പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം; ബിനോയ് വിശ്വം മംഗളൂരുവില്‍ കസ്റ്റഡിയില്‍
CAA Protest
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം; ബിനോയ് വിശ്വം മംഗളൂരുവില്‍ കസ്റ്റഡിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st December 2019, 12:00 pm

ന്യൂദല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കുചേരാന്‍ മംഗളൂരുവിലേക്ക് യാത്ര തിരിച്ച സി.പി.ഐ നേതാവ് ബിനോയ് വിശ്വം കസ്റ്റഡിയില്‍. കര്‍ഫ്യൂ ലംഘിച്ചതിനാണ് ബിനോയ് വിശ്വത്തെ കസ്റ്റഡിയിലെടുത്തത്.

ട്രെയിന്‍ മാര്‍ഗമാണ് ബിനോയ് വിശ്വവും സി.പി.ഐ നേതാക്കളും മംഗളൂരുവിലേക്ക് പോയത്. മംഗളൂരുവില്‍ എത്തിയ ശേഷമായിരുന്നു പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയിലെടുത്ത ശേഷം അദ്ദേഹത്തെ വിട്ടയച്ചു.

മംഗളൂരുവിലേക്ക് തിരിക്കുകയാണെന്നും സമാധാനപരമായി കര്‍ഫ്യൂ ലംഘിക്കാനാണ് തീരുമാനമെന്നും ഇന്നലെ ബിനോയ് വിശ്വം പറഞ്ഞിരുന്നു. ഇന്ത്യ എല്ലാവരുടേയുമാണെന്നും പൗരത്വഭേദഗതി നിയമം നടപ്പിലാക്കി ഹിന്ദുത്വ രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകരെ പൊലീസ്കസ്റ്റഡിയിലെടുക്കുകയും ഏഴ് മണിക്കൂര്‍ തടവില്‍ വെച്ച ശേഷം കേരള സര്‍ക്കാരിന്റെ ഇടപെടലിന് പിന്നാലെ വിട്ടയക്കുകയുമായിരുന്നു.

മംഗളൂരുവിലെ സാഹചര്യങ്ങള്‍ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ തടയുന്നതിന്റെ ഭാഗമായിട്ടായിരുന്നു മാധ്യമപ്രവര്‍ത്തകരെ ഇന്നലെ തടഞ്ഞത്.

കവിഞ്ഞ ദിവസത്തെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രതിഷേധങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ടെന്ന സൂചനയെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് മംഗളൂരുവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 48 മണിക്കൂര്‍ നേരത്തേക്കാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ട് പേരുടെ സംസ്‌ക്കാരം ഇന്നലെ നടന്നിരുന്നു. വെടിയേറ്റ് ചികിത്സയില്‍ കഴിയുന്ന ആളുടെ നില ഗുരുതരമായി തുടരുകയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ