കോഴിക്കോട്: കായല്‍ കൈയേറ്റ വിഷയത്തിലെ കോടതി പരാമര്‍ശത്തില്‍ തോമസ് ചാണ്ടിയെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ ദേശീയ നേതാവും മുന്‍ മന്ത്രിയുമായ ബിനോയ് വിശ്വം രംഗത്ത്. നാണവും മാനവും ഉണ്ടെങ്കില്‍ തോമസ് ചാണ്ടി രാജിവെക്കണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സി.പി.ഐ നേതാവിന്റെ പരസ്യ പ്രതികരണം.
മന്ത്രിമാര്‍ പാര്‍ട്ടിയെ നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്നും തോമസ് ചാണ്ടി ചെയ്തത് തെറ്റാണെന്നും അദ്ദേഹത്തിനുണ്ടായ വീഴ്ചകളാണ് ഈ സാഹചര്യം സൃഷ്ടിച്ചതെന്നും സി.പി.ഐയ്ക്ക് പറയാനുള്ളത് ഒരു മടിയും കൂടാതെ മുന്നണി യോഗത്തില്‍ പറഞ്ഞിട്ടുണ്ടെന്നും മാധ്യമങ്ങളോട് പ്രതികരിക്കവേ കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു.
അതേസമയം എ.കെ.ജി സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കൂടിക്കാഴ്ച നടത്തുകയാണ്. സെക്രട്ടറിയും മുഖ്യമന്ത്രിയും മന്ത്രിസഭാ യോഗങ്ങള്‍ക്ക് മുന്നേ കൂടിക്കാഴ്ച്ച നടത്താറുണ്ടെങ്കിലും ചാണ്ടിയുടെ കായല്‍ കയ്യേറ്റ വിഷയത്തില്‍ കോടതി പരാമര്‍ശം വന്ന സാഹചര്യത്തില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് രാഷ്ട്രീയ പ്രാധന്യം ഏറെയാണ്. തോമസ് ചാണ്ടിയും ഇന്ന രാത്രി തിരുവനന്തപുരത്തെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Dont Miss: റെയ്‌നയില്ല; ചെന്നൈ സൂപ്പര്‍കിങ്‌സ് നിലനിര്‍ത്തുന്നത് ഈ മൂന്നു താരങ്ങളെ
എന്നാല്‍ തോമസ് ചാണ്ടിയുടെ രാജി ദേശീയനേതൃത്വം തീരുമാനിക്കുമെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. തോമസ് ചാണ്ടി അപരാധിയാണെന്ന് കോടതി പറഞ്ഞിട്ടില്ല രാജി തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും മുഖ്യമന്ത്രി പറഞ്ഞാല്‍ രാജിവെക്കുമെന്നും പീതാംബരന്‍ മാസ്റ്റര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
രാജിക്കാര്യത്തില്‍ സംസ്ഥാന നേതൃയോഗത്തിലുണ്ടായ പൊതുതീരുമാനം കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്ന് പറഞ്ഞ പീതാംബരന്‍ മാസ്റ്റര്‍ എന്നാല്‍ പൊതുവികാരമെന്താണെന്ന് വ്യക്തമാക്കാന്‍ തയാറായതുമില്ല. മന്ത്രിക്കെതിരെ കോടതി വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ല. പാര്‍ട്ടി മന്ത്രിക്കൊപ്പമാണെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ രാജി ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.