| Wednesday, 5th January 2022, 2:37 pm

കോണ്‍ഗ്രസിനെ അനുകൂലിച്ച ബിനോയ് വിശ്വത്തിന്റെ പ്രസ്താവന അപക്വം: സി.പി.ഐ എക്‌സിക്യൂട്ടീവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോണ്‍ഗ്രസ് അനുകൂല പ്രസ്താവന നടത്തിയതില്‍ സി.പി.ഐ നേതാവും രാജ്യസഭാ എം.പിയുമായ ബിനോയ് വിശ്വത്തിന് വിമര്‍ശനം. സി.പി.ഐ എക്‌സിക്യൂട്ടീവിലാണ് വിമര്‍ശനമുണ്ടായത്.

കോണ്‍ഗ്രസിനെ അനുകൂലിച്ച് പ്രസ്താവന നടത്തുമ്പോള്‍ അത് എല്‍.ഡി.എഫിനെ ബാധിക്കുമെന്ന് ആലോചിക്കണമായിരുന്നെന്നും ബിനോയ് വിശ്വത്തിന്റെ പ്രസ്താവന തികച്ചും അപക്വമാണെന്നും എക്‌സിക്യൂട്ടീവില്‍ പറഞ്ഞു.

കോണ്‍ഗ്രസ് തകര്‍ന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടാകുന്ന ശൂന്യത നികത്താന്‍ ഇടത് പക്ഷത്തിന് കഴിയില്ലെന്നായിരുന്നു ബിനോയ് വിശ്വം പറഞ്ഞിരുന്നത്. കോണ്‍ഗ്രസ് തകര്‍ന്നുപോകരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് തകര്‍ന്നുപോകരുത് എന്നാണ് താന്‍ ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസ് തകര്‍ന്നാലുണ്ടാകുന്ന വിടവ് നികത്താനുള്ള കെല്‍പ് ഇടത് പക്ഷത്തിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, ബിനോയ് വിശ്വത്തെ പിന്തുണച്ച് പാര്‍ട്ടി മുഖപത്രമായ ജനയുഗവും രംഗത്തെത്തിയിരുന്നു. മുഖപ്രസംഗത്തിലൂടെയായിരുന്നു ജനയുഗത്തിന്റെ പരസ്യപിന്തുണ.

ബിനോയ് വിശ്വം നടത്തിയ പരാമര്‍ശത്തിന് സമ്മിശ്രമായ പ്രതികരണമാണ് ഉണ്ടായതെന്നും ഇത്തരം പ്രതികരണം തികച്ചും സ്വാഭാവികവും ഇന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ ഗൗരവമായ ചര്‍ച്ചയ്ക്ക് വഴിയൊരുക്കേണ്ടതുമാണെന്നുമായിരുന്നു ജനയുഗം മുഖപ്രസംഗത്തില്‍ പറഞ്ഞിരുന്നത്.

എന്നാല്‍, തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ സമയത്ത് ഇത്തരത്തിലുള്ള പ്രസംഗങ്ങള്‍ നടത്തുന്നത് കോണ്‍ഗ്രസിനെ സഹായിക്കുമെന്നും കോണ്‍ഗ്രസിന് അനുകൂല നിലപാടുകള്‍ പ്രസംഗിക്കുന്നത് ഇടതുപക്ഷ മുന്നേറ്റത്തിന് നല്ലതല്ലെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

സി.പി.എം.എമ്മിനെ സംബന്ധിച്ച് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബി.ജെ.പിയെ തോല്‍പ്പിക്കുക എന്ന കാര്യത്തില്‍ പൂര്‍ണ യോജിപ്പാണുള്ളതെന്നും അക്കാര്യത്തില്‍ ഇന്ത്യയിലിന്ന് പ്രാദേശിക കക്ഷികള്‍ പ്രധാനപ്പെട്ട ഘടകമാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

അതേസമയം, കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തിക്കൊണ്ട് ബി.ജെ.പിയ്ക്കെതിരായ രാഷ്ട്രീയ ബദല്‍ സാധ്യമാവില്ലെന്ന് പറഞ്ഞ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തുവന്നിരുന്നു. ബി.ജെ.പിയെ നേരിടാന്‍ ദേശീയ-തദ്ദേശീയ പാര്‍ട്ടികളുടെ വിപുലമായ സഖ്യം വേണമെന്നും അതില്‍ നിന്നും കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്താനാവില്ലെന്നുമാണ് കാനം പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Binoy Vishwa’s statement in favor of Congress is immature: CPI executive

We use cookies to give you the best possible experience. Learn more