കോഴിക്കോട്: സ്വാതന്ത്ര്യസമര പോരാളികളുടെ നിഘണ്ടുവിലെ അഞ്ചാം വാല്യം പിന്‍വലിക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയത്തിന് സി.പി.ഐ എം.പി ബിനോയ് വിശ്വത്തിന്റെ കത്ത്. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയേയും ആലി മുസ്‌ലിയാരേയും പോലുള്ള സ്വാതന്ത്ര്യസമര സേനാനികളെ ഒഴിവാക്കിയത് ഇന്ത്യന്‍ ചരിത്രത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ബിനോയ് വിശ്വം പറഞ്ഞു.
‘ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് 2016 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഈ സ്വാതന്ത്ര്യസമരപോരാളികളെ വര്‍ഗീയവാദികളും ക്രിമിനലുകളുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ചരിത്രത്തെ വളച്ചൊടിക്കുകയാണ്’, ബിനോയ് വിശ്വം കത്തില്‍ ചൂണ്ടിക്കാട്ടി.
വിഷയത്തില്‍ അടിയന്തര ശ്രദ്ധ ചെലുത്തണമെന്നും തീരുമാനം തിരുത്തണമെന്നും വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാലിന് അയച്ച കത്തില്‍ ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
1857 മുതല്‍ 1947 വരെ സ്വാതന്ത്ര്യസമരത്തില്‍ പ്രധാന പങ്ക് വഹിച്ചവരുടെ നിഘണ്ടുവാണ് സാംസ്‌കാരിക മന്ത്രാലയം പ്രസിദ്ധീകരിച്ചിരുന്നത്. മലബാര്‍ കലാപത്തിലെ പോരാളികളുടെ പേര് ഉള്‍പ്പെടുത്തിയതിനെതിരെ കേരളത്തിലെ ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വം രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരുടേതടക്കം ദക്ഷിണേന്ത്യക്കാരുടെ വിവരങ്ങളടങ്ങിയ ഭാഗം മന്ത്രാലയം വെബ് സൈറ്റില്‍നിന്ന് നീക്കിയത്.
നേരത്തെ കേരളത്തിലെ എം.പിമാരുടെ യോഗത്തില്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ വിഷയം കുറച്ചുകൂടി പഠിച്ചശേഷം പ്രതികരിച്ചാല്‍ പോരെയെന്നായിരുന്നു കോണ്‍ഗ്രസ് എം.പി ബെന്നി ബെഹനാന്റെ പരാമര്‍ശം. അതേസമയം വാഗണ്‍ ട്രാജഡിയെക്കുറിച്ച് ഇനി എന്താണ് പഠിക്കാനുള്ളതെന്നും അത് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലേയെന്നുമായിരുന്നു ബിനോയ് വിശ്വത്തിന്റെ മറുപടി.
വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്‌ലിയാരും സ്വാതന്ത്രസമരസേനാനികളല്ലേയെന്നും ബിനോയ് വിശ്വം ചോദിച്ചു. എന്നാല്‍ അക്കാര്യത്തില്‍ തര്‍ക്കമില്ലെന്നും അങ്ങനെയല്ല താന്‍ പറഞ്ഞതെന്നും ബെന്നി ബെഹനാന്‍ വിശദീകരിച്ചു.
മുസ്‌ലിം ലീഗ് എം.പിയായ ഇ.ടി മുഹമ്മദ് ബഷീറും തന്റെ നിലപാടിനെ പിന്തുണച്ചതോടെ സംസ്ഥാനത്തിന്റെ എതിര്‍പ്പ് അറിയിക്കാമെന്ന് മുഖ്യമന്ത്രി അറിയിക്കുകയായിരുന്നുവെന്ന് ബിനോയ് വിശ്വം ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക