| Thursday, 4th July 2019, 8:34 pm

ബിനോയ് കോടിയേരി മുംബൈ പൊലീസിന് മുമ്പാകെ ഹാജരായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ലൈംഗിക ചൂഷണക്കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച ബിനോയ് കോടിയേരി മുംബൈ പൊലീസിന് മുമ്പാകെ ഹാജരായി. മുംബൈ ഒഷിവാര പൊലീസ് സ്‌റ്റേഷനിലെത്തിയ ബിനോയ് കോടതി നിര്‍ദേശിച്ച ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങി.

ജൂലൈ മൂന്നിനാണ് മുംബൈ ദിന്‍ദോഷി അഡീഷണല്‍ സെഷന്‍സ് കോടതി ബിനോയിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഉപാധികളോടെയായിരുന്നു ജാമ്യം. പൊലീസ് ആവശ്യപ്പെട്ടാല്‍ ഡി.എന്‍.എ പരിശോധനയ്ക്ക് തയ്യാറാകണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

യുവതി കോടതിയില്‍ സമര്‍പ്പിച്ച രേഖകളെ സംബന്ധിച്ച് ബിനോയിയുടെ അഭിഭാഷകന്‍ അശോക് ഗുപ്തയുടെ വാദംകേട്ട ശേഷമാണ് കോടതി മുന്‍കൂര്‍ ജാമ്യത്തില്‍ വിധി പറഞ്ഞത്. തെളിവ് നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി ആവശ്യപ്പെട്ടു. ഒരു ആള്‍ജാമ്യവും 25,000 കോടതിയില്‍ കെട്ടിവക്കണം.

ഡി.എന്‍.എ പരിശോധന വേണമെന്ന യുവതിയുടെ അഭിഭാഷകന്റെ ആവശ്യം ബിനോയിയുടെ അഭിഭാഷകന്‍ കോടതിയില്‍ തള്ളിയിരുന്നു. പ്രോസിക്യൂഷന്‍ ഹാജരാക്കിയ വിവാഹരേഖ വ്യാജമാണെന്നും അഭിഭാഷകന്‍ വാദിച്ചു.

തനിക്കെതിരെ യുവതി ഹാജരാക്കിയ രേഖകള്‍ വ്യാജമെന്നാണ് ബിനോയ് കോടിയേരിയുടെ വാദം. വിവാഹം നടന്നുവെന്ന രേഖയിലെ ഒപ്പ് ബിനോയിയുടേതല്ലെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വിവാഹ തിയ്യതിയില്‍ അവ്യക്തതയുണ്ടെന്നും കുട്ടി ജനിച്ച ശേഷമുള്ള തിയതിയാണ് രേഖയിലുള്ളതെന്നും ബലാല്‍സംഗക്കുറ്റം നിലനില്‍ക്കില്ലെന്നും അഭിഭാഷകന്‍ വാദിച്ചിരുന്നു.

അതേസമയം, കുട്ടിയുടെ അച്ഛന്‍ ബിനോയ് ആണെന്നതിന് തെളിവ് പാസ്‌പോര്‍ട്ടാണെന്ന് യുവതി കോടതിയെ അറിയിച്ചിരുന്നു. യുവതിയുടെ പാസ്‌പോര്‍ട്ടിലും ഭര്‍ത്താവിന്റെ പേര് ബിനോയ് എന്നാണെന്നും യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.

ജൂണ്‍ 13നാണ് ഒഷിവാര പൊലീസ് സ്‌റ്റേഷനില്‍ ബിനോയ് കോടിയേരിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി ചൂഷണം ചെയ്തുവെന്നും എട്ടു വയസ്സുള്ള കുട്ടിയുടെ പിതാവ് ബിനോയ് ആണെന്നുമാണ് മുംബൈയില്‍ സ്ഥിരതാമസമാക്കിയ ബിഹാര്‍ സ്വദേശിയായ യുവതിയുടെ പരാതി.

We use cookies to give you the best possible experience. Learn more