Kerala News
കോട്ടയത്തെ വിജയം ഇടതുമുന്നണിയുടേത്, ജോസ് കെ. മാണിയുടേതായി കൊട്ടിഘോഷിക്കേണ്ടെന്ന് ബിനോയ് വിശ്വം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Dec 16, 11:05 am
Wednesday, 16th December 2020, 4:35 pm

തിരുവനന്തപുരം: കോട്ടയത്തെ ഇടതുപക്ഷത്തിന്റെ വിജയം മുന്നണിയിലെ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വം. ജില്ലയിലെ വിജയം ജോസ് കെ. മാണിയുടെ വിജയമായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ജോസ് കെ. മാണിയെ പാര്‍ട്ടിയിലേക്കെടുത്ത തീരുമാനം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘കോട്ടയത്തെ വിജയം എല്‍.ഡി.എഫിലെ ഓരോ ഘടകകക്ഷിയുടെയും വിജയമാണ്. അല്ലാതെ വിജയത്തെ തരംതിരിച്ച് അവകാശപ്പെടുന്നതിനോട് യോജിപ്പില്ല. ഈ വിജയം നേരത്തെ മുന്നില്‍ കണ്ടതാണ്. അത്രയധികം കാര്യങ്ങള്‍ ജനങ്ങള്‍ക്കായി മുന്നണി ചെയ്തിട്ടുണ്ട്’, അദ്ദേഹം പറഞ്ഞു.

അതേസമയം ജോസ് കെ.മാണി മുന്നണിയിലേക്ക് എത്തിയത് പാര്‍ട്ടിയ്ക്ക് ഗുണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അതിനെ അമിതമായി കൊട്ടിഘോഷിക്കേണ്ട കാര്യമില്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.

സീറ്റു തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ജോസ്.കെ മാണി ഇടതു മുന്നണിയില്‍ എത്തുന്നത്. കേരളമാകെ ചര്‍ച്ച ചെയ്ത രാഷ്ട്രീയ നീക്കമായിരുന്നു കേരള കോണ്‍ഗ്രസ് ജോസ് പക്ഷം എല്‍.ഡി.എഫിലെത്തിയത്. പാലായില്‍ ജോസ്.കെ മാണി-എല്‍.ഡി.എഫ് കൂട്ടുകെട്ടിന്റെ വിജയം പി.ജെ.ജോസഫ് വിഭാഗത്തിനും യു.ഡി.എഫിനും കനത്ത പ്രഹരമാകും.

കേവലം പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സീറ്റിനെ ചൊല്ലി കെ.എം മാണിയുടെ പാര്‍ട്ടിയെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്ന് എല്‍.ഡി.എഫില്‍ എത്തിയതിന് പിന്നാലെ ജോസ്.കെ മാണി പറഞ്ഞിരുന്നു.

കൊവിഡ് കാലത്തെ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത് 2 കോടി പത്ത് ലക്ഷത്തോളം വോട്ടര്‍മാരാണ്. 74899 സ്ഥാനാര്‍ത്ഥികളാണ് മത്സരത്തിനിറങ്ങിയത്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ ഉള്ളത്. കുറവ് വയനാട് ജില്ലയിലാണ്.

941 ഗ്രാമപഞ്ചായത്തുകളുടെയും 152 ബ്ലോക്ക് പഞ്ചായത്തുകളുടെയും 14 ജില്ലാ പഞ്ചായത്തുകളുടെയും 86 മുനിസിപ്പാലിറ്റികളുടെയും 6 കോര്‍പ്പറേഷനുകളുടെയും വിധിയറിയാനാണ് കേരളം കാത്തിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: Binoy Viswam Response On Kottayam LDF Victory