| Sunday, 4th July 2021, 11:14 am

ലക്ഷദ്വീപിന് സംസ്ഥാന പദവി നല്‍കണം: ബിനോയ് വിശ്വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലക്ഷദ്വീപിന് സംസ്ഥാന പദവി കൊടുക്കണം എന്ന ആവശ്യം ശക്തിപ്പെടുക തന്നെ ചെയ്യുമെന്ന് എം.പി ബിനോയ് വിശ്വം. തെരഞ്ഞെടുക്കപ്പെട്ട നിയമസഭയും അതിന്റെ ഭരണഘടനാസ്ഥാപനങ്ങളും ദ്വീപില്‍ ഉണ്ടാകണമെന്ന് ബിനോയ് വിശ്വം ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘ബി.ജെ.പിയുടെ നയമാണ് അവിടെ നടപ്പാക്കുന്നത്. ബീഫ് നിരോധനവും തലതിരിഞ്ഞ ടൂറിസം വികസനവും വീട് പൊളിച്ചുമാറ്റലും കൂട്ടപിരിച്ചുവിടലും രണ്ട് മക്കളില്‍ കൂടുതല്‍ പാടില്ലെന്ന ക്യാംപെയ്‌നുമെല്ലാം അതാണ് സൂചിപ്പിക്കുന്നത്. യു.പിയില്‍ അതാണല്ലോ നടപ്പാക്കാന്‍ ശ്രമിക്കുന്നത്,’ ബിനോയ് വിശ്വം പറഞ്ഞു.

രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവാദമില്ല എന്നൊക്കെ പറയുന്നത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണ്. അഡ്മിനിസ്‌ട്രേറ്റര്‍ ഇന്ത്യയെ സാമ്രാജ്യമായും ലക്ഷദ്വീപിനെ അതിന്റെ കോളനിയായിട്ടുമാണ് കാണുന്നത്.

‘ലക്ഷദ്വീപ് ഇന്ത്യയുടെ തന്നെ ഭാഗമാണ്. ഇന്ത്യന്‍ ഭരണഘടന ബാധകമായ പ്രദേശമാണ്. അതല്ലാതെ ഏതോ ഒരു സാമ്രാജ്യത്തിന്റെഔട്ട്‌പോസ്റ്റാണ് ലക്ഷദ്വീപെന്നും ആ സാമ്രാജ്യാധിപന്റെ കല്‍പ്പനയ്‌ക്കൊത്താണ് അവിടെയുള്ളവര്‍ ജീവിക്കേണ്ടത് എന്ന തരത്തിലുമാണ് അഡ്മിനിസ്‌ട്രേഷന്റെ ഭരണം,’ അദ്ദേഹം പറഞ്ഞു.

ഇതെല്ലാം കൊണ്ട് കൂടിയാണ് ലക്ഷദ്വീപിന് നിയമസഭ ഉള്ള ഒരു സംസ്ഥാന പദവി വേണമെന്ന ആവശ്യം പ്രസക്തമാകുന്നത്. അഡ്മിനിസ്‌ട്രേറ്ററുടെ ഓരോ പ്രവര്‍ത്തിയും മനസിലാക്കുന്നത് ലക്ഷദ്വീപിനെ പോലുള്ള കേന്ദ്രഭരണപ്രദേശങ്ങളെ പഴയ സാമ്രാജ്യത്വത്തിന് കീഴിലുള്ള ഒരു കോളനിയായി കാണുന്ന രാഷ്ട്രീയവും മനശാസ്ത്രവും ആണ് അവര്‍ക്കുള്ളത് എന്നാണെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യന്‍ ഭരണഘടനയുടെ മൗലികപ്രമാണങ്ങള്‍ അവര്‍ക്കറിയില്ല. ഒരു പാര്‍ലമെന്റംഗത്തിന്റെ അവകാശങ്ങളെപ്പറ്റി അറിയില്ല. ജനങ്ങളുടെ താലപ്പര്യത്തെപ്പറ്റി ഒന്നുമറിയില്ല. ഓലമടല്‍ വീണാല്‍ പോലും അത് കേസാക്കുന്ന ഭ്രാന്ത് പിടിച്ച ഒരു ഭരണകൂടമാണത്,’ ബിനോയ് വിശ്വം പറഞ്ഞു.

ലക്ഷദ്വീപിലേക്ക് പോകുന്നതിന് സ്വഭാവസര്‍ട്ടിഫിക്കറ്റ് വേണമെന്ന വാര്‍ത്തയോടും അദ്ദേഹം പ്രതികരിച്ചു. തനിക്ക് അത്തരമൊരു മറുപടി രേഖമൂലം വന്നിട്ടില്ലെന്നും അങ്ങനെ ഒരു നിലപാട് അവര്‍ക്കുണ്ടെങ്കില്‍ അത് പാര്‍ലമെന്റ് അംഗങ്ങളുടെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ലക്ഷദ്വീപിലേക്ക് പോകാന്‍ അനുമതി തേടി തുടക്കം മുതല്‍ ഞാന്‍ കത്തയയ്ക്കുന്നുണ്ട്. എനിക്കവര്‍ മറുപടി അയച്ചിട്ടുമുണ്ട്. കൊവിഡ് ശാന്തമാകട്ടെ അതിന് ശേഷം നിങ്ങളെ അതിഥികളായി സ്വാഗതം ചെയ്യാമെന്നാണ് പറഞ്ഞിട്ടുള്ളത്,’ അദ്ദേഹം പറഞ്ഞു.

സ്വഭാവസര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന് പറഞ്ഞുള്ള കത്തുണ്ടെങ്കില്‍ അത് ഭയങ്കര മണ്ടത്തരമല്ലേയെന്നും അദ്ദേഹം ചോദിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Binoy Viswam Demand Statehood for Lakshadweep

We use cookies to give you the best possible experience. Learn more