'ഇടതുപക്ഷ സര്‍ക്കാരിനു ദുഷ്‌പേരുണ്ടാക്കാന്‍ അവര്‍ക്കു പ്രത്യേക മാനുവലുണ്ടോ'? മാവോയിസ്റ്റ് വേട്ടയില്‍ പൊലീസിനെ വിമര്‍ശിച്ച് ബിനോയ് വിശ്വം
Kerala News
'ഇടതുപക്ഷ സര്‍ക്കാരിനു ദുഷ്‌പേരുണ്ടാക്കാന്‍ അവര്‍ക്കു പ്രത്യേക മാനുവലുണ്ടോ'? മാവോയിസ്റ്റ് വേട്ടയില്‍ പൊലീസിനെ വിമര്‍ശിച്ച് ബിനോയ് വിശ്വം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th October 2019, 7:45 am

പാലക്കാട്: അഗളിമലയില്‍ മൂന്ന് മാവോയിസ്റ്റുകളെ തണ്ടര്‍ബോള്‍ട്ട് സേന വെടിവെച്ചു കൊന്ന സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം. മാവോയിസ്റ്റ് രാഷ്ട്രീയത്തോട് സി.പി.ഐ യോജിക്കുന്നില്ലെന്നും എന്നാല്‍ സാമൂഹിക സാഹചര്യങ്ങള്‍ കണക്കിലെടുക്കാതെ വെടിയുണ്ട കൊണ്ട് അതു പരിഹരിക്കാമെന്ന വലതുപക്ഷ വഴി സി.പി.ഐയും സി.പി.ഐ.എമ്മും അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വഴിതെറ്റിപ്പോയ സഖാക്കളെന്നാണ് ബിനോയ് വിശ്വം മാവോയിസ്റ്റുകളെ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിശേഷിപ്പിച്ചത്.

കേരളാ പൊലീസിലെ ചിലര്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ പൊലീസ് നയത്തിനു കളങ്കം ചാര്‍ത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഇടതുപക്ഷ സര്‍ക്കാരിനു ദുഷ്‌പേരുണ്ടാക്കാന്‍ അവര്‍ക്കു പ്രത്യേക മാനുവലുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്നലെ അഗളിയിലെ ഉള്‍വനത്തില്‍ തണ്ടര്‍ബോള്‍ട്ട്-മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ചിക്കമംഗലൂര്‍ സ്വദേശികളായ ശ്രീമതി, സുരേഷ്, തമിഴ്നാട് സ്വദേശി കാര്‍ത്തി എന്നിവരാണ് മരണപ്പെട്ടത്.

ഏഴു പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നും തണ്ടര്‍ബോള്‍ട്ട് സംഘത്തിനു നേരെ വെടിയുതിര്‍ത്തതിനെത്തുടര്‍ന്ന് അവര്‍ തിരിച്ചാക്രമിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. തണ്ടര്‍ബോള്‍ട്ട് സംഘത്തിലെ ആര്‍ക്കും പരിക്കില്ല.

മഞ്ചക്കണ്ടി ആദിവാസി ഊരിനുസമീപം ഭവാനിദളത്തിലെ മാവോവാദികളുടെ ക്യാമ്പ് നടക്കുന്നെന്ന വിവരത്തെതുടര്‍ന്നാണ് അസി. കമാന്‍ഡന്റ് സോളമന്റെ നേതൃത്വത്തിലുള്ള തണ്ടര്‍ബോള്‍ട്ട് സംഘം തിങ്കളാഴ്ച രാവിലെ ഇവിടെ തെരച്ചില്‍ നടത്തിയത്.

ബിനോയ് വിശ്വത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മാവോയിസ്റ്റ് രാഷ്ട്രീയത്തോട് സി.പി.ഐ യോജിക്കുന്നില്ല. ഞങ്ങള്‍ അവരെ കാണുന്നത് വഴി തെറ്റിപ്പോയ സഖാക്കളായാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മാവോയിസ്റ്റ് രാഷ്ട്രീയത്തിനു കളമൊരുക്കുന്ന സാമൂഹിക സാഹചര്യങ്ങള്‍ കണക്കിലെടുക്കാതെ വെടിയുണ്ട കൊണ്ട് അത് പരിഹരിക്കാമെന്ന വഴി കണ്ടു പിടിച്ചത് കോണ്‍ഗ്രസും ബിജെപിയും ആണ്. സി പി ഐ യും സി പി എമ്മും ആ വലതുപക്ഷ വഴി അംഗീകരിക്കുന്നില്ല.

ഇതൊന്നും മനസിലാകാത്ത കുറേപ്പേര്‍ കേരള പോലീസിലുണ്ട്. അവര്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ പോലീസ് നയത്തിന് കളങ്കം ചാര്‍ത്തുന്നു.

ഇടക്കിടെയുണ്ടാകുന്ന മാവോയിസ്റ്റ് ഏറ്റുമുട്ടലുകളിലെല്ലാം തലയിലേക്കും നെഞ്ചിലേക്കും വെടിയുതിര്‍ക്കുന്ന തണ്ടര്‍ബോള്‍ട്ടിനെ ഇതുമായി ബന്ധപ്പെട്ട നിയമ വ്യവസ്ഥകള്‍ പഠിപ്പിച്ചേ തീരു. മുട്ടിനു താഴെ വെടിവച്ചു കൂടെന്ന് ഏത് മാനുവല്‍ ആണു തണ്ടര്‍ബോള്‍ട്ടിനെ പഠിപ്പിച്ചത്.

ഇടത് പക്ഷ സര്‍ക്കാരിന് ദുഷ്‌പേരുണ്ടാക്കാന്‍ അവര്‍ക്ക് പ്രത്യേക മാനുവല്‍ ഉണ്ടോ? ഇടതു പക്ഷ സര്‍ക്കാരിന്റെ നയം ഉള്‍ക്കൊള്ളാത്ത ഇത്തരക്കാരെ നിലക്കുനിര്‍ത്താന്‍ സ: പിണറായി വിജയന്‍ നയിക്കുന്ന ഗവണ്മെന്റിനു കെല്‍പ്പുണ്ട്.