സി.പി.ഐ. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് താന്‍ ഇവിടയെത്തിച്ചേര്‍ന്ന് അന്തിമോപചാരം അര്‍പ്പിച്ചതെന്ന് ബിനോയ് വിശ്വം പറഞ്ഞു.
കോഴിക്കോട്: നിലമ്പൂര്‍ വനത്തില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കള്‍ക്ക് സി.പി.ഐ നേതാവ് ബിനോയ് വിശ്വം അന്തിമോപചാരം അര്‍പ്പിച്ചു.കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയാണ് അദ്ദേഹം അന്തിമോപചാരം അര്‍പ്പിച്ചത്.
സി.പി.ഐ. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് താന്‍ ഇവിടയെത്തിച്ചേര്‍ന്ന് അന്തിമോപചാരം അര്‍പ്പിച്ചതെന്ന് ബിനോയ് വിശ്വം പറഞ്ഞു. അതേസമയം തന്നെ പോലീസിനെതിരെ ബിനോയ് വിശ്വം രൂക്ഷവിമര്‍ശനമുയര്‍ത്തി.
മാവോയിസ്റ്റ് പ്രവര്‍ത്തകരുടെ മൃതദേഹ സംസ്‌ക്കരണ വിഷയത്തില്‍ സംഘപരിവാറിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് പോലീസ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വലതുപക്ഷ സര്‍ക്കാര്‍ ഭരിക്കുന്നിടത്തെ പോലീസിനെപ്പോലെയാവരുത് ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലെ പോലീസ് സംവിധാനമെന്നും ബിനോയ് വിശ്വം പറഞ്ഞു.
മാവോയിസ്റ്റുകളുടെ രാഷ്ട്രീയത്തോടു വിയോജിപ്പുണ്ട്. എന്നാല്‍ കമ്യൂണിസ്റ്റ് സഖാക്കളെ വെടിവച്ചുവീഴ്ത്തരുത്. പാര്‍ട്ടി തീരുമാനപ്രകാരമാണ് കുപ്പു ദേവരാജിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയതെന്നും ബിനോയ് വിശ്വം അറിയിച്ചു.
കോഴിക്കോട് മുതലക്കുളം മൈതാനി പൊതുസ്ഥലമായതിനാല്‍ പൊതുദര്‍ശനം അനുവദിക്കാനാവില്ലെന്നായിരുന്നു പോലീസ് നിലപാട്. തുടര്‍ന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പൊറ്റമ്മലിലെ വര്‍ഗീസ് വായനശാലയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കാന്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ അവിടെ സംഘടിച്ചെത്തിയ ബി.ജെ.പി പ്രവര്‍ത്തകരെ ചൂണ്ടിക്കാണിച്ച് പൊറ്റമ്മലിലും പൊതുദര്‍ശനത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്ന് 15 മിനുട്ട് നേരം മോര്‍ച്ചറിയ്ക്ക് മുന്നിലായി പൊതുദര്‍ശനത്തിന് വെക്കുകയായിരുന്നു. അവിടെയെത്തിയാണ് ബിനോയ് വിശ്വം അന്തിമോപചാരം അര്‍പ്പിച്ചത്.
മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കിടയിലും മറ്റും പോലീസ് യുവമോര്‍ച്ചയ്ക്ക് അനുകൂലമായാണ് പ്രവര്‍ത്തിക്കുന്നതെന്ന ആരോപണം ഉയരുന്നതിനിടെയാണ് ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.