| Thursday, 11th April 2024, 6:28 pm

ട്രംപ് നേരത്തെ പുറത്തായി, നെതന്യാഹുവിന്റെ കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നു; നാല്‍വര്‍ സംഘത്തിലെ മോദിയുടെ ഗതിയും മറ്റൊന്നായിരിക്കില്ലെന്ന് ബിനോയ് വിശ്വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന നരേന്ദ്ര മോദിയുടെ പ്രഖ്യാപനം പരാജയം മണക്കുന്ന ഒരാളുടെ അതിരുവിട്ട അവകാശവാദം മാത്രമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

തോല്‍ക്കാതിരിക്കാന്‍ വേണ്ടിയുള്ള ഒരു വലതുപക്ഷ നേതാവിന്റെ ആര്‍ത്തിപൂണ്ട ജല്‍പനങ്ങള്‍ മാത്രമാണ് അതെന്നും ഇതിന് പിന്നിലെ സൈക്കോളജി ആര്‍ക്കും മനസിലാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു. വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇസ്രഈലില്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ വന്‍ തോതിലുള്ള ജനകീയ സമരങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായ നരേന്ദ്ര മോദിക്ക് മൂന്നാം ഊഴം ഉണ്ടാകില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. മുന്‍ അമേരിക്കന്‍ പ്രസഡിന്റെ ഡൊണാള്‍ഡ് ട്രംപും ബ്രസീലിന്‍ ഭരണാധികാരി ജെയര്‍ ബോള്‍സനാരോയും ജനങ്ങളാല്‍ തിരസ്‌കരിക്കപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇസ്രഈലില്‍, ടെല്‍ അവീവില്‍, വന്‍ തോതിലുള്ള ജനകീയ മുന്നേറ്റങ്ങളാണ് നടക്കുന്നത്. ഇസ്രഈലിനെ യുദ്ധത്തിലേക്ക് നയിക്കുന്ന, ഹമാസിനെ അടിച്ചുടയ്ക്കാനായി ഭ്രാന്ത് പിടിച്ച് പായുന്ന നെതന്യാഹുവിനെതിരായി ഇസ്രഈലിലെ സ്വന്തം ജനത ഇപ്പോള്‍ തെരുവിലാണ്.

പതിനായിരങ്ങളാണ് അവിടെ ഓരോ റാലിയിലും പങ്കെടുക്കുന്നത്. നെതന്യാഹുവിന്റെ കാല്‍ക്കീഴിലെ മണ്ണ് ചോരുകയാണെന്ന് പറയാന്‍ മടിക്കേണ്ടതില്ല.

നെതന്യാഹുവിന്റെ രാഷ്ട്രീയ മിത്രങ്ങളില്‍ രണ്ട് പേരെ പറയാന്‍ ആവശ്യപ്പെട്ടാല്‍ ലോകം മുഴുവന്‍ ഒരുപോലെ പറയുക ഡൊണാള്‍ഡ് ട്രെപിന്റെയും നരേന്ദ്ര മോദിയുടെയും പേരുകളാണ്.

നരേന്ദ്ര മോദി, ഡൊണാള്‍ഡ് ട്രംപ്, നെതന്യാഹു, ബ്രസീലിലെ മുന്‍ ഭരണാധികാരി (ജെയര്‍ ബോള്‍സനാരോ) ഇതായിരുന്നു നാല്‍വര്‍ സംഘം. ആ നാല്‍വര്‍ സംഘത്തിലെ ട്രംപ് നേരത്തെ പോയി. ബ്രസീസിലും ഭരണമാറ്റം ഉണ്ടായി. ഇത്തരത്തിലുള്ള ജനകീയ മുന്നേറ്റങ്ങളാണ് ഉണ്ടാകുന്നതെങ്കില്‍ നെതന്യാഹു വൈകാതെ ജനങ്ങളാല്‍ തിരസ്‌കരിക്കപ്പെടും.

നാലാമത്തെയാള്‍ ഇപ്പോഴും മൂന്നാം ഊഴം മൂന്നാം ഊഴം എന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്. ആ മൂന്നാം ഊഴ പ്രഖ്യാപനം പരാജയം മണിക്കുന്ന ഒരാളുടെ അതിരുവിട്ട അവകാശവാദമാണ്. അതിന് പിന്നിലെ സൈക്കോളജി ആര്‍ക്കും വേഗം മനസിലാകും.

തോല്‍ക്കാതിരിക്കാന്‍ വേണ്ടിയുള്ള ഒരു വലതുപക്ഷ നേതാവിന്റെ ആര്‍ത്തിപൂണ്ട ജല്‍പനമാണ് ഈ മൂന്നാം ഊഴ പ്രഖ്യാപനമെന്ന് ലോകരാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ ബിനോയ് വിശ്വം പറഞ്ഞു.

നരേന്ദ്ര മോദിക്ക് ഒരു കാരണവശാലും മൂന്നാം ഊഴം ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നരേന്ദ്ര മോദിക്ക് ഒരു കാരണവശാലും മൂന്നാം ഊഴം ഉണ്ടാകാന്‍ പോകുന്നില്ല. മൂന്നാം ഊഴം ജനങ്ങള്‍ കൊടുക്കില്ല. അതിന്റെ എല്ലാ സാധ്യതകള്‍ ഇന്ത്യയും പറയുന്നുണ്ട്. ഈ മോദിയുടെ വരവിനെ ചെറുക്കാനുള്ള ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുന്നേറ്റത്തില്‍ കേരളത്തിലെ ഇടതുപക്ഷം സവിശേഷമായ പങ്കാണ് വഹിക്കാന്‍ പോകുന്നത്. കേരളത്തിലെ ഇടതുപക്ഷം ദേശീയ രാഷ്ട്രീയത്തിലെ പ്രസക്തമായ രാഷ്ട്രീയ ചേരിയാണ്.

18ാം ലോക്സഭയില്‍ ഇടതുപക്ഷത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ഞങ്ങള്‍ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം ചോദിച്ച് ആരും ഇടതുപക്ഷത്തിനെ പ്രയാസത്തിലാക്കണ്ട. ഞങ്ങള്‍ ചുരുക്കം തന്നെയാണ്. ആ ചുരുങ്ങിയ എണ്ണത്തില്‍ നിന്ന് കുറച്ചേറെ പേര്‍ ജയിച്ചുവരും. ആ ഇടതുപക്ഷ എം.പിമാരായിരിക്കും ലോക്സഭയിലെ രാഷ്ട്രീയ ഗതിക്രമങ്ങളെ നിര്‍ണയിക്കാന്‍ പോകുന്ന പ്രധാന പൊളിറ്റിക്കല്‍ ഫാക്ടര്‍ എന്ന് പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Binoy Viswam slams Narendra Modi

We use cookies to give you the best possible experience. Learn more