്‍ഗ്രസ് തകര്‍ന്നാലുണ്ടാകുന്ന ശൂന്യത നികത്താന്‍ ഇടതുപക്ഷത്തിനാകില്ലെന്ന സി.പി.ഐ നേതാവ് ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയെ പിന്തുണച്ച് സി.പി.ഐ പാര്‍ട്ടി പത്രം ജനയുഗം.

ബിനോയ് വിശ്വം നടത്തിയ പരാമര്‍ശത്തിന് സമിശ്രമായ പ്രതികരണമാണ് ഉണ്ടായതെന്നും ഇത്തരം പ്രതികരണം തികച്ചും സ്വാഭാവികവും ഇന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ ഗൗരവമായ ചര്‍ച്ചയ്ക്ക് വഴിയൊരുക്കേണ്ടതുമാണെന്നും മുഖപ്രസംഗത്തില്‍ പറഞ്ഞു.

ഏറെയും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും അടങ്ങിയ സദസില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ച് ഉയര്‍ത്തിയ വിമര്‍ശനാത്മക പരാമര്‍ശം ആ പാര്‍ട്ടി ദേശീയ രാഷ്ട്രീയത്തില്‍ അവലംബിക്കേണ്ട നിലപാട് സംബന്ധിച്ച സി.പി.ഐയുടെ സുചിന്തിതമായ കാഴ്ചപ്പാടാണ് മുന്നോട്ടുവയ്ക്കുന്നത്.

കോണ്‍ഗ്രസ് ഇപ്പോഴും ഏറ്റക്കുറച്ചിലുകളോടെ എങ്കിലും ദേശവ്യാപകമായി സാന്നിധ്യവും സ്വാധീനവുമള്ള മതനിരപേക്ഷ, ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനമാണ്. രാജ്യത്തിന്റെ മതനിരപേക്ഷത, പാര്‍ലമെന്ററി ജനാധിപത്യം, ഭരണഘടന മൂല്യങ്ങളും നിയമവാഴ്ചയും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന, അതിനുവേണ്ടി നിലകൊള്ളുന്ന, ഒരു രാഷ്ട്രീയ ബദലില്‍ കോണ്‍ഗ്രസ് അനിവാര്യ ഘടകമാണെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമല്ല നിഷ്പക്ഷമതികള്‍പോലും പരക്കെ അംഗീകരിക്കുന്ന യാഥാര്‍ത്ഥ്യമാണെന്നും പത്രം പറയുന്നു.

അത്തരം ഒരു ബദല്‍ സംവിധാനത്തിന്റെ സാമ്പത്തിക നയപരിപാടികളെ സംബന്ധിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു മാത്രമല്ല കോണ്‍ഗ്രസിലെതന്നെ ഗണ്യമായ ഒരു വിഭാഗത്തിനും വ്യത്യസ്ത അഭിപ്രായവും വിമര്‍ശനവുമുണ്ട്. എന്നാല്‍ ഇന്ന് രാജ്യം നേരിടുന്ന മുഖ്യവെല്ലുവിളി മതനിരപേക്ഷത, ജനാധിപത്യം, ഭരണഘടന എന്നിവയുടെയും ഭരണഘടനാ സ്ഥാപനങ്ങളുടെയും നിലനില്പും സംരക്ഷണവും തന്നെയാണ്.

അവിടെയാണ് മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് ബിജെപിക്കെതിരായ രാഷ്ട്രീയ ബദലിലുള്ള പ്രസക്തി. ഇക്കാര്യത്തില്‍ രാജ്യത്തെ കമ്മ്യൂണിസ്റ്റ്, ഇടതുപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ പൂര്‍ണ തോതിലുള്ള അഭിപ്രായ ഐക്യമോ സമന്വയമോ നിലവില്‍ ഇല്ല എന്നതുകൊണ്ട് അവ സംബന്ധിച്ച സംവാദത്തെ രാഷ്ട്രീയ പ്രക്രിയയായി മാത്രമെ കാണേണ്ടതുള്ളു. വ്യത്യസ്ഥ ചരിത്ര പാരമ്പര്യവും പ്രത്യയശാസ്ത്ര കാഴ്ചപ്പാടും നയസമീപനങ്ങളുമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ഒരു പൊതുവേദി എന്ന ആശയം ഇന്ത്യയെപ്പോലെ വിപുലവും വൈവിധ്യവുമാര്‍ന്ന രാജ്യത്ത് ലളിതവും സുഗമവും ആയിരിക്കില്ലെന്നും പാര്‍ട്ടി പത്രം ചൂണ്ടിക്കാട്ടി.

ബി.ജെ.പിയുടെ വലതുപക്ഷ ഫാസിസ്റ്റ് നിലപാടുകളെ നിശിതമായി എതിര്‍ക്കുന്ന പ്രാദേശിക പാര്‍ട്ടികളെയും അവരുടെ ശക്തിയും സ്വാധീനവും പ്രസക്തിയും ഒരു ദേശീയബദലിന് അവഗണിക്കാവുന്നതല്ലെന്നും രാജ്യത്തെ കമ്മ്യൂണിസ്റ്റ്, ഇടതുപക്ഷ പാര്‍ട്ടികളുടെ ശക്തി ദൗര്‍ബല്യങ്ങള്‍ അവഗണിച്ചുകൊണ്ട് ദേശീയതലത്തില്‍ അവയുടെ നേതൃത്വത്തില്‍ ഇന്നത്തെ നിലയില്‍ ഒരു രാഷ്ട്രീയ ബദല്‍ അസാധ്യമാവുമെന്നും പത്രം അഭിപ്രായപ്പെട്ടു.

കക്ഷിരാഷ്ട്രീയത്തിനും ആശയ വൈജാത്യങ്ങള്‍ക്കും അതീതമായി രാജ്യത്ത് വളര്‍ന്നുവന്നിട്ടുള്ള വര്‍ഗ രാഷ്ട്രീയത്തിന്റെ അനുഭവപാഠങ്ങള്‍ അവഗണിച്ചുകൊണ്ടും ഒരു ദേശീയ രാഷ്ട്രീയ ബദലിനെപ്പറ്റി ചിന്തിക്കാനാവില്ല. ലോകത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റിയതും മോദി ഭരണകൂടത്തിന്റെ അധികാര ധാര്‍ഷ്ട്യത്തെ മുട്ടുകുത്തിച്ചതുമായ കര്‍ഷക പ്രക്ഷോഭത്തില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാന്‍ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിയണമെന്നും മുഖപ്രസംഗത്തില്‍ പറഞ്ഞു.

ആഗോളീകരണ, ഉദാരീകരണ, സ്വകാര്യവല്കരണ, സാമ്പത്തിക നയങ്ങള്‍ക്കെതിരെ ഇന്ത്യന്‍ തൊഴിലാളിവര്‍ഗം ഉയര്‍ത്തിക്കൊണ്ടുവന്ന ഐക്യവും സമരോത്സുകതയും ഒരു ദേശീയ രാഷ്ട്രീയ ബദലിന്റെ ആവിര്‍ഭാവത്തില്‍ നിര്‍ണായകമാണ്. രാജ്യം എത്തപ്പെട്ടിരിക്കുന്ന ആഴമേറിയ സാമ്പത്തിക പ്രതിസന്ധിയും തളര്‍ച്ചയും അതിന്റെ ഫലമായി കുതിച്ചുയരുന്ന തൊഴിലില്ലായ്മയും വിശാലമായ ഒരു ദേശീയ ബദലിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നെന്നും ജനയുഗം ചൂണ്ടിക്കാട്ടി.

വര്‍ഗീയ ഫാസിസ്റ്റ് ആശയങ്ങളുടെയും വിധ്വംസക പ്രവര്‍ത്തനങ്ങളുടെയും പിന്‍ബലത്തില്‍ ഇത്തരം മുന്നേറ്റങ്ങളെ അതിജീവിക്കാമെന്ന കണക്കുകൂട്ടലാണ് ബി.ജെ.പി-സംഘപരിവാര്‍-തീവ്രഹിന്ദുത്വ ശക്തികളെ നയിക്കുന്നത്. അളവറ്റ കോര്‍പറേറ്റ് മൂലധന കരുത്തും വര്‍ഗീയ ഫാസിസ്റ്റ് ആശയങ്ങളും സമന്വയിക്കുന്ന മാരകമായ രാഷ്ട്രീയ മിശ്രിതത്തെയാണ് ജനാധിപത്യ ശക്തികള്‍ അഭിമുഖീകരിക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നത്. മതനിരപേക്ഷ ജനാധിപത്യവും വര്‍ഗീയ ഫാസിസവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഭരണഘടനാ മൂല്യങ്ങളെയും ജനാധിപത്യ സ്ഥാപനങ്ങളെയും സംരക്ഷിച്ചു നിലനിര്‍ത്തുക എന്നതുതന്നെയാണ് രാഷ്ട്രം നേരിടുന്ന വെല്ലുവിളി. ഈ പോരാട്ടത്തില്‍ ജനാധിപത്യത്തിന്റെ വിജയം ഇന്ത്യന്‍ രാഷ്ട്രത്തിന്റെ നിലനില്പിന് അനുപേക്ഷണീയമാണെന്നും പത്രം പറഞ്ഞു.

കഴിഞ്ഞ ദിവസം പി.ടി തോമസ് അനുസ്മരണ സമ്മേളനത്തിലാണ് ബിനോയ് വിശ്വം എം.പി കോണ്‍ഗ്രസ് തകര്‍ന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടാകുന്ന ശൂന്യത നികത്താന്‍ ഇടത് പക്ഷത്തിന് കഴിയില്ലെന്ന് പറഞ്ഞത്.

കോണ്‍ഗ്രസ് തകര്‍ന്നുപോകരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. കോണ്‍ഗ്രസ് തകര്‍ന്നാല്‍ അവിടെ സംഘപരിവാര്‍ സംഘടനകള്‍ ശക്തിപ്പെട്ടുമെന്നും അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസ് തകര്‍ന്നുപോകരുത് എന്നാണ് താന്‍ ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസ് തകര്‍ന്നാലുണ്ടാകുന്ന വിടവ് നികത്താനുള്ള കെല്‍പ് ഇടത് പക്ഷത്തിന് ഇല്ല.

കോണ്‍ഗ്രസ് വലിയ പ്രാധാന്യമുള്ള പാര്‍ട്ടിയാണ്. വിയോജിപ്പ് ഉണ്ടെങ്കിലും ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് തിരിച്ചറിവുണ്ട്. കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ കാതല്‍ നെഹ്റുവിന്റെ രാഷ്ട്രീയം ആയിരുന്നു. ഇതില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അപചയം ഉണ്ടായി.ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നാല്‍ ഉണ്ടാകുന്ന ശൂന്യത ഉണ്ട്. കോണ്‍ഗ്രസിന് മാത്രമേ ആ ശൂന്യത നികത്താന്‍ കഴിയുകയുള്ളൂ എന്നുമാണ് ബിനോയ് വിശ്വം പറഞ്ഞത്.