| Monday, 19th October 2020, 11:45 am

താഷ്‌കന്റ് രൂപീകരണ വാദം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വൈദേശികമാണെന്ന ആരോപണത്തിന് ശക്തി പകരും: ബിനോയ് വിശ്വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ടായ ഭിന്നിപ്പിന് ശേഷം ചരിത്രം പോലും വെവ്വേറെയാകണമെന്ന് സി.പി.ഐ.എം തീരുമാനിച്ചതിന്റെ ഫലമായാണ് 1920 എന്ന പുതിയ ജനനതീയ്യതി കണ്ടെത്തിയതെന്ന് സി.പി.ഐ എം.പി ബിനോയ് വിശ്വം. മലയാള മനോരമയിലെഴുതിയ ലേഖനത്തിലാണ് ബിനോയ് വിശ്വത്തിന്റെ പ്രസ്താവന.

ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആരംഭിച്ച് 100 വര്‍ഷം പിന്നിട്ടതിന്റെ ആഘോഷങ്ങളും ചര്‍ച്ചകളും നടക്കുന്നതിനിടെ 1920ലാണോ 1925ലാണോ ഇന്ത്യയില്‍ പാര്‍ട്ടി ആരംഭിച്ചതെന്ന് വിവാദങ്ങള്‍ വീണ്ടും സജീവമായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് സി.പി.ഐക്കും സി.പി.ഐ.എമ്മിനുമിടയില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

1920 ഒക്ടോബര്‍ 17ന് താഷ്‌കന്റില്‍ എം.എന്‍ റോയിയും സംഘവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രൂപം നല്‍കി. ഇതിനെയാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണമായി സി.പി.ഐ.എമ്മുകാര്‍ കണക്കാക്കുന്നത്. 1925ല്‍ ഡിസംബര്‍ 26ന് കാണ്‍പൂരില്‍ വെച്ച് രൂപീകരിച്ചതാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണമായി സി.പി.ഐ കണക്കാക്കുന്നത്.

‘ഭിന്നിച്ച് കഴിഞ്ഞാല്‍ പിന്നെയെല്ലാം വെവ്വേറെയാകണം. നയവും പരിപാടിയും മാത്രമല്ല, ചരിത്രം പോലും വെവ്വേറെയാകണമെന്ന് സി.പി.ഐ.എം തീരുമാനിച്ചതിന്റെ ഫലമായാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനനതീയ്യതി 1925 എന്നത് മാറ്റിക്കുറിക്കുവാന്‍ അവര്‍ തയ്യാറായത്. 1920 ഒക്ടോബര്‍ എന്ന പുതിയ തീയ്യതിയും അവര്‍ കണ്ടെത്തി അതുപ്രകാരമാണ് താഷ്‌കന്റില്‍ കൂടിയ യോഗത്തിന്റെ നൂറാം വാര്‍ഷികം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികമായി സി.പി.ഐ.എം ആഘോഷിക്കുന്നത്.’ ബിനോയ് വിശ്വം പറഞ്ഞു. സി.പി.ഐ.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മലയാള മനോരമക്ക് നല്‍കിയ അഭിമുഖത്തിനുള്ള മറുപടിയായി പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

കാണ്‍പൂരിനു മേല്‍ താഷ്‌കന്റിനു സ്ഥാനം വേണമെന്ന വാദം ഭിന്നിപ്പിന്റെ ഉപോല്‍പന്നമാണെന്നും ഈ വാദം അപകടകരമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. ‘കാണ്‍പൂരിനു മേല്‍ താഷ്‌കന്റിനു സ്ഥാനം വേണമെന്ന വാദം ഭിന്നിപ്പിന്റെ ഉപോല്‍പന്നമാണ്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിറന്നതു താഷ്‌കന്റിലാണന്ന വാദം, വ്യത്യാസങ്ങള്‍ക്ക് അടിവരയിടാന്‍ സഹായകരമാകുമെങ്കിലും അതുണ്ടാക്കുന്ന അപകടങ്ങള്‍ ബന്ധപ്പെട്ടവര്‍ കണക്കിലെടുത്തില്ല.

കമ്മ്യൂണിസം വൈദേശികമാണെന്നും ഇന്ത്യന്‍ മണ്ണില്‍ അതു വിദേശിയായി തുടരുമെന്നും കമ്മ്യൂണിസ്റ്റ് വിരോധികള്‍ എല്ലാകാലത്തും പറഞ്ഞുപോരുന്നുണ്ട്. 1964നു ശേഷം താഷ്‌കന്റ് വാദം അക്കൂട്ടരെ തീര്‍ച്ചയായും സന്തോഷിപ്പിച്ചു കാണും.

7 പേരാണ് താഷ്‌കന്റ് യോഗത്തില്‍ പങ്കെടുത്തതെന്നു രേഖകള്‍ പറയുന്നു. അതില്‍ 5 പേര്‍ ഇന്ത്യക്കാരും 2 പേര്‍ വിദേശികളും. യോഗത്തില്‍ പങ്കെടുത്ത രണ്ടുപേരുടെ ഭാര്യമാരാണ് ആ വിദേശികള്‍. ഇതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുമേല്‍ വിദേശിമുദ്ര കുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ആഹ്ലാദം പകര്‍ന്നേക്കും.

ഇന്ത്യ്ക്കകത്തു പ്രവര്‍ത്തിച്ചിരുന്ന കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളും പുറത്തു പ്രവര്‍ത്തിച്ചിരുന്ന താഷ്‌കന്റ് ഗ്രൂപ്പ് ഉള്‍പ്പെടെയുള്ളവരും കാണ്‍പൂരിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണ സമ്മേളനത്തിനു ശക്തി പകര്‍ന്നവരാണ്. ആ അര്‍ഥത്തില്‍ അതിന്റെ ചരിത്രപരമായ പ്രാധാന്യം അംഗീകരിക്കുമ്പോഴും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപംകൊണ്ടത് ഇന്ത്യയ്ക്കു പുറത്താണെന്ന വാദം അംഗീകരിക്കാനാവില്ല.’ ബിനോയ് വിശ്വം പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനനതീയ്യതിയുമായി ബന്ധ്‌പ്പെട്ട പിളര്‍പ്പിന് മുന്‍പ് 1959ല്‍ നടന്ന ചര്‍ച്ചകളും അതില്‍ എടുത്ത തീരുമാനവും 1925ലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകൃതമായതെന്ന വാദത്തെ സാധൂകരിക്കുന്നതായി ബിനോയ് വിശ്വം ചൂണ്ടിക്കാണിക്കുന്നു.

‘ജനനതീയ്യതിയെക്കുറിച്ച് പാര്‍ട്ടിയില്‍ ഗൗരവമേറിയ ചര്‍ച്ച ഉണ്ടായിട്ടുണ്ട്. ഭിന്നിപ്പിനും 5 വര്‍ഷം മുന്‍പ് 1959 ഓഗസ്റ്റ് 18നായിരുന്നു അത്. ഇന്തൊനീഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അയച്ച കത്താണ് ആ ചര്‍ച്ചയ്ക്കു വഴിവെച്ചത്. ജനനതീയ്യതി സംബന്ധിച്ച ഔദ്യോഗിക നിലപാട് അറിയിക്കണം എന്നായിരുന്നു കത്തിലെ ആവശ്യം.

അതുപ്രകാരം അന്നു കൂടിയ പാര്‍ട്ടി ദേശീയ സെക്രട്ടേറിയറ്റ് യോഗത്തില്‍ അജയ് ഘോഷ്, ബി.ടി രണദിവെ, പി.സി ജോഷി, എം. ബസവപുന്നയ്യ, സെഡ്. എ അഹമ്മദ്, എസ്.എ ഡാങ്കെ, എ.കെ.ഗോപാലന്‍ എന്നിവര്‍ പങ്കെടുത്തു. യോഗത്തില്‍ മിനിറ്റ്‌സ് എഴുതിയത് ബസവപുന്നയ്യ ആയിരുന്നു. അദ്ദേഹം ഇങ്ങനെ എഴുതി: ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപിതമായത് 1925 ഡിസംബര്‍ മാസത്തിലാണ്. അതിനു മുന്‍പുതന്നെ രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ വ്യക്തികളായും ഗ്രൂപ്പുകളായും കമ്മ്യൂണിസ്റ്റുകാര്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, 1925 ഡിസംബര്‍ 26നു രാജ്യത്തെ വിവിധ കമ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെ പ്രതിനിധികള്‍ കാണ്‍പൂരില്‍ ചേര്‍ന്ന യോഗത്തില്‍ വച്ചാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകൃതമാകുന്നത്.

ഇതുപ്രകാരമുള്ള മറുപടിക്കത്ത് എഴുതിയതും പാര്‍ട്ടിക്കുവേണ്ടി ഒപ്പുവച്ചതും ബി.ടി രണദിവെ ആയിരുന്നു. ഈ വിഷയം പാര്‍ട്ടിയില്‍ വീണ്ടും ചര്‍ച്ച്ക്കുവന്നത് 1960ലാണ്. അവിഭക്ത പാര്‍ട്ടിയുടെ ബംഗാള്‍ സംസ്ഥാന കൗണ്‍സില്‍ താഷ്‌കന്റ് യോഗത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി രൂപീകരണത്തിന്റെ 40ാം വാര്‍ഷികം ആഘോഷിക്കാന്‍ തീരുമാനിച്ചപ്പോഴായിരുന്നു അത്. 1960 ജൂണ്‍ 10ന് അന്നത്തെ ജനറല്‍ സെക്രട്ടറി ഇ.എം.എസ് നമ്പൂതിരിപ്പാട് ബംഗാള്‍ നേതൃത്വത്തിനയച്ച കത്തില്‍ ഇങ്ങനെ പറയുന്നു: 1961ല്‍ പാര്‍ട്ടി രൂപീകരണത്തിന്റെ 40ാം വാര്‍ഷികം ആഘോഷിക്കാന്‍ നിങ്ങളുടെ സംസ്ഥാന കൗണ്‍സില്‍ ഒരു പ്രമേയം അംഗീകരിച്ചതായി ഞങ്ങള്‍ മനസ്സിലാക്കുന്നു. സെക്രട്ടേറിയറ്റ് ഇക്കാര്യം ചര്‍ച്ച ചെയ്യുകയും നാഷണല്‍ കൗണ്‍സിലല്ലാതെ മറ്റൊരു ഘടകവും തീരുമാനിക്കേണ്ട കാര്യമല്ല ഇത് എന്ന നിഗമനത്തിലെത്തുകയും ചെയ്തു. അതിനാല്‍ അടുത്ത നാഷണല്‍ കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതാകും ഉചിതമെന്ന് അറിയിക്കട്ടെ.’ ബിനോയ് വിശ്വം ചൂണ്ടിക്കാണിക്കുന്നു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണ തീയ്യതിയുമായി ബന്ധപ്പെട്ട് സി.പി.ഐ, സി.പി.ഐ.എം പ്രവര്‍ത്തകര്‍ തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വാഗ്വാദങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി നടന്നത്. വിഷയം പരാമര്‍ശിച്ചുകൊണ്ട് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയതോടെ ചര്‍ച്ചകള്‍ക്ക് ചൂടേറുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Binoy Viswam on Communist Party Constituted Date controversy-Thaskant Kanpur

We use cookies to give you the best possible experience. Learn more