തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല ബിനോയ് വിശ്വത്തിന്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചതിനെ തുടർന്നാണ് തീരുമാനം.
സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജയുടെ അധ്യക്ഷതയിൽ ചേർന്ന പാർട്ടി എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. ഏകകണ്ഠമായാണ് കേന്ദ്ര സെക്രട്ടറിയേറ്റ് അംഗമായ ബിനോയ് വിശ്വത്തെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തതെന്ന് ഡി. രാജ അറിയിച്ചു. കേന്ദ്ര സെക്രട്ടറിയേറ്റിലേക്ക് കേരളത്തിൽനിന്നുള്ള രണ്ടാമത്തെ അംഗമാണ് ബിനോയ് വിശ്വം.
ഡിസംബർ 28ന് നടക്കുന്ന സംസ്ഥാന കൗൺസിലിൽ എക്സിക്യൂട്ടീവ് തീരുമാനത്തിന് അന്തിമ തീരുമാനം നൽകുമെന്നും ഡി. രാജ അറിയിച്ചു. നിലവിൽ രാജ്യസഭാ എം.പിയായ ബിനോയ് വിശ്വത്തിന്റെ കാലാവധി ആറുമാസത്തിനകം പൂർത്തിയാകും.
ചികിത്സയ്ക്കായി അവധിയെടുക്കുന്ന ഘട്ടത്തിൽ ബിനോയ് വിശ്വത്തിന് താത്കാലിക ചുമതല കൈമാറാൻ കാനം നിർദേശിച്ചിരുന്നു. 16, 17 തീയതികളിൽ ചേരുന്ന ദേശീയ നിർവാഹകസമിതി യോഗം ഇക്കാര്യം ചർച്ച ചെയ്യാനിരിക്കെയായിരുന്നു കാനത്തിന്റെ മരണം.
Content Highlight: Binoy Viswam CPI State Secretary