പാര്‍ലമെന്റില്‍ ബഹളം വെച്ചതിന്റെ പേരില്‍ പ്രതിപക്ഷ എം.പിമാരെ സസ്‌പെന്റ് ചെയ്യിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. എം.പിമാര്‍ മാപ്പ് പറഞ്ഞാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാമെന്നാണ് വെങ്കയ്യ നായിഡുവിന്റെ നിലപാട്. ഈയവസരത്തില്‍ ഡൂള്‍ന്യൂസിനോട് പ്രതികരിക്കുകയാണ് നടപടി നേരിടുന്നവരിലൊരാളായ സി.പി.ഐയുടെ രാജ്യസഭാ എം.പി ബിനോയ് വിശ്വം.
പ്രതിപക്ഷ എം.പിമാരെ സസ്‌പെന്റ് ചെയ്യാന്‍ സര്‍ക്കരാണ് ശുപാര്‍ശ നല്‍കിയത്. മാപ്പ് പറഞ്ഞാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാമെന്നാണ് വെങ്കയ്യ നായിഡു പറയുന്നത്. ഈ സാഹചര്യത്തില്‍ എന്താണ് പ്രതിപക്ഷത്തിന്റെ അടുത്ത നീക്കം?
മാപ്പ് പറയാന്‍ ഞങ്ങള്‍ ചെയ്ത കുറ്റമെന്താണ്? സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട് മാപ്പിന്റെ പ്രശ്‌നം ഉദിക്കുന്നില്ല.
ഞങ്ങള്‍ പാര്‍ലമെന്റില്‍ ജനങ്ങളുടെ പ്രശ്‌നമുന്നയിച്ചു. കൃഷിക്കാരുടെ സങ്കടങ്ങള്‍ പറഞ്ഞു. ഇന്‍ഷുറന്‍സ് ബില്ലിനെ തുറന്നുകാണിച്ചു. ബാങ്ക് എംപ്ലോയിസിന്റെ കാര്യം പറഞ്ഞു. പെഗാസസ് വിഷയം ഉന്നയിച്ചു.
ഇതെല്ലാം ഉന്നയിക്കാന്‍ വേണ്ടിയല്ലേ പാര്‍ലമെന്റ്. അതിന്റെ പേരില്‍ ഒരു മാപ്പപേക്ഷയ്ക്കും ഒരുക്കമല്ല.
ഒന്നുകൂടി പറഞ്ഞേക്കാം, മാപ്പപേക്ഷിക്കാന്‍ ഞങ്ങളാരും സവര്‍ക്കറല്ല. സവര്‍ക്കറുടെ അസ്തിത്വമാണ് മാപ്പപേക്ഷയുടെ ആശയം പ്രചരിപ്പിക്കുന്നത്. ഞങ്ങള്‍ രാഷ്ട്രീയം പഠിച്ചത് സവര്‍ക്കറുടെ സ്‌കൂളില്‍ നിന്നല്ല.
പാര്‍ലമെന്റ് തടസപ്പെടുത്തിയെന്നതാണ് ഉന്നയിക്കുന്ന പ്രധാന കുറ്റം. സഭാ നടപടികളെ തടസപ്പെടുത്തുന്നത് ജനാധിപത്യവിരുദ്ധമാണെന്നാണ് ബി.ജെ.പി പറയുന്നത്?
സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നത് എങ്ങനെയാണ് ജനാധിപത്യവിരുദ്ധമാകുന്നത്. സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടികളെ തുറന്നുകാട്ടുക എന്നതാണ് ജനപ്രതിനിധികളുടെ ധര്‍മം.
പാര്‍ലമെന്റ് തടസപ്പെടുത്തുന്നത് ജനാധിപത്യവിരുദ്ധമല്ലെന്ന് ഇതേ ബി.ജെ.പിക്കാരുടെ നേതാവായ അരുണ്‍ ജെയ്റ്റ്‌ലി 2011 ജനുവരി 30 ന് പറഞ്ഞിട്ടുണ്ട്. അതാണ് ഞങ്ങളിപ്പോള്‍ ഓര്‍ക്കുന്നത്.
സസ്‌പെന്‍ഷന്‍ നടപടി നേരിടുന്നവരിലൊരാളായ എളമരം കരീം എം.പിയുടെ പേര് ഓഗസ്റ്റില്‍ 11 ന് പുറത്തിറക്കിയ പാര്‍ലമെന്റ് ബുള്ളറ്റിനിലുണ്ടായിരുന്നില്ല എന്നൊരു ആക്ഷേപവും ഇപ്പോള്‍ ഉയരുന്നുണ്ടല്ലോ. സെക്രട്ടറി ജനറലിന്റെ ഒപ്പോടുകൂടി പുറത്തിറങ്ങുന്ന ആധികാരികമായ രേഖയില്‍ പേരില്ലാത്ത എളമരം കരീമിനെ എങ്ങനെ പുറത്താക്കും?
അന്നത്തെ ബുള്ളറ്റിനില്‍ കരീമിന്റെ പേരില്ലായിരുന്നു. പക്ഷെ സസ്‌പെന്റ് ചെയ്യാനുള്ള എം.പിമാരുടെ ലിസ്റ്റില്‍ അദ്ദേഹമുണ്ട്. സെക്രട്ടറി ജനറലിന്റെ ഒപ്പോടുകൂടി പുറത്തിറങ്ങുന്ന ബുള്ളിറ്റിനാണ് ആധികാരിക രേഖ.
ആ രേഖയ്ക്കകത്ത് രാഷ്ട്രീയമായ ലക്ഷ്യത്തോട് കൂടി ബി.ജെ.പിയും സര്‍ക്കാരും ഇടപെടുന്നു. പാര്‍ലമെന്ററി ചട്ടങ്ങളോടുള്ള ബി.ജെ.പിയുടേയും സര്‍ക്കാരിന്റേയും അനാദരവിന്റെ ലക്ഷണമാണിത്.
ഏറെ വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന ബില്ല് ചര്‍ച്ച പോലുമില്ലാതെയാണ് പാര്‍ലമെന്റ് പാസാക്കിയത്. ഇത് സഭാചട്ടങ്ങള്‍ക്ക് വിരുദ്ധമല്ലേ?
ഒരു ബില്‍ അവതരിപ്പിച്ചു കഴിഞ്ഞാല്‍ അത് പാര്‍ലമെന്റിന്റേതാണ്. അവിടെ സഭയ്ക്കുള്ള അവകാശം വളരെ വലുതാണ്. പ്രധാനമന്ത്രി പറഞ്ഞ കാര്യമായതുകൊണ്ട് ചര്‍ച്ച വേണ്ടെന്നൊക്കെ വാദിക്കുന്നത് മൂഢത്വമാണ്. ബി.ജെ.പിയ്ക്ക് വേണമെങ്കില്‍ വാദിക്കാം.
പക്ഷെ അത് പാര്‍ലമെന്റിന്റെ നടപടിക്രമമല്ല. കാര്‍ഷിക നിയമം പിന്‍വലിക്കുന്നതിലേക്ക് വന്നാല്‍ അതിന് പിന്നില്‍ ഒരു അപകടം ഒളിഞ്ഞിരിപ്പുണ്ട്.
നിയമം പിന്‍വലിക്കുമ്പോഴും ബി.ജെ.പിയും സര്‍ക്കാരും ആ നിയമങ്ങളെ മുഴുവന്‍ മഹത്വവല്‍ക്കരിക്കുകയാണ്. അതായത് മോദിയുടെ മാപ്പപേക്ഷയും പിന്‍വലിക്കലുമൊന്നും ആത്മാര്‍ത്ഥമല്ല. അതുകൊണ്ട് തക്കം കിട്ടിയാല്‍ ബി.ജെ.പി ഒരുപക്ഷെ ഇതേ ബില്ലുമായിട്ട് വീണ്ടും വന്നേക്കാം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Binoy Viswam interview on Parliament Suspension