| Wednesday, 2nd March 2022, 1:05 pm

മീഡിയവണ്‍ ചെയ്ത തെറ്റെന്താണെന്നും അപരാധമെന്താണെന്നുമറിയാന്‍ ഈ നാടിന് അവകാശമുണ്ട്: ബിനോയ് വിശ്വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മീഡിയവണ്‍ സംപ്രേഷണ വിലക്കുമായി ബന്ധപ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ പ്രതികരണവുമായി ബിനോയ് വിശ്വം എം.പി. മീഡിയവണ്‍ ചെയ്ത തെറ്റെന്താണെന്നും അപരാധമെന്താണെന്നുമറിയാന്‍ ഈ നാടിന് അവകാശമുണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞു.

എന്താണ് കാരണമെന്ന് പറയാതെ, അതിനെക്കുറിച്ച് ചോദ്യങ്ങളോ, ഉത്തരങ്ങളോ ഇല്ലാതെ കോടതി അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു നിലപാട് പറയുന്നത് ഇന്ത്യയില്‍ ജനാധിപത്യ അവകാശങ്ങളെ മാനിക്കുന്ന, സ്‌നേഹിക്കുന്ന എല്ലാവരെയും ഞെട്ടിക്കുന്നതാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

മീഡിയവണ്‍ എന്ന മാധ്യമസ്ഥാപനം ശക്തമായ നിലപാടുള്ള സ്ഥാപനമാണ്. ആ നിലപാടിനോട് യോജിക്കാം, വിയോജിക്കാം. എല്ലാ ആശയങ്ങളോടും യോജിക്കാത്ത ആളാണ് ഞാന്‍. പക്ഷെ ഒരു പ്രൊഫഷണല്‍ സ്‌കില്‍ കാണിച്ചുകൊണ്ട് ഇതുവരെയുള്ള പ്രവര്‍ത്തനത്തെ മതിപ്പോടെ കാണുന്ന ഒരു കേരളീയനാണ് ഞാന്‍.

ഈ മാധ്യമസ്ഥാപനത്തെ ഇങ്ങനെ മുന്നറിയിപ്പൊന്നുമില്ലാതെ പെട്ടെന്ന് വിലക്ക് പ്രഖ്യാപിച്ച്, അതിന്റെ വായ മൂടിക്കെട്ടാനുള്ള നീക്കം എങ്ങനെയാണ് അംഗീകരിക്കാനാവുക. അതിന്റെ ഉത്തരം പറയേണ്ടത് ഗവണ്‍മെന്റാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

മീഡിയവണ്‍ ചാനലിന് ഏര്‍പ്പെടുത്തിയ സംപ്രേക്ഷണ വിലക്ക് തുടരുമെന്നാണ് ഇന്ന് ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞത്. ചാനല്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളികൊണ്ടാണ് ചീഫ് ജസ്റ്റിസ് മണികുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഹരജിയില്‍ ഉത്തരവ് പറഞ്ഞത്.

മീഡിയവണ്‍ ചാനല്‍ നല്‍കിയ ഹരജി നേരത്തെ സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് ചാനല്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരുന്നത്.

ചാനലിന്റെ പ്രവര്‍ത്തനം രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചത്. എന്നാല്‍ എന്തൊക്കെ കാരണങ്ങളാലാണ് വിലക്കിയതെന്ന് തങ്ങളെ അറിയിച്ചിട്ടില്ലെന്നും ഏകപക്ഷീയമായ തീരുമാനമാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്നുമാണ് ചാനലിന്റെ വാദം.

ചാനലിനെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതാണ് ഈ നീക്കമെന്നും ഹരജിക്കാര്‍ വാദിച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ രേഖകള്‍ കൂടി പരിശോധിച്ച ശേഷമാണ് ഇന്ന് അന്തിമ വിധി പുറപ്പെടുവിച്ചത്.

മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ്, മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ എന്നിവര്‍ കക്ഷികളായായിട്ടായിരുന്നു ഡിവിഷന്‍ ബെഞ്ചില്‍ റിട്ട് ഹരജി സമര്‍പ്പിച്ചത്. സുപ്രീംകോടതിയിലെ അഭിഭാഷകനായ ദുഷ്യന്ത് ദാവെയായിരുന്നു മീഡിയവണ്‍ ചാനലിനായി ഹാജരായത്.

കേസില്‍ വാദം പൂര്‍ത്തിയാവും വരെ ചാനലിന്റെ സംപ്രേക്ഷണം പുനരാരംഭിക്കാന്‍ അനുവദിച്ചു കൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ദുഷ്യന്ത് ദവെ ആവശ്യപ്പെട്ടെങ്കിലും ഇതിന് ഹൈക്കോടതി തയ്യാറായിരുന്നില്ല.

We use cookies to give you the best possible experience. Learn more