| Monday, 6th May 2019, 8:43 pm

ആ അമ്മയെയും മകളെയും തോല്‍പ്പിക്കാന്‍ കെ.എസ്.ഇ.ബിയ്ക്ക് കഴിഞ്ഞേക്കും, പക്ഷെ ഇടതുപക്ഷ സര്‍ക്കാരിന്റെ മുഖത്തേല്‍ക്കുന്ന കളങ്കം എം.എം മണി കാണാതെ പോകരുത്: ശാന്തിവനത്തിന് വേണ്ടി വീണ്ടും ബിനോയ് വിശ്വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പറവൂരിനടുത്തെ ജൈവവൈവിധ്യ കേന്ദ്രമായ ശാന്തിവനത്തില്‍ ടവര്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കാനുള്ള കെ.എസ്.ഇ.ബിയുടെ നീക്കത്തിനെതിരെ വീണ്ടും വിമര്‍ശനവുമായി മുന്‍ പരിസ്ഥിതി മന്ത്രിയും സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗവുമായ ബിനോയ് വിശ്വം.

മന്നം – ചെറായി വൈദ്യുതി ലൈന്‍ എത്രയും വേഗം യാഥാര്‍ത്ഥ്യമാവുക തന്നെ വേണം. പക്ഷെ അത് ശാന്തി വനത്തിനു നടുവിലൂടെയേവലിക്കൂ എന്ന ശാഠ്യം നീതീകരിക്കപ്പെടുന്നതല്ല. ശാന്തിവനം സംരക്ഷിക്കാന്‍ സമരം നടത്തുന്ന മീനാ മേനോനെയും അവരുടെ മകളെയും തോല്‍പ്പിക്കാന്‍ കെ.എസ്.ഇ.ബിയ്ക്ക് നിഷ്പ്രയാസം കഴിഞ്ഞേക്കും. പക്ഷെ, ആ വിജയം ഇടതുപക്ഷ ഗവണ്മെന്റിന്റെ മുഖത്ത് ഏല്‍പ്പിക്കുന്ന കളങ്കം പ്രിയങ്കരനായ മന്ത്രി സഖാവ് എം.എം മണി ശ്രദ്ധിക്കാതെ പോകരുതെന്നും ബിനോയ് വിശ്വം പറയുന്നു.

കെ.എസ്.ഇ.ബി തയ്യാറാക്കിയ സ്ഥലങ്ങളുടെ സ്‌കെച്ചില്‍ ഒരു പ്ലോട്ടില്‍ മാത്രം Unknown എന്നു കാണിച്ചിട്ടുണ്ടെന്നറിയുന്നു. ആരാണീ Unknown ?ശാന്തി വനത്തിന്റെ നടുവിലൂടെ ലൈന്‍ വലിപ്പിക്കുന്നതില്‍ Unknown ന്റെ പങ്ക് എന്താണ്? ബിനോയ് വിശ്വം ചോദിക്കുന്നു.

നമ്മള്‍ ഇടതുപക്ഷമാകുന്നത് നിലപാടുകളുടെ ശരികള്‍ കൊണ്ടാണെന്ന് ദശാബ്ദങ്ങളുടെ പ്രവര്‍ത്തനാനുഭവമുള്ള ആ സഖാവിനെ ഞാന്‍ വിനയപൂര്‍വം അറിയിക്കുന്നു. ഈ കാര്യങ്ങളെക്കുറിച്ച് നിഷ്പക്ഷമായ ഒരു വിദഗ്ദ്ധ സമിതിയെക്കൊണ്ട് അന്വേഷിപ്പിച്ചിട്ടേ മുന്നോട്ടു പോകാവൂ എന്ന് വീണ്ടും അഭ്യര്‍ത്ഥിക്കുകയാണെന്നും ബിനോയ് വിശ്വം പറയുന്നു.

ശാന്തിവനത്തിലൂടെയുള്ള വൈദ്യുതി ലൈന്‍ മാറ്റില്ലെന്ന് ഇന്നലെ മന്ത്രി എം.എം മണി പറഞ്ഞതിന് പിന്നാലെയാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം. ശാന്തിവനത്തിലൂടെയുള്ള ടവര്‍ നിര്‍മ്മാണത്തില്‍ വൈദ്യുത വകുപ്പ് പ്രചരിപ്പിക്കുന്നത് അസത്യങ്ങളാണെന്ന് ബിനോയ് വിശ്വം നേരത്തെയും പറഞ്ഞിരുന്നു.

എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ രണ്ടു ഏക്കറിലായി കഴിഞ്ഞ 200 വര്‍ഷമായി പരിപാലിച്ചു പോരുന്ന സ്വകാര്യ വനമാണ് ശാന്തിവനം. മന്നത്ത് നിന്നും ചെറായിലേയ്ക്കുള്ള കെ.എസ്.ഇ.ബിയുടെ 110 കെ.വി വൈദ്യുത ലൈന്‍ കടന്നു പോകുന്നതും അതിനു വേണ്ട ടവര്‍ നിര്‍മിക്കുന്നതും ശാന്തിവനത്തിലാണ്.

കേവലം അര സെന്റു ഭൂമി മാത്രമാണ് ടവര്‍ നിര്‍മാണത്തിന് വേണ്ടി ഉപയോഗിക്കൂ എന്നായിരുന്നു കെ.എസ്.ഇ.ബിയുടെ വാദം. എന്നാല്‍ 50 സെന്റ് സ്ഥലം ഇതിനു വേണ്ടി കെ.എസ്.ഇ.ബി എടുത്തെന്നും 12 മരങ്ങള്‍ മുറിച്ചു മാറ്റിയെന്നും ശാന്തിവനത്തിന്റെ ഉടമ മീന മേനോന്‍ പറഞ്ഞിരുന്നു. 48 മരങ്ങള്‍ മുറിക്കാനുള്ള കത്തും കെ.എസ്.ഇ.ബി നല്‍കിയതായും മീന മേനോന്‍ പറഞ്ഞിരുന്നു.

കെ.എസ്.ഇ.ബിയില്‍ മുന്‍ ചെയര്‍മാന്‍ ആയിരുന്ന വ്യക്തിയുടെ മകന്റെ സ്ഥലത്തിലൂടെ കടന്നു പോകേണ്ട വൈദ്യുത ലൈന്‍ ശാന്തിവനത്തിലൂടെ മാറ്റുകയായിരുന്നു. ശാന്തിവനത്തില്‍ കെ.എസ്.ഇ.ബി ടവര്‍ നിര്‍മാണം തുടങ്ങിയ പിറ്റേദിവസം ഡൂള്‍ ന്യൂസ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബിനോയ് വിശ്വത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

വൈദ്യുതി ബോര്‍ഡിന്റെ ശക്തിയും സ്വാധീനവും മുഴുവന്‍ ആ പാവം അമ്മയേയും മകളേയും തോല്‍പ്പിക്കാന്‍ വേണ്ടിയാകരുത് .200 കൊല്ലം പഴക്കമുള്ള ശാന്തി വനം കാത്തു പുലര്‍ത്തിയ കുറ്റം മാത്രമാണ് അവര്‍ ചെയ്തത്. മന്നം – ചെറായി വൈദ്യൂതി ലൈന്‍ എത്രയും വേഗം യാഥാര്‍ത്ഥ്യമാവുക തന്നെ വേണം.അത് ശാന്തി വനത്തിനു നടുവിലൂടെയേ വലിക്കൂ എന്ന ശാഠ്യം നീതീകരിക്കപ്പെടുന്നതല്ല. ലൈന്‍ വലിക്കാന്‍ KSEB തയ്യാറാക്കിയ സ്ഥലങ്ങളുടെ സ്‌കെച്ചില്‍ ഒരു പ്ലോട്ടില്‍ മാത്രം Unknown എന്നു കാണിച്ചിട്ടുണ്ടെന്നറിയുന്നു. ആരാണീ Unknown ?ശാന്തി വനത്തിന്റെ നടുവിലൂടെ ലൈന്‍ വലിപ്പിക്കുന്നതില്‍ Unknown ന്റെ പങ്ക് എന്താണ്?

ആ അമ്മയേയും മകളേയും തോല്‍പ്പിക്കാന്‍ KSEB ക്കു നിഷ്പ്രയാസം കഴിഞ്ഞേക്കും.പക്ഷെ, ആ വിജയം ഇടതുപക്ഷ ഗവണ്മെന്റിന്റെ മുഖത്ത് ഏല്‍പ്പിക്കുന്ന കളങ്കം പ്രിയംകരനായ മന്ത്രി സ: എം എം മണി ശ്രദ്ധിക്കാതെ പോകരുത്. നാം ഇടതുപക്ഷമാകുന്നത് നിലപാടുകളുടെ ശരികള്‍ കൊണ്ടാണെന്ന് ദശാബ്ദങ്ങളുടെ പ്രവര്‍ത്തനാനുഭവമുള്ള ആ സഖാവിനെ ഞാന്‍ വിനയപൂര്‍വം അറിയിക്കുന്നു. ഈ കാര്യങ്ങളെക്കുറിച്ച് നിഷ്പക്ഷമായ ഒരു വിദഗ്ദ്ധ സമിതിയെക്കൊണ്ട് അന്വേഷിപ്പിച്ചിട്ടേ മുന്നോട്ടു പോകാവൂ എന്ന് ഞാന്‍ വീണ്ടും അഭ്യര്‍ത്ഥിക്കുന്നു.

We use cookies to give you the best possible experience. Learn more