സുപ്രീം കോടതിയെ എത്രകണ്ട് വിശ്വസിക്കും, അവസാനം കര്‍ഷകരോട് പറയുന്നത് മറ്റൊന്നാണെങ്കില്‍?; ആശങ്കയുണ്ടെന്ന് ബിനോയ് വിശ്വം
national news
സുപ്രീം കോടതിയെ എത്രകണ്ട് വിശ്വസിക്കും, അവസാനം കര്‍ഷകരോട് പറയുന്നത് മറ്റൊന്നാണെങ്കില്‍?; ആശങ്കയുണ്ടെന്ന് ബിനോയ് വിശ്വം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th January 2021, 5:38 pm

ന്യൂദല്‍ഹി: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമം നടപ്പാക്കരുതെന്ന സുപ്രീം കോടതി നിര്‍ദേശം എത്രത്തോളം വിശ്വസിക്കാന്‍ പറ്റുമെന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് ബിനോയ് വിശ്വം എം.പി. നിയമത്തില്‍ വിധി പറയുന്ന ദിവസം സുപ്രീം കോടതി കര്‍ഷകരോട് സമരത്തില്‍ നിന്ന് പിന്മാറാന്‍ പറയുമോ എന്നതും കാത്തിരുന്ന് കാണേണ്ടതാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

‘ സുപ്രീം കോടതി ഇപ്പോള്‍ പറഞ്ഞ വിധിയില്‍ ഒരു നല്ല വശമുണ്ട്. പലപ്പോഴും ഒളിഞ്ഞും തെളിഞ്ഞും കേന്ദ്രത്തിനൊപ്പം നില്‍ക്കുന്ന കോടതിയ്ക്ക് പോലും സര്‍ക്കാരിനെ അനുകൂലിക്കാന്‍ കഴിയാത്ത അവസ്ഥ വന്നിരിക്കുകയാണ്. എന്നാല്‍ വിഷയത്തിന്റെ നിര്‍ണായക വിധി വരുന്ന ദിവസം സുപ്രീംകോടതി എന്തു ചെയ്യും എന്നതില്‍ ആശങ്കയുണ്ട്,’ ബിനോയ് വിശ്വം പറഞ്ഞു.

കര്‍ഷകരോട് സമര രംഗത്ത് നിന്ന് പിന്മാറാന്‍ പറയുമോ? ഒളിച്ചു കളിക്കുമോ? ചാഞ്ചാടുമോ ? എന്ന ചോദ്യങ്ങളൊക്കെ നിര്‍ണായകമാണ്. സുപ്രീം കോടതി പൂര്‍ണമായും ശരിയല്ലെന്ന് പറയാന്‍ കഴിയില്ല. പൂര്‍വകാല പ്രവര്‍ത്തനം പഠിക്കുന്നവര്‍ക്കറിയാം സുപ്രീം കോടതി എക്‌സിക്യുട്ടീവിന്റെ കളിപ്പാവയായി മാറിയെന്നത്. അതുകൊണ്ടാണ് ഈ ആശങ്കയെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഇതേ ആശങ്ക സമര രംഗത്തെ ചില കര്‍ഷകരും മുന്നോട്ട് വെച്ചിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.

പൊതു വികാരം കര്‍ഷകരുടെ കൂടെയാണ്. കര്‍ഷകര്‍ കൊള്ളക്കാരുടെ ഏജന്‍സിയാണെന്നും തീവ്രവാദികളാണെന്നും മോദി സര്‍ക്കാര്‍ പറഞ്ഞു. കള്ളക്കാര്‍ക്കും കൊള്ളക്കാര്‍ക്കും കഞ്ഞിവെക്കുന്ന സര്‍ക്കാരിന് ഈ നിര്‍ദേശത്തിന്റെ ഏതെങ്കിലുമൊരു അംശം സഹായിക്കുമെങ്കില്‍ സന്തോഷമുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.

കാര്‍ഷിക നിയമത്തില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. കര്‍ഷകരുടെ രക്തം കയ്യില്‍ പുരളാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് കോടതി കേന്ദ്രസര്‍ക്കാരിനോട് വ്യക്തമാക്കി. രക്തച്ചൊരിച്ചല്‍ ഒഴിവാക്കാന്‍ ഉത്തരവാദിത്തമുണ്ടെന്നും കോടതി പറഞ്ഞു. ഇന്ത്യയിലെ സുപ്രീംകോടതിയായ തങ്ങള്‍ക്ക് വിഷയത്തില്‍ തീരുമാനമെടുക്കാന്‍ അറിയാമെന്നന്നും കോടതി പറഞ്ഞു.

പല സംസ്ഥാനങ്ങളും കാര്‍ഷിക നിയമത്തിനെതിരെ രംഗത്തുവന്നതും കോടതി ചൂണ്ടിക്കാട്ടി. പല സംസ്ഥാനങ്ങളും എതിര്‍ക്കുന്ന ഭേഗദതിയില്‍ എന്ത് കൂടിയാലോചന നടന്നുവെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.

സമരം തുടരാന്‍ കര്‍ഷകര്‍ക്ക് അവകാശമുണ്ടെന്നു തന്നെയാണ് കോടതി പറഞ്ഞത്. സുപ്രീംകോടതി ഇടപെട്ട് സമരം അവസാനിപ്പിച്ചെന്ന് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ഇപ്പോഴത്തെ സമരവേദി മാറ്റാന്‍ നിങ്ങള്‍ക്ക് കഴിയില്ലേയെന്ന് കോടതി കര്‍ഷകരോട് ചോദിച്ചു.

നിയമത്തിനെതിരെ കര്‍ഷകര്‍ ഒരു മാസത്തിലേറെയായി സമരത്തിലാണ്. കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ വെള്ളിയാഴ്ചയാണ് അടുത്ത ഘട്ട ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ഏഴുവട്ടം ചേര്‍ന്ന ചര്‍ച്ചകളും പരാജയമായിരുന്നു.

കേന്ദ്രം കര്‍ഷകരുമായി നടത്തിയ അവസാന ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമറിന്റെ നേതൃത്വത്തിലായിരുന്നു കര്‍ഷകരുമായി ഏഴാംഘട്ട ചര്‍ച്ച നടന്നത്. കേന്ദ്രവും കര്‍ഷക സംഘടനകളും തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് ഏഴാംഘട്ട ചര്‍ച്ചയും പരാജയപ്പെട്ടത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Binoy Viswam claims his concerns about supreme court’s verdict