മുംബൈ: മുംബൈ സ്വദേശിനി നല്കിയ ലൈംഗിക ചൂഷണ പരാതിയില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ. മുംബൈ ദിന്ദോഷ സെഷന്‍സ് കോടതിയില്‍ വാദം പൂര്‍ത്തിയായി.
യുവതി കോടതിയില്‍ സമര്‍പ്പിച്ച രേഖകളെ സംബന്ധിച്ച് ബിനോയിയുടെ അഭിഭാഷകന് അശോക് ഗുപ്തയുടെ വാദംകേട്ട ശേഷമാണ് കോടതി മുന്‍കൂര്‍ ജാമ്യത്തില്‍ വിധി പറയുന്നത് നാളത്തേക്ക് മാറ്റിയത്.
ഡി.എന്‍.എ പരിശോധന വേണമെന്ന യുവതിയുടെ അഭിഭാഷകന്റെ ആവശ്യം ബിനോയിയുടെ അഭിഭാഷകന് കോടതിയില്‍ തള്ളിയിരുന്നു. പ്രോസിക്യൂഷന് ഹാജരാക്കിയ വിവാഹരേഖ വ്യാജമാണെന്നും അഭിഭാഷകന് വാദിച്ചു.
തനിക്കെതിരെ യുവതി ഹാജരാക്കിയ രേഖകള്‍ വ്യാജമെന്നാണ് ബിനോയ് കോടിയേരിയുടെ വാദം. വിവാഹം നടന്നുവെന്ന രേഖയിലെ ഒപ്പ് ബിനോയിയുടേതല്ലെന്നും അഭിഭാഷകന് കോടതിയെ അറിയിച്ചു. വിവാഹ തിയ്യതിയില്‍ അവ്യക്തതയുണ്ടെന്നും കുട്ടി ജനിച്ച ശേഷമുള്ള തിയതിയാണ് രേഖയിലുള്ളതെന്നും ബലാല്‍സംഗക്കുറ്റം നിലനില്‍ക്കില്ലെന്നും അഭിഭാഷകന് വാദിച്ചു.
അതേസമയം, കുട്ടിയുടെ അച്ഛന് ബിനോയ് ആണെന്നതിന് തെളിവ് പാസ്പോര്ട്ടാണെന്ന് യുവതി കോടതിയെ അറിയിച്ചു. യുവതിയുടെ പാസ്പോര്‍ട്ടിലും ഭര്‍ത്താവിന്റെ പേര് ബിനോയ് എന്നാണെന്നും യുവതിയുടെ അഭിഭാഷകന് കോടതിയില്‍ അറിയിച്ചു.
ജൂണ്‍ 13 നാണ് ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശി മുംബൈ ഓഷിവാര സ്റ്റേഷനില്‍ പീഡന പരാതി നല്‍കിയത്. ദുബൈയില്‍ ഡാന്‍സ് ബാറില്‍ ജോലി ചെയ്തിരുന്ന യുവതിയാണ് ബിനോയിക്കെതിരെ ലൈംഗിക ചൂഷണ പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്കി വര്‍ഷങ്ങളോളം ലൈംഗിക ചൂഷണം നടത്തിയെന്നും ഈ ബന്ധത്തില്‍ എട്ടുവയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി ആരോപിച്ചിരുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിനോയിക്കെതിരെ ഐ.പി.സി 376, 376(2), 420, 504, 506 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അയച്ച വക്കീല്‍ നോട്ടീസില്‍ ബിനോയ് തന്നെ കല്യാണം കഴിച്ചതാണെന്ന് യുവതി പറഞ്ഞിരുന്നു. എന്നാല്‍ പൊലീസില്‍ നല്കിയ പരാതിയില്‍ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്നാണുള്ളത്.
എന്നാല്‍ തനിക്കെതിരെ യുവതി നല്കിയ പരാതിയില്‍ കഴമ്പില്ലെന്നാണ് ഒളിവില്‍ പോകുന്നതിനു മുമ്പ് ബിനോയ് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞത്. തന്നെ ബ്ലാക്ക്മെയില്‍ ചെയ്യാനുള്ള ശ്രമമാണ് കേസെന്നും ബിനോയ് പറഞ്ഞിരുന്നു. തന്റെ പക്കല്‍നിന്ന് അഞ്ചുകോടി ആവശ്യപ്പെട്ട് കത്തയച്ചതിന് പരാതിക്കാരിയായ യുവതിക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് താന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ബിനോയ് കോടിയേരി പറഞ്ഞിരുന്നു.