| Tuesday, 25th June 2019, 6:42 pm

ബിനോയിയെ ഉടന്‍ അറസ്റ്റ് ചെയ്യില്ല; യുവതിയുടെ രഹസ്യമൊഴിയെടുക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ യുവതിയുടെ രഹസ്യമൊഴിയെടുക്കുമെന്ന്  മുംബൈ പൊലീസ് . ജാമ്യഹര്‍ജിയില്‍ വിധി വരും വരെ ബിനോയിയെ അറസ്റ്റ് ചെയ്യില്ലെന്നും പൊലീസ് പറഞ്ഞു.

യുവതി നല്‍കിയ പരാതിയില്‍ വിവാഹം ചെയ്തെന്നാണ് പറഞ്ഞതെങ്കില്‍ എഫ്.ഐ.ആറില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് മൊഴി നല്‍കിയത്. മൊഴിയിലുള്ള വൈരുദ്ധ്യത്തെ തുടര്‍ന്നാണ്  മുംബൈ പൊലീസ് രഹസ്യമൊഴിയെടുക്കാന്‍ തീരുമാനിച്ചത്. ഇതിനുള്ള നടപടി ക്രമങ്ങള്‍ പൊലീസ് ആരംഭിച്ചു.

ആരോപണത്തില്‍ നിലപാട് വ്യക്തമാക്കി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു.

ബിനോയ്‌ക്കെതിരായി മുംബൈ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി പരിശോധിച്ച് അതിന്റെ നിജസ്ഥിതി നിയമപരമായി കണ്ടെത്തേണ്ടതാണെന്നും ആരോപണ വിധേയനായ വ്യക്തിയെ സഹായിക്കുന്നതിനോ സംരക്ഷിക്കുന്നതിനോ ഉള്ള ഒരു നടപടിയോ താനോ പാര്‍ട്ടിയോ സ്വീകരിച്ചിട്ടില്ലെന്നും ഇനി സ്വീകരിക്കുകയുമില്ലെന്നും കോടിയേരി പറഞ്ഞിരുന്നു.

ബിനോയ് പ്രായപൂര്‍ത്തിയായവനും പ്രത്യേക കുടുംബവുമായി താമസിക്കുന്നവനുമാണ്. ഇത് സംബന്ധിച്ച് ഉയര്‍ന്നു വന്ന പ്രശ്‌നങ്ങളില്‍ നിരപരാധിത്വം തെളിയിക്കേണ്ടത് കുറ്റാരോപിതനായ വ്യക്തിയുടെ വ്യക്തിപരമായ ഉത്തരവാദിത്തം മാത്രമാണ്.

അക്കാര്യത്തില്‍ ഇടപെടാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. പാര്‍ട്ടി എന്നുള്ള നിലയില്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ കുടുംബാംഗങ്ങള്‍ എന്ന നിലയില്‍ അതിന് കൂട്ടുനില്‍ക്കാന്‍ ഒരിക്കലും സന്നദ്ധമാകില്ല.

കുടുംബാംഗങ്ങള്‍ ചെയ്യുന്ന ഉത്തരവാദിത്തം പാര്‍ട്ടിക്കോ വ്യക്തിപരമായി എനിക്കോ ഏറ്റെടുക്കാന്‍ സാധിക്കില്ല. അതിന്റെ അനന്തരഫലങ്ങള്‍ ബന്ധപ്പെട്ടവര്‍ തന്നെ ഏറ്റെടുക്കണം. അത്തരമൊരു നിലപാടാണ് ഈ പ്രശ്‌നത്തില്‍ ഞാന്‍ സ്വീകരിക്കുന്നത് എന്നായിരുന്നു കോടിയേരിയുടെ പ്രതികരണം.

We use cookies to give you the best possible experience. Learn more