ന്യൂദല്‍ഹി: സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി അറസ്റ്റില്‍. തെലങ്കാന വാറങ്കലിലെ ഭൂസമരത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ബിനോയ് വിശ്വത്തെ വാറങ്കല്‍ സുബദാരി പൊലീസ് അറസ്റ്റ് ചെയ്തത്.
ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും ഭൂമിയും വീടും നല്കുമെന്ന ചന്ദ്രശേഖര റാവു സര്‍ക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെയാണ് സി.പി.ഐ യുടെ നേതൃത്വത്തില്‍ സമരം നടത്തിയത്.
വാറങ്കലിലെ മട്ടേവാഡയില്‍ നിമ്മയ്യ കുളത്തിന് സമീപം സര്‍ക്കാര്‍ ഭൂമി പിടിച്ചെടുത്ത് കുടിലുകള്‍ കെട്ടിയാണ് സമരമാരംഭിച്ചത്.
ഭൂസമരത്തിന്റെ ഭാഗമായി ആയിരക്കണക്കിനാളുകള്‍ വാറങ്കല്‍ താലൂക്ക് ഓഫിസ് ഉപരോധിക്കുകയാണ്.
വാറങ്കല്‍ നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള സര്‍ക്കാര്‍ ഭൂമി രാഷ്ട്രീയക്കാരും ഭരണകക്ഷി ജനപ്രതിനിധികളും കൈയടക്കുന്നതില്‍ സര്‍ക്കാര്‍ നിസ്സംഗത പാലിക്കുന്നു എന്ന് ആരോപിച്ചാണ് സി.പി.ഐ സമരം പ്രഖ്യാപിച്ചത്.
വാറങ്കലിന് ചുറ്റുമുള്ള 42 ഓളം കുളങ്ങളും ജലാശയങ്ങളും ഭൂമാഫിയ കയ്യേറി മണ്ണിട്ട് നികത്തിയിരിക്കുകയാണെന്നും ഈ സാഹചര്യത്തിലാണ് അവശേഷിക്കുന്ന 15 ഏക്കറിലധികം സര്‍ക്കാര്‍ ഭൂമി സി.പി.ഐ നേതൃത്വത്തില്‍ ഭൂരഹിതരായ ആയിരങ്ങള്‍ പിടിച്ചെടുത്ത് കുടിലുകള്‍ കെട്ടിയതെന്നും സമരക്കാര്‍ പറയുന്നു.